ലൗദാത്തോ സി ഗ്രാമം ഉദ്‌ഘാടനം ചെയ്യപ്പെട്ടപ്പോൾ ലൗദാത്തോ സി ഗ്രാമം ഉദ്‌ഘാടനം ചെയ്യപ്പെട്ടപ്പോൾ   (@Vatican Media)

സമഗ്ര പരിസ്ഥിതി സംരക്ഷണത്തിനായി ലൗദാത്തോ സി ഗ്രാമം ആഗോള സംരംഭം ആവിഷ്കരിക്കുന്നു

ലൗദാത്തോ സി ഉന്നത രൂപീകരണ കേന്ദ്രവും, ഇന്ത്യാനയിലെ സൗത്ത് ബെൻഡിൽ സ്ഥിതി ചെയ്യുന്ന നോത്രെ ഡാം സർവകലാശാലയും സംയുക്തമായി, പ്രോത്സാഹിപ്പിക്കുന്ന, സമഗ്ര പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരു ആഗോള ശൃംഖല (ഗ്ലോബൽ അലയൻസ്) കാസൽ ഗന്ധോൾഫോയിലെ, ലൗദാത്തോ സി ഗ്രാമത്തിൽ വച്ച് മാർച്ച് 9, 10 തീയതികളിൽ ഉദ്‌ഘാടനം ചെയ്യപ്പെടും.

വത്തിക്കാൻ ന്യൂസ്

സമഗ്ര പരിസ്ഥിതി സംരക്ഷണത്തിനായുള്ള ഒരു ആഗോള ശൃംഖല (ഗ്ലോബൽ അലയൻസ്), കാസൽ ഗന്ധോൾഫോയിലെ, ലൗദാത്തോ സി ഗ്രാമത്തിൽ വച്ച് മാർച്ച് 9, 10 തീയതികളിൽ ഉദ്‌ഘാടനം ചെയ്യപ്പെടും.  യൂറോപ്പ്, ഏഷ്യ, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 60-ലധികം സർവകലാശാല പ്രതിനിധികളും,  കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ പോരാടാൻ പ്രതിജ്ഞാബദ്ധരായ സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും. സൃഷ്ടിയോടുള്ള കരുതലും, മനുഷ്യന്റെ അന്തസ്സിനോടുള്ള ബഹുമാനവും ഇന്നത്തെ സമൂഹത്തിനു എടുത്തുകാണിക്കുവാനും, പ്രകൃതി സംരക്ഷണത്തിനുള്ള പരിശീലനം നൽകുവാനും, പരസ്പര സഹകരണം ഉറപ്പുവരുത്തുവാനും, പ്രവർത്തനങ്ങൾ മുൻപോട്ടു  കൊണ്ടുപോകുവാനും,  വത്തിക്കാൻ ഒരുക്കിയിരിക്കുന്ന 'ലൗദാത്തോ സി ഗ്രാമം', ലിയോ പതിനാലാമൻ പാപ്പാ, 2025 സെപ്റ്റംബർ മാസം അഞ്ചാം തീയതിയാണ് ഉദ്ഘാടനം  നിർവഹിച്ചത്.

സമഗ്ര പരിസ്ഥിതിശാസ്ത്രത്തിനും ആഗോള സുസ്ഥിരതയ്ക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഈ അന്താരാഷ്ട്ര സംരംഭം, ലൗദാത്തോ സി ഉന്നത രൂപീകരണ കേന്ദ്രവും,  ഇന്ത്യാനയിലെ സൗത്ത് ബെൻഡിൽ സ്ഥിതി ചെയ്യുന്ന നോത്രെ ഡാം സർവകലാശാലയും സംയുക്തമായിട്ടാണ് പ്രോത്സാഹിപ്പിക്കുന്നത്. സുസ്ഥിര രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധരായ സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ, സമൂഹങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുക, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹിക  പ്രവർത്തനം എന്നിവ തമ്മിലുള്ള സമന്വയം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്ലോബൽ അലയൻസ് രൂപീകരിച്ചത്.

ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിനും, ഓരോ വ്യക്തിക്കും സുസ്ഥിരവും നീതിയുക്തവും ആദരണീയവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുമായി ശാസ്ത്രം, സമൂഹം, വിശ്വാസം എന്നിവയെ ഒന്നിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന്, ലൗദാത്തോ സി ഉന്നത രൂപീകരണ കേന്ദ്രത്തിന്റെ ഡയറക്ടർ ജനറലും ഗ്ലോബൽ അലയൻസിന്റെ സ്ഥാപകരിലൊരാളുമായ കർദ്ദിനാൾ ഫാബിയോ ബാജ്ജോ പറഞ്ഞു.

ലോകമെമ്പാടുമുള്ള സുസ്ഥിരത, സമഗ്ര പരിസ്ഥിതി ശാസ്ത്ര മേഖലകളിലെ  നേതാക്കളെയും ഗവേഷകരെയും ഒരുമിച്ച് കൊണ്ടുവന്ന് എല്ലാവർക്കും കൂടുതൽ നീതിയുക്തവും പ്രതിരോധശേഷിയുള്ളതുമായ ഒരു ഭാവി സൃഷ്ടിക്കുന്ന ഈ ആഗോള സഖ്യത്തിൽ വത്തിക്കാനുമായി സഹകരിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നു, നോത്രെ ഡാം സർവകലാശാലയുടെ പ്രസിഡന്റ് റവ. റോബെർട്ട് എ ഡൗട് പറഞ്ഞു. സമഗ്ര പരിസ്ഥിതി ശാസ്ത്രത്തോടുള്ള പ്രതിബദ്ധതയെ ആഗോള തലത്തിൽ മൂർത്തവും നിലനിൽക്കുന്നതുമായ പദ്ധതികളാക്കി മാറ്റാൻ ഈ സംരംഭം ലക്‌ഷ്യം വയ്ക്കുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 മാർച്ച് 2026, 12:17