കർദ്ദിനാൾ പിയെത്രോ പരോളീൻ കർദ്ദിനാൾ പിയെത്രോ പരോളീൻ 

“സമാധാനത്തിന്റെ വക്താവായി ലിയോ പാപ്പാ ഇനിയും മുന്നോട്ട് പോകും”: കാർഡിനൽ പരോളീൻ

ലിയോ പതിനാലാമൻ പാപ്പയുടെ സമാധാനത്തിനു വേണ്ടിയുള്ള നിരന്തരമായ ആഹ്വാനം, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രെമ്പ് തുടങ്ങിയ ലോകനേതാക്കൾക്കിടയിൽ വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ, സമാധാനം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ നിലപാട് ഇനിയും തുടരുമെന്ന് കർദ്ദിനാൾ പിയെത്രോ പരോളീൻ തെക്കേ ഇറ്റലിയിലെ സാൻ ജോവാനി റൊത്തോന്തോയിൽ സന്ദർശനം നടത്തിയ അവസരത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം നടത്തിയത്.

വത്തിക്കാന്‍ ന്യൂസ്

സമാധാനത്തിന് വേണ്ടിയുള്ള പരിശുദ്ധ പിതാവിന്റെ നിലപാടുകളെ പിന്തുണച്ചും, സഭയുടെ ദൗത്യം ഇതിൽനിന്ന് വ്യത്യസ്തമല്ലെന്നും പ്രസ്താവിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരോളീൻ. ഇറാനിലേതുൾപ്പെടെയുള്ള യുദ്ധങ്ങളുമായി ബന്ധപ്പെട്ട് പാപ്പാ നടത്തിയ പ്രസ്താവനയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം.

ഈ ചോദ്യങ്ങളും പരാമർശങ്ങളുമായി ബന്ധപ്പെട്ട് പാപ്പാ ഇതിനോടകം തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും, അത് തികച്ചും ക്രൈസ്‌തോവോചിതമായ ഒന്നായിരുന്നുവെന്നും, തന്റെ ഉത്തരവാദിത്തം ആവശ്യപ്പെടുന്നതുപോലെ തന്നെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും, പറഞ്ഞ കർദ്ദിനാൾ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പുതിയ വിമർശനങ്ങളെക്കുറിച്ച്, ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിനിടെ മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കവെ, ലിയോ പാപ്പ മുന്നോട്ടുവച്ച നിലപാട് ആവർത്തിച്ചു. “സമാധാനത്തിനു വേണ്ടിയുള്ള മാർപാപ്പയുടെ ആഹ്വാനത്തിന് മാറ്റമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദക്ഷിണ ഇറ്റലിയിലെ സാൻ ജോവാനി റൊത്തോന്തോയിൽ പലതരം രോഗങ്ങളാൽ കഷ്ട്ടപെടുന്നവർക്കുള്ള ആശ്വാസകേന്ദ്രമായ 'കാസ സൊള്ളിയേവോ ദെല്ല സോഫെറെൻസ’യുടെ എഴുപതാം വാർഷികാഘോഷങ്ങളിൽ സംബന്ധിക്കുന്നതിനെത്തിയ അവസരത്തിലാണ് കർദ്ദിനാൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. വിശുദ്ധ പാദ്രെ പിയോ 1956-ൽ സ്ഥാപിച്ചതാണ് ഈ ആശുപത്രി. ഇന്ന് ഇത് ദക്ഷിണ ഇറ്റലിയിലെ പ്രധാന ചികിത്സാ-ഗവേഷണ കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്.

മാർപാപ്പാ തന്റെ ദൗത്യത്തിൽ മുന്നോട്ട് പോകുന്നുവെന്നും, സുവിശേഷം പ്രഘോഷിക്കുകയും  സമാധാനത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും, വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നതുപോലെ, ‘സന്തോഷങ്ങളിലും ക്ലേശങ്ങളിലും അദ്ദേഹം തന്റെ ഈ സന്ദേശം തുടരുമെന്നും പാപ്പയുടെ നിലപാട് വിശദീകരിച്ചുകൊണ്ട് കാർഡിനൽ പരോളിൻ പറഞ്ഞു. ലിയോ പതിനാലാമൻ പാപ്പായും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാക്രോ റുബിയോയുമായി മെയ് ഏഴാം തീയതി വത്തിക്കാനിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയുടെ കൂടി പശ്ചാത്തലത്തിലാണ് കർദ്ദിനാളിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്.

പാപ്പയുടെ പ്രതികരണങ്ങളും ആണവായുധങ്ങളോടുള്ള സഭയുടെ നിലപാടും സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലും, സമാധാനവും മനുഷ്യകുലത്തിന്റെ സുരക്ഷയും മുൻനിറുത്തിയുള്ള നിലപാടാണ് വത്തിക്കാൻ തുടർന്നും കൈക്കൊള്ളുന്നതെന്ന് കർദ്ദിനാൾ പരോളീൻ പ്രസ്താവിച്ചു. വത്തിക്കാന്റെ  നിലപാട് ഈ കാര്യങ്ങളിൽ വ്യക്തമാണെന്നും ലോകത്ത് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, സമാധാനവും സംഭാഷണവും മാത്രമാണ് മുന്നോട്ടുള്ള വഴിയെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 മേയ് 2026, 13:50