ദൈവഹിതം പിന്തുടരാൻ ക്രൈസ്തവരെയും ഇസ്ലാം മതവിശ്വാസികളെയും ക്ഷണിച്ച് മതാന്തരസംവാദങ്ങൾക്കായുള്ള ഡികാസ്റ്ററി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഇസ്ലം മതവിശ്വാസികൾ നോമ്പാചരിക്കുന്ന റമദാൻ മാസവും, നോമ്പിന് അവസാനം കുറിക്കുന്ന ഈദുൽ ഫിത്റും, ക്രൈസ്തവരുടെ വലിയ നോമ്പും അടുപ്പിച്ച് വരുന്ന ഇക്കാലത്ത്, ഏകദൈവവിശ്വാസികളെന്ന നിലയിൽ ദൈവഹിതം വിശ്വസ്തതാപ്പൂർവ്വം ജീവിക്കാൻ ഇരുമതവിശ്വാസികളെയും ആഹ്വാനം ചെയ്‌ത് മതാന്തരസംവാദങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ജോർജ്ജ് ജേക്കബ് കൂവക്കാട്. ഇസ്ളാം മതവിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട്, ഫെബ്രുവരി 17-ന് ഡികാസ്റ്ററി സെക്രെട്ടറി മോൺ. ഇന്ദുനീൽ കോടിത്തുവാക്കു കൂടി ഒപ്പിട്ട്, ഫെബ്രുവരി 20-ന് പുറത്തുവിട്ട ഒരു സന്ദേശത്തിലാണ് ഇത്തരമൊരു ആഹ്വാനം കർദ്ദിനാൾ കൂവക്കാട് നടത്തിയത്.
നോമ്പിന്റെയും പ്രാർത്ഥനയുടെയും കാലമായ റമദാന്റെ പശ്ചാത്തലത്തിൽ നൽകിയ തന്റെ സന്ദേശത്തിലൂടെ ഇസ്ളാം മതവിശ്വാസികൾക്ക് തന്റെ സാമീപ്യവും ഐക്യദാർഢ്യവും ആദരവും അറിയിച്ച ഡികാസ്റ്ററി അദ്ധ്യക്ഷൻ, നമ്മുടെ ആന്തരികമായ ദൗർബല്യങ്ങളെയും, ഹൃദയങ്ങളെ ഭാരപ്പെടുത്തുന്ന പരീക്ഷണങ്ങളെയും നേരിടാനുള്ള ഒരു സമയമാണിതെന്ന് ഓർമ്മിപ്പിച്ചു.
നമ്മുടെ കഴിവിനെയും ശക്തിയെയും അതിജീവിക്കുന്ന ജീവിതപ്രശ്നങ്ങളുടെ മുന്നിൽ അനുഭവപ്പെടുന്ന മാനുഷികമായ നിസ്സഹായത മൂലമാണ് പലപ്പോഴും നിരാശയിലേക്കും അക്രമപ്രവർത്തനങ്ങളിലേക്കും നാം വീഴുന്നതെന്ന് കർദ്ദിനാൾ കൂവക്കാട് എഴുതി. മുറിവേറ്റ ഒരു ലോകത്തിന് മുന്നിൽ നിരാശ ഒരു മറുപടിയായും, അക്രമം നീതിയിലേക്കുള്ള കുറുക്കുവഴിയായും തോന്നിയേക്കാം. എന്നാൽ വിശ്വാസികൾ എന്ന നിലയിൽ ഈ രണ്ടു മാർഗ്ഗങ്ങളും നമുക്ക് അംഗീകരിക്കാനാകാത്തവയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സർവ്വശക്തനും കാരുണ്യവാനും നീതിമാനുമായ ദൈവത്തിലേക്ക് കണ്ണുകൾ നട്ടാണ് വിശ്വാസികൾ മുന്നേറേണ്ടതും, ആ ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ചാണ് ജീവിക്കേണ്ടതുമെന്നും, അവനിൽ മാത്രമാണ് വരാനിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള പ്രത്യാശയും, മനുഷ്യഹൃദയം ആഗ്രഹിക്കുന്ന സമാധാനവും നമുക്ക് കണ്ടെത്താനാകുകയെന്നും കർദ്ദിനാൾ ഓർമ്മിപ്പിച്ചു.
ജീവിതനവീകരണത്തിനായാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് എഴുതിയ ഡികാസ്റ്ററി അദ്ധ്യക്ഷൻ, ഇത് സാധ്യമാകുക പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും കാരുണ്യപ്രവർത്തികളിലൂടെയുമാണെന്ന് അഭിപ്രായപ്പെട്ടു. നീതിക്കും സമത്വത്തിനും മനുഷ്യാന്തസ്സിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ദാഹത്താൽ ശരീരത്തിലും മനസ്സിലും വേദനയനുഭവിക്കുന്ന ഏവർക്കും തന്റെ ആത്മീയസാമീപ്യം ഉറപ്പുനൽകിയ കർദ്ദിനാൾ കൂവക്കാട്, കത്തോലിക്കാസഭയും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ടെന്ന് എഴുതി.
ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ പരാമർശിച്ചുകൊണ്ട്, ഹൃദയത്തിന്റെയും മനസ്സിന്റെയും ജീവിതത്തിന്റെയും നിരായുധീകരണത്തിൽനിന്ന് ജനിക്കുന്ന സമാധാനവും, സർവ്വശക്തനായ ദൈവം ഏവരെയും തന്റെ കരുണ നിറഞ്ഞ സ്നേഹത്താലും ദൈവികമായ ആശ്വാസത്താലും നിറയ്ക്കട്ടെയെന്ന പ്രാർത്ഥനയും നേർന്നുകൊണ്ടാണ് ഡികാസ്റ്ററി അധ്യക്ഷൻ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: