സ്ഥാപനത്തിന്റെ തൊണ്ണൂറ്റിയഞ്ചാം വാർഷികത്തിൽ വത്തിക്കാൻ റേഡിയോ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പ്രത്യാശയുടെയും ഒരുമയുടെയും ക്രൈസ്തവസന്ദേശം പരത്തി തൊണ്ണൂറ്റിയഞ്ചു വർഷങ്ങൾ പൂർത്തിയാക്കി വത്തിക്കാൻ റേഡിയോ. പതിനൊന്നാം പിയൂസ് പാപ്പാ ആവശ്യപ്പെട്ടതനുസരിച്ച് ജ്യുലിയേൽമോ മർക്കോണി 1931 ഫെബ്രുവരി 12-ന് സ്ഥാപിച്ച വത്തിക്കാൻ റേഡിയോ 2026 ഫെബ്രുവരി 12-ന് അതിന്റെ തൊണ്ണൂറ്റിയഞ്ചാം സ്ഥാപനവർഷികം ആഘോഷിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന സംഭവങ്ങളെ, സഭയുടെ സാമൂഹ്യതത്വങ്ങളുടെ കണ്ണുകളിലൂടെ നോക്കിക്കാണുകയും, സമൂഹത്തിൽ ഐക്യം പ്രോത്സാഹിപ്പിക്കാനും, സത്യത്തിന് ശുശ്രൂഷ ചെയ്യാനും വേണ്ടി, ആയുധരഹിതവും, നിരായുധീകരിക്കുന്നതുമായ ഒരു ആശയവിനിമയശൈലി മുന്നോട്ടുവച്ചാണ് നാളിതുവരെ വത്തിക്കാൻ റേഡിയോ പ്രവർത്തിച്ചതെന്ന്, ഈ വാർഷികവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എഡിറ്റോറിയലിൽ വത്തിക്കാൻ റേഡിയോ - വത്തിക്കാൻ ന്യൂസിന്റെ എഡിറ്റോറിയൽ വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ മാസ്സിമിലിയാനോ മെനിക്കെത്തി ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളെ പരാമർശിച്ചുകൊണ്ട് എഴുതി.
നിർമ്മിതബുദ്ധിയുടെ യുഗത്തിൽ, അതിന്റെ എല്ലാ നല്ല വശങ്ങളും, സാധ്യതകളും, സാങ്കേതികതയും കണക്കിലെടുക്കുമ്പോൾത്തന്നെ, അൽഗോരിതങ്ങളും ബിറ്റുകളും മനുഷ്യർക്ക് പകരമാകാൻ കഴിയില്ലെന്നും അവയ്ക്ക് പകരമാകരുതെന്നും മെനിക്കെത്തി ഓർമ്മിപ്പിച്ചു. മർക്കോണിയുടെ കാലം മുതലേ, സാങ്കേതികത മനുഷ്യന്റെ സേവനത്തിനാണെന്നും, മനുഷ്യർ സാങ്കേതികതയ്ക്കുവേണ്ടിയല്ല ജീവിക്കുന്നതെന്നുമാണ് വത്തിക്കാൻ റേഡിയോ എന്ന പാപ്പായുടെ റേഡിയോ കാണിച്ചുതരുന്നത്. പതിനൊന്നാം പിയൂസ് പാപ്പായുടെ ഈയൊരു വിശ്വാസത്തിന്റെ സാക്ഷ്യം കൂടിയാണ് വത്തിക്കാൻ റേഡിയോ.
യുദ്ധങ്ങളും, സമാധാനക്കരാറുകളും, ദുരിതങ്ങളും, തകർച്ചകളും, രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങളും കണ്ട വത്തിക്കാൻ റേഡിയോ നാളിതുവരെ ഒൻപത് പാപ്പാമാർക്ക് സേവനമേകി. രണ്ടാം ലോകമഹായുദ്ധം, രണ്ടാം വത്തിക്കാൻ കൗൺസിൽ, ഏകാധിപത്യങ്ങൾ, ജൂബിലികൾ, സമീപകാല യുദ്ധങ്ങൾ തുടങ്ങിയ വിവിധ യാഥാർത്ഥ്യങ്ങൾക്ക് മുന്നിൽ ക്രൈസ്തവസന്ദേശത്തിന്റെ പ്രകാശം പരത്തുന്ന വിളക്കുമരമായി വത്തിക്കാൻ റേഡിയോ സേവനം തുടർന്നു.
അറുപത്തിയൊൻപത് രാജ്യങ്ങളിൽനിന്നുള്ള ആളുകളാണ് വത്തിക്കാൻ റേഡിയോയിൽ ഇന്ന് ജോലി ചെയ്യുന്നത്. റേഡിയോ, വീഡിയോ, ഇന്റർനെറ്റ് തുടങ്ങി വിവിധ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് അൻപത്തിയാറ് ഭാഷകളിൽ വത്തിക്കാൻ റേഡിയോ - വത്തിക്കാൻ ന്യൂസ് ഇന്ന് പ്രവർത്തിച്ചുവരുന്നു.
സുവിശേഷത്തിൽ അധിഷ്ഠിതമായ കണ്ടുമുട്ടലിന്റെ സന്ദേശം പരത്തുക എന്ന തന്റെ നിയോഗം തുടരുന്ന ഒരു മാധ്യമമായി ഇന്നും വത്തിക്കാൻ റേഡിയോ നിലനിൽക്കുമ്പോൾ, അതിന്റെ ഈ തൊണ്ണൂറ്റിയഞ്ചാം പിറന്നാളിൽ എല്ലാ ആശംസകളും നേരാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: