പാത്രിയർക്കീസ് പോളിസ് മൂന്നാമൻ നോനായുടെ സ്ഥാനാരോഹണച്ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം പാത്രിയർക്കീസ് പോളിസ് മൂന്നാമൻ നോനായുടെ സ്ഥാനാരോഹണച്ചടങ്ങിൽനിന്നുള്ള ഒരു ദൃശ്യം 

സഭാപാരമ്പര്യങ്ങളോട് വിശ്വസ്തതയോടെ അജപാലനശുശ്രൂഷ നടത്താൻ കൽദായസഭാദ്ധ്യക്ഷനെ ക്ഷണിച്ച് കർദ്ദിനാൾ ഗുജറോത്തി

കൽദായസഭയുടെ പുതിയ പാത്രിയർക്കീസ് പോളിസ് മൂന്നാമൻ നോനായുടെ സ്ഥാനാരോഹണച്ചടങ്ങുകൾ മെയ് 29 വെള്ളിയാഴ്ച ബാഗ്ദാദിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടന്നു. പാരമ്പര്യങ്ങളോട് വിശ്വസ്തത പുലർത്തിയും സുവിശേഷസന്ദേശം സന്തോഷപൂർവ്വം പങ്കിട്ടും ശുശ്രൂഷ നടത്താൻ, ചടങ്ങിൽ സംബന്ധിച്ച പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ ഗുജറോത്തി പാത്രിയർക്കീസിനെ ക്ഷണിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കൽദായസഭയുടേതുൾപ്പെടെ സഭാപാരമ്പര്യങ്ങളോട് വിശ്വസ്തത പാലിച്ചുകൊണ്ട് അജപാലനശുശ്രൂഷ നടത്താൻ കൽദായസഭയുടെ പുതിയ അദ്ധ്യക്ഷൻ പാത്രിയാർക്കീസ് പോളിസ് മൂന്നാമൻ നോനായെ ആഹ്വാനം ചെയ്‌ത്‌ കർദ്ദിനാൾ ഗുജറോത്തി. സംഘർഷങ്ങളും യുദ്ധങ്ങളും മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മദ്ധ്യപൂർവ്വദേശത്തും വിവിധ വിദേശരാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന കൽദ്ദായസഭയുടെ അദ്ധ്യക്ഷനായി റോമിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട പാത്രിയർക്കീസിന്റെ സ്ഥാനാരോഹണച്ചടങ്ങളിൽ സംബന്ധിക്കവെയാണ് പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ ക്ലൗദിയോ ഗുജറോത്തി ഇത്തരമൊരു ആഹ്വാനം നടത്തിയത്. ഇറാക്കിലെ ബാഗ്ദാദിൽ വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ മെയ് 29 വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയായിരുന്നു സ്ഥാനാരോഹണച്ചടങ്ങുകൾ നടന്നത്.

പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായി പാത്രിയർക്കീസിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ സംബന്ധിച്ച കർദ്ദിനാൾ ഗുജറോത്തി, ഇത് ഒരു ചരിത്രമുഹൂർത്തമാണെന്ന് അഭിപ്രായപ്പെട്ടു. അതിപുരാതനവും ഏറെ ശ്രദ്ധേയവുമായ ഒരു ചരിത്രമാണ് കൽദായസഭയുടേതെന്ന് അനുസ്മരിച്ച അദ്ദേഹം, യുദ്ധങ്ങളാലും സംഘർഷങ്ങളാലും മുറിവേറ്റ മദ്ധ്യപൂർവ്വദേശങ്ങളിൽ സഭയുടെ സാന്നിദ്ധ്യം ഏറെ സ്വീകാര്യവും ബഹുമാനാർഹവുമാണെന്ന് പ്രസ്താവിച്ചു.

കൽദായസഭയിലേതുൾപ്പെടെയുള്ള വിശ്വാസികൾ വിശുദ്ധിയുടെ മാതൃകയെയാണ് പുതിയ പാത്രിയർക്കീസിൽ പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ട ഡികാസ്റ്ററി അദ്ധ്യക്ഷൻ, അവിടുത്തെ വൈദികരിലും സമർപ്പിതരിലും നിന്ന് സഭാംഗങ്ങൾ പ്രതീക്ഷിക്കുന്നത് സ്വാർത്ഥതാത്പര്യങ്ങളോ കപടതയോ ഇല്ലാത്ത ശുശ്രൂഷയാണെന്നും ഓർമ്മിപ്പിച്ചു.

കൽദായസഭയുടെ സുവിശേഷപ്രഘോഷണനിയോഗം ആവശ്യപ്പെടുന്ന എല്ലാക്കാര്യങ്ങളിലും പരിശുദ്ധ സിംഹാസനത്തിന്റെ സഹായവും സഹകരണവും കർദ്ദിനാൾ ഗുജറോത്തി വാഗ്ദാനം ചെയ്തു. വിശ്വാസത്തിന്റെ ഒരു പുതിയ വസന്തം ജീവിക്കാനും, ക്രൈസ്തവവിശ്വാസത്തിന്റെ ഭാഗമായ സ്നേഹം പങ്കിടാനും, സുവിശേഷപ്രഘോഷണം തുടരാനും സഭയ്ക്ക് പുതിയ പാത്രിയർക്കീസിന്റെ കീഴിൽ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം വിശ്വാസികളുള്ള ഈ സഭയെ 2013 മുതൽ 2026 മാർച്ച് വരെ നയിച്ച പാത്രിയർക്കീസ് കർദ്ദിനാൾ ലൂയിസ് റഫായേൽ സാക്കോ ഒന്നാമൻ സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്ന് റോമിൽ സമ്മേളിച്ച ഈ സഭാനേതൃത്വം തിരഞ്ഞെടുത്ത പാത്രിയർക്കീസ് പോളിസ് മൂന്നാമൻ നോനായ്ക്ക് ഏപ്രിൽ 28-ന് ലിയോ പതിനാലാമൻ പാപ്പാ പൗരസ്ത്യസഭാ കാനോനിക നിയമമനുസരിച്ച് (Codex Canonum Ecclesiarum Orientalium 76, §2) സഭൈക്യ കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 മേയ് 2026, 12:37