പാപ്പായും മറ്റു അംഗങ്ങളും ധ്യാനത്തിൽ പങ്കെടുക്കുന്നു പാപ്പായും മറ്റു അംഗങ്ങളും ധ്യാനത്തിൽ പങ്കെടുക്കുന്നു   (@Vatican Media)

സമൂഹത്തിന്റെ പരിവർത്തനത്തിനു ക്രൈസ്തവ സമാധാനം ഏറെ ആവശ്യമാണ്: റോമൻ കൂരിയയുടെ ധ്യാനം ആരംഭിച്ചു

വത്തിക്കാനിലെ വിശുദ്ധ പൗലോസിന്റെ കപ്പേളയിൽ വച്ച്, ഫെബ്രുവരി മാസം ഇരുപത്തിരണ്ടു മുതൽ, റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു. ട്രാപ്പിസ്റ്റ് സഭയിലെ മെത്രാനായ എറിക് വാർഡനാണ് ധ്യാനപ്രസംഗകൻ.

വത്തിക്കാൻ ന്യൂസ്

റോമൻ കൂരിയയുടെ നോമ്പുകാല ധ്യാനം വത്തിക്കാനിലെ വിശുദ്ധ പൗലോസിന്റെ കപ്പേളയിൽ വച്ച്, ഫെബ്രുവരി 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ചു. റോമിൽ താമസിക്കുന്ന കർദ്ദിനാൾമാർ, ഡിക്കാസ്റ്ററികളുടെ തലവൻമാർ എന്നിവരാണ് പാപ്പയോടൊപ്പം ധ്യാനത്തിൽ പങ്കെടുക്കുന്നത്. ട്രാപ്പിസ്റ്റ് സഭയിലെ മെത്രാനായ എറിക് വാർഡനാണ് ധ്യാനപ്രസംഗകൻ.

തന്റെ ആദ്യ ധ്യാന ചിന്തയിൽ, ക്രിസ്തീയ സമാധാനം എളുപ്പമുള്ള ജീവിതത്തിന്റെ വാഗ്ദാനമല്ല; മറിച്ച്  സമൂഹത്തിന്റെ പരിവർത്തനത്തിനുള്ള  വ്യവസ്ഥയാണെന്നു മോൺസിഞ്ഞോർ എറിക് എടുത്തു പറഞ്ഞു. യഥാർത്ഥ സമാധാനം ലോകത്തിനു നൽകുവാൻ സാധിക്കില്ലെന്നും, ക്രിസ്തീയ സമാധാനത്തിന്റെ മൗലികത, നീതിനിഷ്ഠവും ധീരവുമായ സ്വയംദാനത്തിൽ വേരൂന്നിയതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ക്രിസ്തുവിന്റെ മാതൃകയോടും കല്പനകളോടും വിശ്വസ്തത പുലർത്തുന്നത് ക്രിസ്തീയ ആധികാരികതയുടെ മുഖമുദ്രയാണെന്നു എടുത്തു പറഞ്ഞ അദ്ദേഹം, നോമ്പുകാലം, യഥാർത്ഥ ആത്മീയ പോരാട്ടത്തിന്റെ സമയമാണെന്നും, ദുഷ്പ്രവൃത്തികൾക്കും ദോഷകരമായ വികാരങ്ങൾക്കും എതിരെ പോരാടാനുള്ള തീരുമാനങ്ങളിൽ, നമ്മുടെ ഭാഷ അതെ അതെ എന്നും, അല്ല അല്ല എന്നും ആയിരിക്കണമെന്നും ഉദ്‌ബോധിപ്പിച്ചു.

തൊണ്ണൂറാമത് സങ്കീർത്തനത്തിന്റെ ആത്മീയ വിശകലനവും മോൺസിഞ്ഞോർ എറിക് നൽകി. സ്നേഹവും വ്യക്തതയും നിറഞ്ഞ ഒരു ശിഷ്യത്വത്തിലേക്ക് പൂർണ്ണമായ ആവേശത്തോടെ, സ്വയം സമർപ്പണത്തോടെ മുന്നേറുവാനും അദ്ദേഹം ഏവരെയും ക്ഷണിച്ചു. ഫെബ്രുവരി മാസം ഇരുപത്തിയേഴാം തീയതിയാണ് ധ്യാനം അവസാനിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഫെബ്രുവരി 2026, 13:48