ആർച്ച്ബിഷപ് ഗാല്ലഗർ - ഉക്രൈൻ സന്ദർശനത്തിൽനിന്നുള്ള ഒരു ദൃശ്യം ആർച്ച്ബിഷപ് ഗാല്ലഗർ - ഉക്രൈൻ സന്ദർശനത്തിൽനിന്നുള്ള ഒരു ദൃശ്യം 

സമാധാനസ്ഥാപനത്തിനായി നയതന്ത്രവും ചർച്ചകളും: ആർച്ച്ബിഷപ് ഗാല്ലഗർ മോസ്കോയിലേക്ക്

ദീർഘനാളുകളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ കൂടി പശ്ചാത്തലത്തിൽ വത്തിക്കാൻ നയതന്ത്രജ്ഞനും വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവനുമായ ആർച്ച്ബിഷപ് ഗാല്ലഗർ ഓഗസ്റ്റ് 24 മുതൽ 28 വരെ മോസ്‌കോ സന്ദർശിക്കുമെന്ന് പരിശുദ്ധ സിംഹാസനം അറിയിച്ചു. രാജ്യത്തെ ഓർത്തഡോക്സ്, കത്തോലിക്കാസഭാ നേതൃത്വങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും

വത്തിക്കാൻ ന്യൂസ്

സമാധാനത്തിനായി നയതന്ത്രത്തിന്റെയും സംവാദങ്ങളുടെയും പ്രാധാന്യം എടുത്തുകാട്ടുന്നതിന്റെ ഭാഗമായി, വത്തിക്കാനും വിദേശരാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം തലവൻ ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ റഷ്യ സന്ദർശിക്കും. ദീർഘനാളുകളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്രജ്ഞൻ കൂടിയായ അദ്ദേഹം മോസ്കോയിലെത്തുക. ഓഗസ്റ്റ് 24 മുതൽ 28 വരെ തീയതികളിലായിരിക്കും അദ്ദേഹം രാജ്യത്ത് തുടരുക.

മോസ്‌കോ സന്ദർശനം

സമാധാനവും സംവാദങ്ങളും പ്രോത്സാഹിപ്പിക്കാൻ വേണ്ടിയുള്ള ഈ യാത്രയുടെ ഭാഗമായി രാജ്യത്തെ ഭരണകൂട പ്രതിനിധികളുമായും ഓർത്തഡോക്സ് സഭാനേതൃത്വങ്ങളുമായും, രാജ്യത്തെ കത്തോലിക്കാസമൂഹവുമായും ആർച്ച്ബിഷപ് ഗാല്ലഗർ കൂടിക്കാഴ്ചകൾ നടത്തും. നയതന്ത്രപരമായ ചർച്ചകൾക്കൊപ്പം അങ്ങനെ സഭാപരവും എക്യൂമെനിക്കൽ സ്വഭാവമുള്ളതും ആയ വിവിധ കൂടിക്കാഴ്ചകളും ഈ യാത്രയുടെ ലക്ഷ്യമായിരിക്കും.

ആഗോളതലത്തിൽ വിവിധ രാജ്യങ്ങൾക്കിടയിൽ യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, സംവാദങ്ങളുടെയും നയതന്ത്രത്തിന്റെയും സഹായത്തോടെ സമാധാനസ്ഥാപനം സാധ്യമാക്കുകയെന്ന പരിശുദ്ധ സിംഹാസനത്തിന്റെ നയമാണ് ഈ യാത്രയിലും കാണാനാകുന്നത്.

റഷ്യയിലേക്കുള്ള മടങ്ങിവരവ്

2021 നവംബറിൽ മോസ്‌കോ സന്ദർശിച്ച ആർച്ച്ബിഷപ് ഗാല്ലഗർ, അന്നത്തെ പ്രധാനമന്ത്രി മിഖായിൽ മിഷുസ്തിൻ (Mikhail Mishustin), വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് (Sergey Lavrov), അന്നത്തെ മോസ്കോ പാത്രിയർക്കേറ്റിന്റെ വിദേശസഭാ ബന്ധ വിഭാഗം മേധാവിയായിരുന്ന ഹിലാരിയോൺ അൽഫെയേവ് (Hilarion Alfeyev) മെത്രാപ്പോലീത്ത എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. 2022 മുതൽ വിദേശസഭാ ബന്ധ വിഭാഗത്തെ അദ്ദേഹത്തിന്റെ പിൻഗാമി ആന്റണി സെവ്ര്യുക് മെത്രാപ്പോലീത്തയാണ് നയിക്കുന്നത്.

സഭയുമായുള്ള കൂടിക്കാഴ്ച

റഷ്യയിലെ ചെറിയ കത്തോലിക്കാസമൂഹവുമായും വത്തിക്കാൻ നയതന്ത്രജ്ഞൻ കൂടിക്കാഴ്ച നടത്തും. രാജ്യത്തെ കത്തോലിക്കാ മെത്രാന്മാരും, സമർപ്പിതസമൂഹവുമായുള്ള കൂടിക്കാഴ്ചകളും വിശുദ്ധ ബലിയർപ്പണവും ഈ യാത്രയുടെ ഭാഗമായി ഉണ്ടാകും. മോസ്കോ ആസ്ഥാനമായി ദൈവമാതാവിന്റെ പേരിലുള്ള (Mother of God) അതിരൂപതയ്ക്കൊപ്പം സരത്തോവ് (Saratov), നോവോസിബിർസ്ക് (Novosibirsk), ഇർകുത്സ്ക് (Irkutsk) എന്നീ രൂപതകളുമാണ് രാജ്യത്തെ കത്തോലിക്കാ സഭയ്ക്കുള്ളത്.

ഉക്രയിൻ സന്ദർശനം

ഉക്രൈനിലും റഷ്യയിലുമുൾപ്പെടെ എല്ലായിടങ്ങളിലും സമാധാനം പ്രോത്സാഹിപ്പിക്കുകയെന്ന പരിശുദ്ധ സിംഹാസനത്തിന്റെ നയത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈ 17 വ്യാഴാഴ്ച മുതൽ ജൂലൈ 21 ചൊവ്വാഴ്ച വരെ ആർച്ച്ബിഷപ് ഗാല്ലഗർ ഉക്രൈൻ സന്ദർശിക്കുകയും വിവിധ ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

22 ഓഗസ്റ്റ് 2026, 13:56