നിലത്ത് സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് പാപ്പാ പ്രാർത്ഥിക്കുന്നു നിലത്ത് സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് പാപ്പാ പ്രാർത്ഥിക്കുന്നു   (@Vatican Media)

ക്രിസ്തുവിന്റെ കുരിശ് ആയുധങ്ങൾ ഉപേക്ഷിക്കുവാൻ നമ്മെ പ്രചോദിപ്പിക്കുന്നു: ഫാ. പസോളിനി

ഏപ്രിൽ മൂന്നാം തീയതി, ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, ലിയോ പതിനാലാമൻ പാപ്പാ കാർമ്മികത്വം വഹിച്ചു. പേപ്പൽ ഭവനത്തിന്റെ പ്രഭാഷകൻ, ഫ്രാൻസിസ്കൻ വൈദികനായ ഫാ. റോബെർത്തോ പസോളിനി, സന്ദേശം പങ്കുവച്ചു.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ഏപ്രിൽ മൂന്നാം തീയതി, ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക്, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ, ലിയോ പതിനാലാമൻ പാപ്പാ കാർമ്മികത്വം വഹിച്ചു. നിലത്ത് സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ആരംഭിച്ച കർമ്മങ്ങൾക്കിടയിൽ, പേപ്പൽ ഭവനത്തിന്റെ പ്രഭാഷകൻ, ഫ്രാൻസിസ്കൻ വൈദികനായ ഫാ. റോബെർത്തോ പസോളിനി, സന്ദേശം പങ്കുവച്ചു. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ വിവരിക്കുന്ന സഹന ദാസനെ കുറിച്ചുള്ള വചനഭാഗങ്ങളുടെ അടിസ്ഥാനത്തിലാണ് സന്ദേശം നൽകിയത്. തിന്മയിൽ നിന്നും പാപത്തിൽ നിന്നും ലോകത്തെ രക്ഷിക്കാൻ ദൈവം  അയച്ച സഹനദാസനാണ് ക്രിസ്തുവെന്നു അദ്ദേഹം വിശദീകരിച്ചു. കഷ്ടപ്പാടുകളാലും അനീതിയാലും പാപത്താലും തകർന്നടിഞ്ഞവരെ, സ്വാതന്ത്ര്യത്തിലേക്ക് കൊണ്ടുവരുന്ന ദൗത്യമായിരുന്നു യേശുവിനു ഉണ്ടായിരുന്നുവെന്നും, എന്നാൽ അതെല്ലാം ബലപ്രയോഗം ഉപയോഗിച്ചോ, ആക്രമണത്തിലൂടെയോ, നശീകരണത്തിലൂടെയോ ആയിരുന്നില്ലെന്നും, മറിച്ച് തിന്മയുടെ അന്ധകാരത്തിന്റെ നടുവിൽ ജീവൻ തേടുന്ന ഒരു അന്വേഷണമായിരുന്നു അവന്റെ ദൗത്യമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

തുടർന്ന്, ഏശയ്യാ പ്രവാചകന്റെ പുസ്തകം, നാല്പത്തിയൊമ്പതാം അധ്യായം, നാലാം തിരുവചനം ഉദ്ധരിച്ചുകൊണ്ട്, കർത്താവിനെ അനുഗമിക്കുന്നവ്യക്തികളിൽ ഉണ്ടാകാവുന്ന ഒരു ധാരണയെ ഫാ. റോബെർത്തോ ചൂണ്ടിക്കാണിക്കുന്നു. എന്റെ ശക്തി വ്യർത്ഥമായും നിഷ്ഫലമായും ചിലവഴിച്ചു എന്ന് വചനത്തിൽ പറയുമ്പോൾ, ദാസൻ വ്യർത്ഥമായി പ്രവർത്തിച്ചുവെന്ന് പ്രവാചകൻ പറയുന്നില്ല എന്നതും അദ്ദേഹം അടിവരയിട്ടു. എങ്കിലും അധ്വാനിച്ചതിനനുസരണം ഫലം ലഭിക്കാതെ വരുന്നത്, ഇന്നല്ലെങ്കിൽ നാളെ  എത്തിച്ചേരുന്ന ഒരു പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശേഷം, ഏശയ്യാ പ്രവാചകന്റെ പുസ്തകം അൻപതാം അധ്യായം, ആറാം തിരുവചനം ഉദ്ധരിച്ചുകൊണ്ട്, ഇരുട്ടിൽ ജീവിക്കുന്നവർ, വാസ്തവത്തിൽ, വെളിച്ചത്തെ സ്വാഗതം ചെയ്യുന്നില്ലെന്നും,  അവർ അതിനെ തള്ളിക്കളയുകയും തടയാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും പറഞ്ഞ അദ്ദേഹം, എന്നാൽ കർത്താവിന്റെ ദാസൻ ഈ പ്രലോഭനങ്ങൾക്ക് വശംവദരായി, പിന്നോട്ട് മാറുന്നില്ലെന്നത് ചൂണ്ടിക്കാണിച്ചു.

