പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായി സി. നീന ക്രാപിച്ചിനെ പാപ്പാ നിയമിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായി ക്രൊയേഷ്യയിൽനിന്നുള്ള സി. നീന ബെനെദിക്ത ക്രാപിച്ചിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. 2019 ജൂലൈ മുതൽ ഈ സ്ഥാനം നിർവ്വഹിച്ചിരുന്ന ക്രിസ്ത്യൻ മുറെ-യ്ക്ക് പകരമായാണ് വിൻസെന്റ് ഡി പോൾ ചാരിറ്റി സഹോദരിമാർ എന്ന സമൂഹാംഗമായ സി നീനയെ പരിശുദ്ധ പിതാവ് നിയമിച്ചത്.
ഫെബ്രുവരി 13 വെള്ളിയാഴ്ച സി. നീനയ്ക്ക് പരിശുദ്ധ പിതാവ് സ്വകാര്യകൂടിക്കാഴ്ച അനുവദിച്ചതിന്റെ പിന്നാലെയാണ് പുതിയ നിയമനം സംബന്ധിച്ച വിവരം പരിശുദ്ധ സിംഹാസനത്തിന്റെ ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചത്. 2023 മുതൽ വാർത്താവിനിമയ കാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററിയിൽ സേവനമനുഷ്ഠിച്ചുവരവെയാണ് സി. നീനയെ പുതിയ ഈ ചുമതല പാപ്പാ ഏൽപ്പിച്ചത്.
1989 ജൂൺ 7-ന് റിജേകയിൽ ജനിച്ച സി. നീന, 2015-ൽ റിജേക യുണിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ ബിരുദവും, 2023-ൽ സാഗ്രെബ് യൂണിവേഴ്സിറ്റിയിൽനിന്ന് പബ്ലിക് റിലേഷൻസിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് ചെയ്യുകയാണ് സി. നീന.
ഗാർഹിക പീഡനങ്ങൾക്ക് ഇരകളായ സ്ത്രീകൾക്കും പാർശ്വവത്കരിക്കപ്പെട്ട ആളുകൾക്കും വേണ്ടി നിയമ ഉപദേഷ്ടാവായും പത്രപ്രവർത്തകയായും സേവനമനുഷ്ടിച്ചിട്ടുളള സി. നീന, റിജേക്ക അതിരൂപതയിലെ കാരിത്താസിന്റെ കമ്മ്യൂണിക്കേഷൻസ് മാനേജരായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.
പുതിയ നിയമനവുമായി ബന്ധപ്പെട്ട് സംസാരിച്ച ഡികാസ്റ്ററി പ്രസിഡന്റ് പൗളോ റുഫീനീ, നാളിതുവരെ ക്രിസ്ത്യൻ മുറേ ചെയ്ത സ്തുത്യർഹമായ സേവനങ്ങൾക്ക് നന്ദി പറയുകയും, സി. നീനയ്ക്ക് പുതിയ സ്ഥാനത്ത് എല്ലാ ആശംസകളും നേരുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: