എല്ലാ സൃഷ്ടജാലങ്ങളോടും സുവിശേഷമറിയിക്കാനുള്ള വിളിയും നിയോഗവുമാണ് നമുക്കുള്ളത്: ഫാ. പസൊളീനി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകം മുഴുവനും, എല്ലാ സൃഷ്ടജാലങ്ങളോടും സുവിശേഷമറിയിക്കാനുള്ള ഉത്തരവാദിത്വം റോമൻ കൂരിയയെ ഓർമ്മിപ്പിച്ച് പൊന്തിഫിക്കൽ ഭവനത്തിന്റെ ധ്യാനപ്രസംഗകൻ ഫാ. റൊബേർത്തോ പസൊളീനി. മാർച്ച് 20 വെള്ളിയാഴ്ച രാവിലെ, ലിയോ പതിനാലാമൻ പാപ്പായുടെ കൂടി സാന്നിദ്ധ്യത്തിൽ ഈ നോമ്പുകാലത്തിന്റെ ഭാഗമായി നടന്ന മൂന്നാമത് പ്രഭാഷണത്തിലാണ് വിശുദ്ധ ഫ്രാൻസിസിന്റെ അദ്ധ്യാത്മികചിന്തകൾ കൂടി കണക്കിലെടുത്ത് കപ്പൂച്ചിൻ വൈദികനായ അദ്ദേഹം ഇത്തരമൊരു ആഹ്വാനം നടത്തിയത്.
യേശുവുമായുള്ള കണ്ടുമുട്ടലിന്റെയും, മറ്റുള്ളവരുമായുള്ള ബന്ധങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞ ഫാ. പസൊളീനി, ക്രിസ്തുവുമായുള്ള സ്നേഹബന്ധത്തിന്റെ ജീവിതമാണ് നമുക്ക് ആധികാരികത നൽകുകയെന്ന് ഓർമ്മിപ്പിച്ചു. അത്തരമൊരു ബന്ധമുണ്ടെങ്കിൽ മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളിൽ സഹായിക്കാനും, അവരുമായി സംവാദത്തിലേർപ്പെടാനും, അവരിലെ നന്മകൾ സ്വീകരിക്കാനും നമുക്ക് സാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിശുദ്ധ ഫ്രാൻസിസ് തന്റെ ജീവിതത്തിലും, സമൂഹത്തിലും നടപ്പിലാക്കിയ എളിമയുടെ ജീവിതശൈലി ഫാ. പസൊളീനി തന്റെ പ്രഭാഷണത്തിൽ പ്രത്യേകം പരാമർശിച്ചു. സുവിശേഷപ്രഘോഷണം ഫലപ്രദമാകുവാൻ എളിമയുടെ സമൂർത്തമായ ശൈലി സഹായകരമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
തങ്ങളുടെ ജീവിതത്തിൽ രൂഢമൂലമായ സത്യങ്ങളെക്കുറിച്ചല്ലാതെ നമുക്ക് ആധികാരികമായി സംസാരിക്കുക എളുപ്പമായിരിക്കില്ലെന്ന്, സുവിശേഷം ജീവിതത്തിൽ ആഴപ്പെടേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ഫാ. പസൊളീനി പറഞ്ഞു.
പ്രാർത്ഥനയിൽ വളരേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച ധ്യാനപ്രഭാഷകൻ, മറ്റുള്ളവരുടെ അംഗീകാരവും മതിപ്പും നേടാനായി ദൈവത്തിന്റെ വസ്തുക്കൾ ഉപയോഗിക്കാനുള്ള പ്രലോഭനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി.
ക്രിസ്തുവിന്റെ സാന്നിധ്യം നമ്മിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതാണെന്ന് പറഞ്ഞ ഫാ. പസൊളീനി, നാം മറ്റുള്ളവരോട് ഇടപെടുന്നതിലും ഇതേ സാന്നിദ്ധ്യമാകണം അനുഭവവേദ്യമാകേണ്ടതെന്ന് ഓർമ്മിപ്പിച്ചു. മറ്റുള്ളവരിലെ ദൈവസാന്നിദ്ധ്യം തിരിച്ചറിയുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യം എടുത്തുപറഞ്ഞ അദ്ദേഹം, ഹൃദയത്തിൽനിന്ന് വരുന്ന വാക്കുകൾക്കേ മറ്റുള്ളവരുമായി യഥാർത്ഥ സംവാദത്തിലേർപ്പെടാൻ, പ്രത്യേകിച്ച് സുവിശേഷം അറിയിക്കാൻ നമ്മെ സഹായിക്കാനാകൂ എന്നും, അമൂർത്തവും വ്യക്തിത്വമില്ലാത്തതുമായ വാക്കുകൾ ആരെയും സ്പർശിക്കുന്നില്ലെന്നും പ്രസ്താവിച്ചു.
തന്നെത്തന്നെ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കാനല്ല ദൈവം പരിശ്രമിച്ചതെന്ന് ഓർമ്മിപ്പിച്ച ധ്യാനപ്രഭാഷകൻ, തന്റെ മഹത്വം തനിക്കായിത്തന്നെ കാത്തുസൂക്ഷിക്കാതെ, അത് മറ്റുള്ളവർക്ക് സ്വീകരിക്കാനാകുന്ന വിധത്തിൽ തന്നെത്തന്നെ സംലഭ്യമാക്കുകയായിരുന്നുവെന്ന് പറഞ്ഞു. നമ്മളും, മറ്റുള്ളവർക്ക് നൽകുക എന്നതിനൊപ്പം, അവരിൽനിന്ന് സ്വീകരിക്കാൻ കൂടി തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: