യുദ്ധങ്ങളുടെ ലോകത്ത്, സാഹോദര്യം ഒരു ആദർശമല്ല, മറിച്ച് ഒരു ഉത്തരവാദിത്തമാണ്: ഫാ. പസോളിനി
വത്തിക്കാൻ ന്യൂസ്
"ആരെങ്കിലും ക്രിസ്തുവിലാണെങ്കിൽ, അവൻ ഒരു പുതിയ സൃഷ്ടിയാണ്" എന്ന വിഷയത്തെ ആധാരമാക്കി, റോമൻ കൂരിയയിലെ അംഗങ്ങൾക്കുള്ള, നോമ്പുകാല ധ്യാനത്തിന്റെ രണ്ടാം ഭാഗം, മാർച്ചുമാസം പതിമൂന്നാം തീയതി പേപ്പൽ ഭവനത്തിന്റെ പ്രസംഗകൻ, ഫാ. റോബെർത്തോ പസോളിനി നൽകി. വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ചാണ് ധ്യാനം നടന്നത്. പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും, തദവസരത്തിൽ സന്നിഹിതനായിരുന്നു. "സാഹോദര്യം - സാഹോദര്യ കൂട്ടായ്മയുടെ കൃപയും ഉത്തരവാദിത്തവും"എന്നതായിരുന്നു രണ്ടാം ഭാഗത്തിന്റെ പ്രധാന ആശയം.
സാഹോദര്യം എന്നത്, യഥാർത്ഥത്തിൽ മാനസാന്തരം നടക്കുന്ന ഇടമാണെന്നും, നമ്മുടെ ജീവിതത്തിൽ സുവിശേഷത്തിനു പൂർത്തിയാക്കുവാൻ സാധിക്കുന്ന അടയാളമാണെന്നും ഫാ. റോബെർത്തോ ചൂണ്ടിക്കാട്ടി. ആദ്യകാല ഫ്രാൻസിസ്കൻ സമൂഹങ്ങളുടെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട്, ആദിമ ക്രിസ്ത്യൻ സമൂഹങ്ങളെപ്പോലെ, അധികാര ബന്ധങ്ങളോ ശ്രേഷ്ഠതയോ ഇല്ലാതെ നിലനിൽക്കാനാണ് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ആഗ്രഹിച്ചതെന്നും, എന്നാൽ ഇവ "നിശബ്ദമായി ജീവിക്കാൻ അഭയം തേടാനുള്ള" ഇടങ്ങളല്ല, മറിച്ച് ആളുകളെ അവരുടെ എല്ലാ നിഴലുകളും ഉത്കണ്ഠകളും നിറഞ്ഞ "സ്വന്തം ഹൃദയങ്ങളുടെ ആഴങ്ങളിലേക്ക്" തിരികെ നയിക്കുന്ന സന്ദർഭങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സഹോദരന്മാർ കർത്താവിൽ നിന്നുള്ള ദാനമാണെന്നും, എന്നാൽ, ജീവിത യാത്രയിൽ നമ്മെ സഹായിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുക എന്ന ധർമ്മം മാത്രമല്ല അവർക്കുള്ളതെന്നും, മറിച്ച് നമ്മുടെ ജീവിത രൂപാന്തരീകരണത്തിനു അവരെ നമ്മുടെ കൈകളിൽ ഏല്പിച്ചിരിക്കുകയാണെന്നും, സാഹോദര്യത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ഫാ. റോബെർത്തോ പറഞ്ഞു.
ആബേലിന്റെയും, കായേന്റെയും ചരിത്രം വിവരിച്ച അദ്ദേഹം, നമ്മുടെ ഉള്ളിലെ കായേൻ ആരാണ്? എന്ന് ചോദിക്കുവാനും ഏവരെയും ക്ഷണിച്ചു. ബന്ധങ്ങൾ വിള്ളുകയും കൂട്ടായ്മയ്ക്ക് മുറിവേൽക്കുകയും ചെയ്യുമ്പോൾ, ആദ്യം സ്വന്തം അവകാശങ്ങൾ സംരക്ഷിക്കാനല്ല മറിച്ച്, കർത്താവിനാൽ സ്നേഹിക്കപ്പെടുന്ന ഒരു സഹോദരനെ തിരിച്ചറിയാൻ നമ്മെ അനുവദിക്കുന്ന നന്മ തേടണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
മറ്റുള്ളവർ നമ്മെ മുറിവേൽപ്പിക്കുമ്പോഴും, നിരാശപ്പെടുത്തുമ്പോഴും, എതിരാളികളെപ്പോലെ പെരുമാറുമ്പോഴും നമുക്ക് അവരെ സ്വാഗതം ചെയ്യാൻ കഴിയുമെന്ന് നാം കണ്ടെത്തുന്ന നിമിഷം മുതൽ നമ്മുടെ ജീവിതത്തിന്റെ ഈസ്റ്റർ ആരംഭിക്കുന്നുവെന്നും, ഇത് നമ്മൾ കൂടുതൽ ശക്തരോ കൂടുതൽ സദ്‌ഗുണമുള്ളവരോ ആയതുകൊണ്ടല്ല, മറിച്ച് നമ്മുടെ ഉള്ളിലെ എന്തോ ഒന്ന് ഇതിനകം മരിച്ചുപോയതിനാലും പുതിയത് ജീവിക്കാൻ തുടങ്ങിയതിനാലുമാണെന്നും ഫാ. റോബെർത്തോ എടുത്തു പറഞ്ഞു.
ലോകചരിത്രം ഭിന്നതകളാലും, യുദ്ധങ്ങളാലും, സംഘർഷങ്ങളാലും അടയാളപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നോമ്പുകാലത്ത്, ക്രിസ്ത്യാനികൾക്ക് സാഹോദര്യത്തെ നേടിയെടുക്കേണ്ട ഒരു ആദർശമായി സംസാരിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കാൻ കഴിയില്ലെന്നും, മറിച്ച് അതൊരു ദാനമായി സ്വീകരിക്കുകയും, ഉത്തരവാദിത്തമായി ഏറ്റെടുക്കുകയും വേണമെന്നും ഫാ. റോബെർത്തോ പസോളിനി ഏവരെയും ഉദ്‌ബോധിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: