വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മ നടത്തിയ മെത്രാഭിഷേകം: സഭയിൽനിന്ന് പുറത്താകുന്നത് സംബന്ധിച്ച ഡിക്രി
വത്തിക്കാന്‍ ന്യൂസ്
വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മയിലെ മെത്രാന്മാരായ അഭി. അൽഫോൻസോ ദേ ഗലറേത്ത (Alfonso de Galarreta) ബെർണാഡ് ഫെല്ല (Bernard Fellay), പുതുതായി വാഴിക്കപ്പെട്ട മെത്രാന്മാരായ പാസ്കൽ ഷ്റൈബർ (Pascal Schreiber), മൈക്കിൾ ഗോൾഡേഡ് (Michael Goldade), മൈക്കിൾ പ്വാൻസിനെ ദ് സിവ്രി (Michel Poinsinet de Sivry ), മാർക്ക് ഹാപ്പീർ (Marc Hanappier) എന്നിവർ, "സഭയിൽ പിളർപ്പുണ്ടാക്കുന്ന വിധത്തിലുള്ള പ്രവൃത്തിയായ", പരിശുദ്ധ പിതാവിന്റെ അനുമതികൂടാതെയുള്ള മെത്രാഭിഷേകചടങ്ങ് നടത്തിയതിനാൽ, സഭയിൽനിന്നുള്ള സ്വയം പുറത്താകലിന് (latae sententiae excommunication) ഈ പ്രവൃത്തിയാൽത്തന്നെ എത്തിച്ചേർന്നിരിക്കുന്നുവെന്ന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ ഡികാസ്റ്ററി അദ്ധ്യക്ഷൻ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഒപ്പിട്ട ഡിക്രി വ്യക്തമാക്കി. ഡികാസ്റ്ററിയുടെ രണ്ട് സെക്രട്ടറിമാരും ഒപ്പിട്ടിട്ടുള്ള ഈ ഡിക്രി, സഭ മുന്നറിയിപ്പ് നൽകിയിരുന്ന സ്ഥിതിവിശേഷത്തെയാണ് വ്യക്തമാക്കുന്നത്. സ്വിറ്റ്‌സർലണ്ടിലെ എകോണിൽ ജൂലൈ ഒന്നാം തീയതി നടന്ന മെത്രാഭിഷേകച്ചടങ്ങുകൾക്ക് ഇരുപത്തിനാല് മണിക്കൂറുകൾക്ക് ശേഷമാണ് ഡികാസ്റ്ററി ഈ രേഖ പുറത്തുവിട്ടത്. ബിഷപ്പ് അൽഫോൻസോ ദേ ഗലറേത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന മെത്രാഭിഷേക ചടങ്ങിൽ ബിഷപ് ബെർണാഡ് ഫെല്ല സഹകാർമ്മികനായിരുന്നു.
മുൻ വിശ്വാസ തിരുസംഘം പുറത്തുവിട്ട ഈ ഡിക്രി, മെത്രാഭിഷേകം നടത്തുക വഴി അഭിഷേകം ചെയ്തവരും അഭിഷിക്തരും, ഈ പ്രവൃത്തി മുൻകൂട്ടി കാണുന്ന "സഭയിൽനിന്നുള്ള പുറത്താകൽ"നടപടിയിലേക്ക് എത്തിച്ചേർന്നുവെന്നത് വ്യക്തമാക്കുന്നു. ലിയോ പതിനാലാമൻ പാപ്പാ പലവുരു പ്രകടിപ്പിച്ച അഭിപ്രായത്തിന് എതിരായി ലെഫേബ്രിന്റെ സമൂഹം എടുത്ത തീരുമാനത്തിന്റെ ഫലമാണ് ദുഃഖകരമായ ഈ സംഭവം. "സഭയിൽനിന്നുള്ള ഈ പുറത്താകൽ" വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മയിലെ മെത്രാന്മാരെയും വൈദികരെയും റോമിലെ സഭയിൽനിന്ന് അകറ്റിക്കളയുന്ന ഒന്നാണ്.
വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മയോട് ഔദ്യോഗികമായി ചേർന്ന് നിൽക്കാൻ തീരുമാനിക്കുന്ന അൽമായ വിശ്വാസികളും "സഭയിൽനിന്ന് പുറത്താകുന്നതായാണ്" കണക്കാക്കേണ്ടത്. ലെഫേബ്രിന്റെ സമൂഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡികാസ്റ്ററി ഇതേദിവസം പുറത്തിറക്കിയ ഒരു വിശദീകരണക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഡികാസ്റ്ററിയുടെ വിശദീകരണരേഖയിലൂടെ
വിശുദ്ധ പോൾ ആറാമൻ പാപ്പായുടെ കാലം മുതൽ അടുത്തിടെ വരെ ഈ ഡികാസ്റ്ററിയിൽ നടന്ന സംവാദങ്ങളിലൂടെ ആർച്ച്ബിഷപ് മാർസെൽ ലെഫേബ്ര് ആരംഭിച്ച സമൂഹത്തോട് ചേർന്ന് നിൽക്കുന്നവരെ കത്തോലിക്കാസഭയോടുള്ള ഐക്യത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നിരവധിയായ ശ്രമങ്ങൾ നടത്തിയിരുന്നു എങ്കിലും അവ ഏറെ ഫലം കണ്ടിരുന്നില്ല. ഈ അവസ്ഥ, പരിശുദ്ധ പിതാവിന്റെ അനുമതിയില്ലാതെ കഴിഞ്ഞ ദിവസം നടന്ന മെത്രാഭിഷേകച്ചടങ്ങുകളോടെ കൂടുതൽ വഷളാവുകയായിരുന്നു. കാനോനികനിയമത്തിന്റെ തുറന്ന ലംഘനമാണ് ഈ ചടങ്ങിലൂടെ ഉണ്ടായത്. ഈ ബോധ്യങ്ങളാൽ, തന്നിൽ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വമനുസരിച്ച്, മേൽപ്പറഞ്ഞ മെത്രാഭിഷേകച്ചടങ്ങിലൂടെ വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മ ചെയ്ത പ്രവൃത്തി "ശീശ്മ"യിലേക്കാണ് നയിച്ചതെന്ന് ഡികാസ്റ്ററി മനസിലാക്കുന്നു. ഈ പ്രവൃത്തി, അതിലുൾപ്പെട്ട സമർപ്പിതരെയും അൽമായവിശ്വാസികളെയും കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് ഈ തിന്മയിലേക്കാണ്. 1988-ൽത്തന്നെ, "ഇത്തരം അനുസരണക്കേട് റോമിന്റെ പ്രാമുഖ്യത്തെ പ്രായോഗികമായി തള്ളിക്കളയുന്ന ഒന്നായതിനാൽത്തന്നെ സഭയിൽനിന്ന് പുറത്താക്കുന്ന ഒരു പ്രവൃത്തിയാണ്" (ജോൺ പോൾ രണ്ടാമൻ പാപ്പാ, അപ്പസ്തോലിക ലേഖനം എക്ലേസിയ ദേയി, 3) എന്ന് പ്രഖ്യാപിച്ചിരുന്നു.
ഇക്കാരണങ്ങളാൽ,
1. ഇനിമുതൽ വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മയിലെ സമർപ്പിതർ ശീശ്മയിലായതുകൊണ്ടുതന്നെ, അവർ കാനോനികനിയമം (can. 1364 § 1 CIC) അനുശാസിക്കുന്ന പുറത്താക്കൽ നടപടിയനുസരിച്ച് സഭയിൽനിന്ന് പുറത്തായിട്ടുള്ളവരായി കണക്കാക്കണം (cfr. Ecclesia Dei, 5 c; Pontificio Consiglio per i Testi Legislativi, Nota esplicativa sulla scomunica per scisma in cui incorrono gli aderenti al movimento del Vescovo Marcel Lefebvre, 24.08.1996, 5-6).
2. ഈ സമൂഹത്തിലെ അൽമായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, അവർ ഔദ്യോഗികമായി വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മയോട്, 1996-ൽ നിയമരേഖകൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ നൽകിയിരുന്നതും ഇപ്പോഴും സാധുതയുള്ളതുമായ വിശദീകരണരേഖയിൽ പറയുന്നതനുസരിച്ച്, ചേർന്ന് നിൽക്കുന്നുവെങ്കിൽ അവരും ശീശ്മയിൽപ്പെട്ടവരും സഭയിൽനിന്ന് പുറത്താക്കപ്പെട്ടവരുമായി കണക്കാക്കപ്പെടും.
3. അവസാനമായി, വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മയിലെ സമർപ്പിത ശുശ്രൂഷകർ നടത്തുന്ന കൂദാശകൾ നിയമാനുസൃതമല്ലെന്നും, അവർ നടത്തുന്ന കുമ്പസാരവും വിവാഹവും അസാധുവാണെന്നും ദൈവജനത്തെ അറിയിക്കുന്നു.
പൂർണ്ണമായ കൂട്ടായ്മയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും, ആത്മാർത്ഥമായ സ്നേഹത്തോടും അഗാധമായ കരുതലോടും കൂടി കരുതലുള്ള ഒരു അമ്മയെപ്പോലെ സഭ സ്വീകരിക്കും. വിവിധ സാഹചര്യങ്ങളിൽ അതത് മെത്രാന്മാർക്ക് (Ordinaries) സ്വീകരിക്കാവുന്ന നടപടിക്രമങ്ങൾക്കായി അപ്പസ്തോലിക നൂൺഷ്യോമാർ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പാപ്പായുമായും അദ്ദേഹവുമായി ഐക്യത്തിലുള്ള മെത്രാന്മാരുമായും സാർവത്രിക സഭയുമായും ഉള്ള കൂട്ടായ്മയിൽ ഉറച്ചുനിൽക്കാനും (Lumen Gentium 22; Can. 751 CIC), "വിശുദ്ധ പത്താം പീയൂസിന്റെ പൗരോഹിത്യ കൂട്ടായ്മ'നടത്തുന്ന വിശുദ്ധ ബലിയർപ്പണങ്ങളിലും അവർ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും എല്ലാ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.