എന്നാൽ സഹന ദാസൻ നേരിടേണ്ടി വരുന്നത് അതിക്രൂരമായ പീഡനങ്ങൾ ആയിരിക്കും എന്നതും ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഓർമ്മപ്പെടുത്തി, ഫാ. പസോളിനി വിശദീകരിച്ചു. തീവ്രമായ ക്രൂരതകൾ, അവന്റെ മുഖത്തെ വികൃതമാക്കുന്നുവെന്നും, അവനെ തിരിച്ചറിയുവാൻ സാധിക്കാത്തവണ്ണം, വിരൂപമാക്കുന്നുവെന്നും, പറയുമ്പോഴും, ഇതെല്ലം സ്വീകരിച്ചുകൊണ്ട്, തിന്മയുടെ യുക്തിക്ക് അവൻ വഴങ്ങുന്നില്ല എന്നത് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്നത്തെ ലോകം അടയാളപ്പെടുത്തുന്ന, യുദ്ധത്തിന്റെയും, വിഭജനത്തിന്റെയും, മുറിവുകളുടെ സാഹചര്യത്തിൽ, പിതാവ് തന്റെ ജീവിതത്തിൽ ഏൽപ്പിച്ച സ്നേഹത്തിന്റെയും സേവനത്തിന്റെയും, പീഡാസഹനങ്ങളുടെ വഴിയിൽ യേശു തിന്മയുടെ ചങ്ങല പൊട്ടിച്ചത് ഏറെ മാതൃകാപരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദൈവത്തിന്റെ ശബ്ദം,  സുരക്ഷിതത്വം, പുരോഗതി, ക്ഷേമം എന്നിവ വാഗ്ദാനം ചെയ്യുന്ന മറ്റു സ്വരങ്ങളുടെ ഇടയിൽ ഒന്നെന്ന നിലയിൽ മാത്രം കണക്കാക്കി കൊണ്ട്,  പങ്കുവയ്ക്കുന്ന മാനവരാശിയുടെ യാത്രയിൽ പ്രാധാന്യം കല്പിക്കപ്പെടുന്നില്ല എന്നതും സന്ദേശത്തിൽ അദ്ദേഹം എടുത്തു പറഞ്ഞു. എന്നാൽ ദൈവീക സ്വരം,  നീതിയുക്തവും കൂടുതൽ സാഹോദര്യപരവുമായ ഒരു ലോകത്തേക്ക് നമ്മുടെ ചുവടുകളെ നയിക്കുന്നുവെന്നും, ഇത് തിന്മ തിരികെ കൊണ്ടുവരാതിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നുവെന്നും ഫാ. റോബെർത്തോ പറഞ്ഞു.

ക്രിസ്തുവിന്റെ കുരിശ്, നമ്മുടെ കൈകളിൽ ഇപ്പോഴും പിടിച്ചിരിക്കുന്ന ആയുധങ്ങൾ താഴെ വയ്ക്കാൻ, കുറഞ്ഞത് നമ്മുടെ ഹൃദയങ്ങളിലെങ്കിലും തീരുമാനിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  വെറുപ്പും അക്രമവും കൊണ്ട് കീറിമുറിക്കപ്പെട്ട, യുദ്ധങ്ങളെയും മരണമുറപ്പിക്കുന്ന  തീരുമാനങ്ങളെയും ന്യായീകരിക്കാൻ ദൈവത്തിന്റെ നാമം ഉപയോഗിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിൽ, മറ്റുള്ളവരുടെ സേവനത്തിനായി സ്വന്തം ജീവൻ സമർപ്പിച്ച കർത്താവിന്റെ കുരിശിനെ സമീപിക്കുവാനും ഫാ. റോബെർത്തോ ഏവരെയും ക്ഷണിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 ഏപ്രിൽ 2026, 08:14