പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻമത വിഭാഗത്തില്‍പ്പെട്ട അർസൂ റാഹയുടെ മതപരിവർത്തനത്തിനും നിർബന്ധിത വിവാഹത്തിനും എതിരായ പ്രകടനം പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻമത വിഭാഗത്തില്‍പ്പെട്ട അർസൂ റാഹയുടെ മതപരിവർത്തനത്തിനും നിർബന്ധിത വിവാഹത്തിനും എതിരായ പ്രകടനം 

പാക്കിസ്ഥാനില്‍ നിർബന്ധിതവിവാഹത്തെ തടയുന്ന നിയമത്തെ എതിർത്ത് മുസ്ലിം പുരോഹിതർ.

ശിക്ഷാഭീതിയില്ലാത്ത സംസ്കാരം വേണ്ടായെന്ന് സഭ.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍  ന്യൂസ്

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളും മനുഷ്യാവകാശ സംഘടനകളും വളരെ കാലമായി ആവശ്യപ്പെടുന്ന ഒന്നാണ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നിർബന്ധിത മതപരിവർത്തനത്തിനെതിരായ നിയമം. ഈ ഏഷ്യൻ രാജ്യത്ത് നിർബ്ബന്ധിത വിവാഹത്തിനും മതപരിവത്തനത്തിനുമായി മുസ്ലിം ഇതര പെൺകുട്ടികളെ തട്ടിയെടുക്കുന്ന പ്രതിഭാസവും അത് ശിക്ഷിക്കപ്പെടാതെ പോകുന്നതും അധികാരികൾ കണ്ണടക്കുന്നതുമായ സംഭവങ്ങൾ തുടർച്ചയായി ഉയർന്നു കൊണ്ടിരിക്കുകയാണെന്ന് സമീപകാല റിപ്പോർട്ടുകൾ തെളിവു നൽകുന്നു.

ഇത്തരം പ്രവർത്തികളെ നിരോധിക്കുന്ന ഒരു ബിൽ മതകാര്യങ്ങൾക്കായുള്ള സ്ഥിരം സമിതിയും അന്തർമതമൈത്രിയും  ചേർന്ന് 2019 മുതൽ ഉയർത്തി കൊണ്ടുവരികയും കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു പാർലമെന്‍ററി കമ്മീഷൻ ഒരു ന്യായാധിപന്‍റെ അനുമതിയോടെ  "പക്വതയാർന്ന അല്ലെങ്കിൽ "പ്രായപൂർത്തിയായ വ്യക്തി"ക്ക് മാത്രമെ മതം മാറാൻ കഴിയൂ എന്ന് പ്രത്യേകം ബില്ലിൽ പരാമർശിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത് ചില മുസ്ലിം പുരോഹിതർക്ക് ഇഷ്ടപ്പെടാതെ വരികയും അവർ #ഇസ്ലാം മുഖാലിഫ് ബിൽ അഥവാ ഇസ്ലാമിനെതിരായ ബിൽ നിരോധിക്കുക എന്ന ഹാഷ്ടാഗിൽ പ്രചാരണം തുടങ്ങുകയും ചെയ്തു. ഈ ബില്ലുകൊണ്ടു വന്ന നവീദ് അമീർ ജീവാ എന്ന ക്രിസ്തീയനായ പാർലമെന്‍റ് അംഗത്തിനെതിരെയാണ് ഈ പ്രചാരണം ലക്ഷ്യമിടുന്നത്.

പുരോഹിതഭാഷ്യമനുസരിച്ച് ഈ ബിൽ ഇസ്ലാമിനും ഖുറാനുമെതിരേയാണ്. ഒരു ബില്ലും ഖുറാൻ പഠനങ്ങൾക്കും സുന്നായ്ക്കും (പ്രവാചകൻ കൈമാറിയ ഈ പെരുമാറ്റ ചട്ടങ്ങൾ ഇസ്ലാമിന്‍റെ വിശുദ്ധ ഗ്രന്ഥങ്ങൾക്കൊപ്പം മുസ്ലിം നിയമമായ ഷരിയായുടെ അടിസ്ഥാനമാണ്) വിരുദ്ധമായി അംഗീകരിക്കാനാവില്ല, കാരണം ഖുറാന് കീഴിലാണ് പാക്കിസ്ഥാന്‍റെ ഭരണഘടന എന്ന് മതസൗഹാർദ്ദത്തിനായുള്ള പ്രത്യേക പ്രതിനിധിയായി പ്രധാനമന്ത്രി ഇമ്രാം ഖാൻ നിയമിച്ച മതാചാര്യൻ തഹീർ മെഹ് മൂദ് അഷ്റഫ് പറഞ്ഞു.

കത്തോലിക്കാ സഭ കാലങ്ങളായി നിർബന്ധിത മതപരിവർത്തനം തടയുന്ന ഒരു ബില്ലിനു വേണ്ടി സമ്മർദ്ദം ചെലത്തുന്നു. മുസ്ലിം പുരോഹിതരുടെ ഈ നിലപാട് ആശങ്കാജനകവും അസ്വീകാര്യവുമാണ് എന്ന് കമീലിയൻ വൈദീകനായ മുഷ്താഖ് അഞ്ചും അറിയിച്ചു. മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം എന്നും  ഈ മനോഭാവത്തെ ഞങ്ങൾ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു.  "ഇത്തരം പ്രതികരണം ശിക്ഷ ലഭിക്കില്ലെന്ന സംസ്കാരത്തെ ശക്തിപ്പെടുത്തും. മനുഷ്യത്വരഹിതമായ സമ്പ്രദായങ്ങൾക്കെതിരെ പ്രതികരിക്കേണ്ടതും ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതമായ ഇടം നൽകേണ്ടതും ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വമാണ്" എന്നും  ന്യൂനപക്ഷങ്ങൾ നിരന്തരമായ വിവേചനത്തിനും പീഡനത്തിനും ഭീഷണിക്കും ഇരകളാണെന്നും അന്താരാഷ്ട്ര സമൂഹം പാക്കിസ്ഥാന്‍റെമേൽ സമ്മർദ്ദം ചെലുത്തണമെന്നും എന്ന് സന്യാസസഭാധികാരികളുടെ നീതിക്കും സമാധാനത്തിനുമായുള്ള കമ്മീഷന്‍റെ മുൻ എക്സിക്യൂട്ടീവ് സെക്രട്ടറി അഫ്താബ് അലക്സാണ്ടർ മുഗളും അഭിപ്രായപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 September 2021, 13:07