ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ പ്ലീനറി സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചപ്പോൾ  (ANSA)

സമാധാനത്തിനായുള്ള സമൂർത്തമായ പ്രവൃത്തികൾക്ക് ശാസ്ത്രലോകത്തെ ക്ഷണിച്ച് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി

ആയുധങ്ങളുടെയും യുദ്ധത്തിന്റെയും അതിക്രമങ്ങളുടെയും ഭാഷ ആഗോളതലത്തിൽ പ്രാധാന്യം നേടുന്ന ഇക്കാലത്ത്, സമാധാനത്തിനായുള്ള പരിശ്രമങ്ങളും സമൂർത്തമായ പ്രവർത്തികളും നടത്താൻ ശാസ്ത്രലോകവുമായി ബന്ധപ്പെട്ട ആളുകൾ തയ്യാറാകണമെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി അഭ്യർത്ഥിച്ചു. ആഗോളതലത്തിൽ നിലനിൽക്കുന്ന അസമാധാനത്തിന്റെ സാഹചര്യത്തിൽ, മാർച്ച് 11 ബുധനാഴ്ചയാണ് ഇത്തരമൊരു അഭ്യർത്ഥന അക്കാദമി പുറത്തുവിട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകസമാധാനത്തിനായി ശാസ്ത്രലോകത്തിന്റെ സഹായവും സമൂർത്തമായ പ്രവർത്തനങ്ങളും ക്ഷണിച്ച് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമി. ആഗോളതലത്തിൽ യുദ്ധങ്ങളും സംഘർഷങ്ങളും ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തും, പതിനായിരക്കണക്കിന് ആളുകളുടെ ജീവനെ ഗുരുതരമായി ബാധിച്ചും തുടരുന്നതിനിടെയാണ്, ജീവൻ പ്രോത്സാഹിപ്പിക്കുക എന്ന തങ്ങളുടെ ഉത്തരവാദിത്വം കൂടി കണക്കിലെടുത്ത് അക്കാദമി ഇത്തരമൊരു ആഹ്വാനം മുന്നോട്ട് വച്ചത്.

ആയുധങ്ങളുടെയും യുദ്ധത്തിന്റെയും ഭാഷയും, നിയന്ത്രണമില്ലാതെ തുടരുന്ന ആക്രമണങ്ങളും ആഗോളതലത്തിൽ പരിതാപകരമായ രീതിയിൽ പ്രാധാന്യം നേടുന്ന ഇക്കാലത്ത്, ശാസ്ത്രമേഖലയിലുള്ള വിദഗ്ധരും ഗവേഷകരും സമാധാനത്തിനായി നിലനിൽക്കേണ്ടതുണ്ടെന്ന്, മാർച്ച് 11 ബുധനാഴ്ച പ്രസിദ്ധീകരിച്ച തങ്ങളുടെ അഭ്യർത്ഥനയിൽ അക്കാദമി എഴുതി. ശാസ്ത്ര ഗവേഷണത്തെപ്പോലും പരിമിതപ്പെടുത്തുന്ന വിധത്തിലുള്ള ഒരു ചരിത്രനിമിഷമാണ് നാം ജീവിക്കുന്നതെന്ന് അക്കാദമി ഓർമ്മിപ്പിച്ചു.

2026-ൽ ലോകസമാധാനദിനവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ പാപ്പാ പുറത്തുവിട്ട സന്ദേശത്തെ പരാമർശിച്ചുകൊണ്ട്, സമാധാനം ഇനിയും അവസാനിച്ചിട്ടില്ലെന്നും, അത് നമുക്കിടയിൽ ഉണ്ടാകേണ്ടതുണ്ടെന്നും, ബുദ്ധിശക്തിയെ സഹായിക്കാനും, അതിക്രമങ്ങളെ ചെറുക്കനും, വിജയിക്കാനും അതിന് ശക്തിയുണ്ടെന്നും ജീവനുവേണ്ടിയുള്ള അക്കാദമി തങ്ങളുടെ അഭ്യർത്ഥനയിൽ എഴുതി. സമഗ്രമാനവികവികസനത്തിന് വേണ്ടിയുള്ള ഡികാസ്റ്ററിയുടെ കൂടി പിന്തുണയോടെയാണ് അക്കാദമി ഇത്തരമൊരു അഭ്യർത്ഥന നടത്തിയത്.

സമാധാനസ്ഥാപനത്തിനുവേണ്ടി പരിശ്രമിക്കുന്നതിന്റെ ഭാഗമായി, ഗവേഷണത്തെ സമാധാനസ്ഥാപനത്തിനായുള്ള ഒരു പ്രവർത്തിയായി കാണാനും, സമാധാനത്തിന്റെ സംസ്കാരം സ്ഥാപിക്കുന്നതിന് അത് എത്രമാത്രം സഹായിക്കുമെന്ന് വിചിന്തനം ചെയ്യാനും, ആഗോളസഹോദര്യത്തിന്റെ ചിന്ത വളർത്തിയെടുക്കാനും അക്കാദമി ആവശ്യപ്പെട്ടു. സമാധാനപരമായ കാര്യങ്ങൾക്കായി കണ്ടെത്തുന്ന അറിവുകൾ അതിന് വിപരീതമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നതിലെ അപകടം മുൻകൂട്ടി കാണാനും തങ്ങളുടെ കണ്ടെത്തലുകളും അറിവുകളും സമാധാനസ്ഥാപനത്തിനായി ലഭ്യമാക്കാനും സംഘർഷങ്ങൾ സമാധാനപരമായി അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കുവേണ്ടി അന്വേഷണങ്ങൾ നടത്താനും അക്കാദമി ശാസ്ത്രലോകത്തുള്ളവരെ ക്ഷണിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 മാർച്ച് 2026, 13:01