വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് പൗളോ ബോർജ ഗ്രാമങ്ങളിൽ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് പൗളോ ബോർജ ഗ്രാമങ്ങളിൽ 

ലെബനനിലെ ജനതയുടെ വേദനയിൽ പങ്കുചേർന്ന് വത്തിക്കാൻ സ്ഥാനപതി

മധ്യപൂർവേഷ്യയിലെ സംഘർഷത്തിൽ ഏറെ ദുരിതം അനുഭവിക്കുന്ന ലെബനനിലെ ജനതയ്ക്ക്, ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നതിനും, അവശ്യ സാധനങ്ങൾ നൽകുന്നതിനും, വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് പൗളോ ബോർജ ഗ്രാമങ്ങളിൽ എത്തുകയും, വിവിധ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

വത്തിക്കാൻ ന്യൂസ്

ബോംബാക്രമണങ്ങളാൽ റോഡുകൾ തടസ്സപ്പെടുകയും,  ആശയവിനിമയ മാർഗങ്ങൾ വിച്ഛേദിക്കപ്പെടുകയും ചെയ്ത ലെബനനിൽ, 15 ടൺ മാനുഷിക സഹായപൊതികൾ വിതരണം ചെയ്യുന്നതിനായി, ലെബനനിലെ ന്യൂൺഷ്യോ ആയ ആർച്ച് ബിഷപ്പ് പൗളോ ബോർജ ഗ്രാമങ്ങളിൽ എത്തുകയും,വിവിധ സമൂഹങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട മാറോനൈറ്റ് ഇടവക വികാരി ഫാദർ പിയറി എൽ റായിയുടെ ശവസംസ്കാര ചടങ്ങിൽ, പങ്കെടുത്ത അപ്പസ്തോലിക പ്രതിനിധി തുടർന്ന്,  തെക്കൻ ഗ്രാമങ്ങളിലേക്ക് യാത്ര ചെയ്യുകയും, എവർ ഓറിയന്റ് സംഭാവന ചെയ്ത അവശ്യവസ്തുക്കൾ, വിതരണം ചെയ്യുകയും ചെയ്തു.

ജനത, പാപ്പായുടെ ആശ്വാസ വചനങ്ങൾ കേൾക്കുവാൻ കാതോർത്തിരിക്കുകയാണെന്നും, പാപ്പായിൽ അവർ പരിപൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്നും, 2025 ഡിസംബറിൽ ലിയോ പതിനാലാമൻ പാപ്പായുടെ  അപ്പസ്തോലിക യാത്രയെ അനുസ്മരിച്ചുകൊണ്ട് ബോർജ പറഞ്ഞു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷത്തിന്റെ ഭീകരതയിൽ നിന്ന് പാപ്പായുടെ സന്ദർശനം നൽകിയ ആശ്വാസവും അദ്ദേഹം പങ്കുവച്ചു.

ലെബനനിൽ ഏകദേശം 120,000 പേർ താത്ക്കാലിക ഷെൽട്ടറുകളിലാണ് താമസിക്കുന്നത്. യുദ്ധം ഉടൻ അവസാനിക്കുമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്നും നമുക്ക് പ്രതീക്ഷിക്കാമെന്നും,  ആർച്ചുബിഷപ്പ് പൗളോ ബോർജ വത്തിക്കാൻ മാധ്യമത്തോട് പ്രതികരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മാർച്ച് 2026, 12:52