ഇന്ത്യയിൽ നിന്നുള്ള കാഴ്ച്ച ഇന്ത്യയിൽ നിന്നുള്ള കാഴ്ച്ച  

സ്ത്രീകൾ നേരിടുന്ന വിവേചനപരമായ തടസ്സങ്ങൾ ഒഴിവാക്കപ്പെടണം: പരിശുദ്ധ സിംഹാസനം

ഐക്യരാഷ്ട്രസഭയിലേക്കുള്ള വത്തിക്കാൻ സ്ഥിരം ദൗത്യം സ്ത്രീകളുടെ പദവി സംബന്ധിച്ച 70-ാമത് കമ്മീഷനെ അഭിസംബോധന ചെയ്തുകൊണ്ട്, നീതിയിലേക്കുള്ള തുല്യ പ്രവേശനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെ എടുത്തു പറഞ്ഞുകൊണ്ട് പ്രസ്താവന പ്രസിദ്ധീകരിച്ചു.

വത്തിക്കാൻ ന്യൂസ്

സ്ത്രീകളുടെ പദവി സംബന്ധിച്ച 70-ാമത് കമ്മീഷന്റെ ഭാഗമായി പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം ദൗത്യം, സ്ത്രീകൾക്ക് നീതിയിലേക്കുള്ള അനിവാര്യമായ പ്രവേശനം ഉറപ്പാക്കുകയും, വിവേചനപരമായ തടസ്സങ്ങൾ മാറ്റുകയും ചെയ്യണമെന്നു ആവശ്യപ്പെട്ടുകൊണ്ട്, പ്രസ്താവന പ്രസിദ്ധീകരിച്ചു.

സ്ത്രീകൾക്കും പെൺകുട്ടികൾക്കും "ഔപചാരിക നിയമ സംരക്ഷണം" മാത്രമല്ല, നീതി തേടുന്നതിൽ നിന്നും ആത്യന്തികമായി അവരുടെ അന്തസ്സ് നിലനിർത്തുന്നതിൽ നിന്നും അവരെ തടയുന്ന അടിസ്ഥാന കാരണങ്ങളെ അഭിസംബോധന ചെയ്യുന്ന കൂടുതൽ ആഴത്തിലുള്ള ഇടപെടലാണ് ആവശ്യമെന്ന് വത്തിക്കാൻ പ്രതിനിധി സംഘം പ്രസ്താവനയിൽ എടുത്തു പറഞ്ഞു. ന്യായമായ വിചാരണ ലഭിക്കാത്തതിന്റെ കാരണങ്ങളിൽ, നിയമസഹായം ലഭിക്കുന്നതിന് വിഭവങ്ങളുടെ അപര്യാപ്തതയും,  നിയമസഹായ സംഘടനകൾക്ക് ധനസഹായക്കുറവിനും, അമിതഭാരത്തിനും കാരണമാകുന്ന ദാരിദ്ര്യവും പ്രസ്താവനയിൽ ചൂണ്ടിക്കാണിച്ചു.

രാജ്യത്തെ ഭൂരിപക്ഷ ഭാഷ സംസാരിക്കാൻ സാധിക്കാത്തതും,  ഒരാളുടെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ഇത്തരത്തിൽ നീതി ലഭിക്കുവാൻ സാധിക്കാത്തതിന് കാരണമായി പ്രസ്‍താവനയിൽ എടുത്തുകാണിക്കുന്നു. നീതി തുല്യമായി ലഭിക്കണമെങ്കിൽ പെൺമക്കൾക്ക് ആൺമക്കളെപ്പോലെ തന്നെ അവസരങ്ങൾ  ലഭിക്കണമെന്നും,  കുടുംബങ്ങൾ എല്ലാവർക്കും ആരോഗ്യകരവും സമാധാനപരവുമായ അന്തരീക്ഷം  ഉറപ്പുനല്കണം എന്നും, ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, പ്രസ്താവനയിൽ അടിവരയിട്ടു.

അതിനാൽ, സ്ത്രീകൾ നേരിടുന്ന തടസ്സങ്ങൾ തിരിച്ചറിഞ്ഞ് അവ ഇല്ലാതാക്കേണ്ടതിന്റെയും, ദുരുപയോഗം തടയുന്നതിനും ലംഘനങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള "ഉത്തരവാദിത്ത സംസ്കാരം" നടപ്പിലാക്കേണ്ടതിന്റെയും ആവശ്യകതയും പ്രസ്താവന ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം,  മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള അപകട സാധ്യതകളിലേക്ക് അവർ നയിക്കപ്പെടുന്നുവെന്ന മുന്നറിയിപ്പും പ്രസ്‌താവനയിൽ അടിവരയിട്ടു. ലൈംഗിക ചൂഷണത്തിലൂടെയും നിർബന്ധിത വിവാഹങ്ങൾ, വാടക മാതൃത്വം, കുറ്റകൃത്യങ്ങൾ എന്നിവയിലൂടെയും സ്ത്രീകളെ ചൂഷണം ചെയ്യുന്നതും പ്രസ്‌താവന എടുത്തു പറഞ്ഞു. തടങ്കലിൽ പാർപ്പിക്കുന്ന കുറ്റാരോപിതരും, കുറ്റവാളികളുമായ സ്ത്രീകൾക്കും, ന്യായമായ വിചാരണ, മതിയായ നിയമ പ്രാതിനിധ്യം, സുരക്ഷിതവും, ശുചിത്വമുള്ളതുമായ അത്യാവശ്യ സൗകര്യങ്ങൾ നൽകണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 മാർച്ച് 2026, 13:57