പാപ്പായുടെ ആഗോളപ്രാർത്ഥനാ ശൃംഖലയ്ക്ക് നവീകരിച്ച നിയമസംഹിത
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധപിതാവിന്റെ പേരിലുള്ള ആഗോള പ്രാർത്ഥനാ ശൃംഖലയുടെ നവീകരിച്ച നിയമസംഹിത പ്രഖ്യാപിക്കപ്പെട്ടു. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായ മാർച്ച് പത്തൊൻപതാം തീയതിയാണ്, പ്രാർത്ഥനകളും, ആദ്ധ്യാത്മിക പരിശീലനവും മറ്റ് സേവനങ്ങളും വഴി, മാനവികതയും സഭയുടെ നിയോഗപൂർത്തീകരണമേഖലയും അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കും പ്രശ്നങ്ങൾക്കും മുന്നിൽ പരിഹാരം തേടുന്ന ഈയൊരു ഘടകത്തിന്റെ പുതിയ നിയമാവലി പ്രസിദ്ധീകരിക്കപ്പെട്ടത്.
പരിശുദ്ധ പിതാവ് തങ്ങൾക്കേൽപ്പിച്ചിരിക്കുന്ന നിയോഗത്തെ തുടർച്ചയായി അനുസ്മരിപ്പിക്കുന്നതിനാണ് നിലവിലെ നവീകരിച്ച നിയമസംഹിത തങ്ങളെ സഹായിക്കുന്നതെന്നും, ഈ ലക്ഷ്യത്തോടെ ലോകം മുഴുവൻ വിശ്വസ്തതയോടെ പ്രവർത്തിക്കാനാണ് ഇത് പ്രചോദനമേകുന്നതെന്നും, പാപ്പായുടെ ആഗോളപ്രാർത്ഥനാ ശൃംഖലയുടെ അന്താരാഷ്ട്ര ഡയറക്ടറും ഈശോസഭാവൈദികനുമായ ഫാ. ക്രിസ്റ്റോബാൾ ഫോണെസ് പ്രസ്താവിച്ചു.
2024-ൽ അംഗീകരിക്കപ്പെട്ട ചട്ടങ്ങൾക്ക് അനുസരിച്ച്, പാപ്പായുടെ ആഗോളപ്രാർത്ഥനാ ശൃംഖലയെയും അതിലെ അംഗങ്ങളെയും ഒരുമിച്ച് മുന്നോട്ട് പോകാൻ സഹായിക്കുന്നതിനാണ്, രണ്ടുവർഷത്തെ സാധുതയുള്ള നവീകരിച്ച നിയമസംഹിതയെന്നും, ഇതിന്റെ പുതിയൊരു അവലോകനം 2028-ലായിരിക്കും നടക്കുകയെന്നും രണ്ടേകാൽ കോടിയോളം ആളുകളെ ഉൾക്കൊള്ളുന്നതും വത്തിക്കാൻ ആസ്ഥാനമായുള്ളതുമായ ഈ പൊന്തിഫിക്കൽ പ്രസ്ഥാനം വ്യക്തമാക്കി. തൊണ്ണൂറിലധികം രാജ്യങ്ങളിൽ ഈ ശൃംഖല പ്രവർത്തിച്ചുവരുന്നുണ്ട്.
യേശുവിന്റെ തിരുഹൃദയഭക്തിയുടെ അദ്ധ്യാത്മികതയിൽ അടിസ്ഥാനമിട്ട പാപ്പായുടെ ആഗോളപ്രാർത്ഥനാ ശൃംഖലയുടെ നവീകരിച്ച നിയമസംഹിത നാല് ഭാഗങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ ഒന്നാമത്തേത്, വത്തിക്കാന്റെ പ്രസ്ഥാനമെന്ന അതിന്റെ സ്വഭാവം വെളിവാക്കുന്നതും, രണ്ടാമത്തേത് അതിന്റെ അന്താരാഷ്ട്ര, ദേശീയ, രൂപത, സമൂഹ തലങ്ങളിലുള്ള ഘടന സംബന്ധിച്ചുള്ളതും, മൂന്നാമത്തേത് ഇതിൽ പങ്കുചേരുന്നതുമായി ബന്ധപ്പെട്ടതും, നാലാമത്തേത് പ്രായപൂർത്തിയാകാത്തതും ദുർബലരുമായ ആളുകളുടെ സംരക്ഷണം സംബന്ധിച്ചുള്ളതുമാണ്.
മറ്റേതൊരു സ്ഥാപനവും എന്നതിൽനിന്ന് ശൃംഖലാപരമായ ഈ സംഘടനയുടെ സ്വഭാവത്തിന്റെ വ്യത്യസ്തതയും നവീകരിച്ച നിയമസംഹിത കൂടുതൽ വ്യക്തമാക്കുന്നുണ്ട്. ഏതൊരാൾക്കും പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം എന്ന ചിന്തയിൽ, എല്ലാവർക്കുമായി തുറന്ന ഒരു സംഘടന എന്ന രീതിയിലും, വ്യക്തിപരമോ, സമൂഹപരമോ ആയ രീതിയിൽ യേശുവിന്റെ തിരുഹൃദയത്തിന് സ്വയം സമർപ്പിച്ച്, കൃത്യവും, ക്രമീകൃതവുമായി അനുദിന പ്രാർത്ഥന നടത്തുന്ന രീതിയിലും പാപ്പായുടെ ആഗോളപ്രാർത്ഥനാ ശൃംഖലയിൽ പങ്കെടുക്കാനാകും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: