ആർച്ചുബിഷപ്പ് വിശുദ്ധ ബലി  അർപ്പിക്കുന്നു ആർച്ചുബിഷപ്പ് വിശുദ്ധ ബലി അർപ്പിക്കുന്നു   (foto © TerzaLoggia - X)

വത്തിക്കാൻ - നൈജീരിയ നയതന്ത്ര ബന്ധത്തിന് 50 വർഷം

വത്തിക്കാനും നൈജീരിയയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ പരിശുദ്ധ സിംഹാസനത്തിന്റെ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ നൈജീരിയയിൽ സന്ദർശനം നടത്തുന്നു. ജൂലൈ 2-ന് ആരംഭിച്ച ആറു ദിവസത്തെ സന്ദർശനം ഏഴാം തീയതി സമാപിക്കും

വത്തിക്കാൻ ന്യൂസ്

കഴിഞ്ഞ അമ്പതു വർഷങ്ങളായി നയതന്ത്ര മേഖലയിൽ,  വത്തിക്കാനും നൈജീരിയയും തുടരുന്ന ബന്ധത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ പങ്കുചേരാൻ പരിശുദ്ധ സിംഹാസനത്തിന്റെ, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ സെക്രട്ടറി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലഘർ നൈജീരിയയിൽ ജൂലൈ മാസം രണ്ടാം തീയതി മുതൽ സന്ദർശനം നടത്തി വരുന്നു.

സന്ദർശനത്തിന്റെ ഭാഗമായി ആർച്ച് ബിഷപ്പ് ഗാലഗർ നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി രാഷ്ട്രപതി വില്ലയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. നൈജീരിയയിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ സമാധാനവും സഹിഷ്ണുതയും ഉറപ്പാക്കാനും സർവ്വമത സംവാദങ്ങൾക്ക് മുൻഗണന നൽകാനും തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് ടിനുബു വ്യക്തമാക്കി. വിദേശകാര്യ മന്ത്രി ബിങ്ക ഒഡുമെഗ്വു ഒജുക്വു, എക്കോവാസ് കമ്മീഷൻ പ്രസിഡന്റ് ഒമർ ലൂറെ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ഞായറാഴ്ച രാവിലെ അബുജയിലെ ഗാർക്കിയിലുള്ള 'ഔവർ ലേഡി ക്വീൻ ഓഫ് നൈജീരിയ' പ്രോ-കത്തീഡ്രലിൽ നയതന്ത്ര ബന്ധത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കൃതജ്ഞതാ ബലിയിൽ ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിച്ചു.

മൂന്ന് കോടിയിലധികം കത്തോലിക്കരും പതിനായിരത്തിലധികം വൈദികരുമുള്ള നൈജീരിയ, ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ കത്തോലിക്കാ സഭയ്ക്ക് വലിയ സ്വാധീനമുള്ള രാജ്യമാണ്. എന്നാൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വത്തിക്കാൻ പ്രതിനിധിയുടെ ഈ സന്ദർശനം എന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.

1974-ലാണ് വത്തിക്കാനും നൈജീരിയയും തമ്മിൽ ഔദ്യോഗികമായി നയതന്ത്ര ബന്ധം ആരംഭിച്ചത്. ഈ അരനൂറ്റാണ്ടിന്റെ സൗഹൃദം പുതുക്കാനും ഭാവി സഹകരണം ശക്തമാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു ആർച്ച് ബിഷപ്പിന്റെ സന്ദർശനം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

07 ജൂലൈ 2026, 10:50