ഗാസാ നഗരത്തിൽ നടന്ന ആക്രമണത്തിന്റെ ഒരു ദൃശ്യം ഗാസാ നഗരത്തിൽ നടന്ന ആക്രമണത്തിന്റെ ഒരു ദൃശ്യം 

ലോകനേതൃത്വങ്ങൾ ഗാസായിൽ ഇടപെടണം: സേവ് ദി ചിൽഡ്രൻ ഉൾപ്പെടെയുള്ള സംഘടനകൾ

കഴിഞ്ഞ ദിവസം നടന്ന ഐക്യരാഷ്ട്രസഭാസമ്മേളനത്തിൽ ഗാസായിൽ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് വംശഹത്യയെന്ന പരാമർശം ഉയർന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, ലോകനേതൃത്വശക്തികൾ ഗാസാ പ്രശ്‌നപരിഹാരത്തിന് മുന്നോട്ടിറങ്ങണമെന്ന് സേവ് ദി ചിൽഡ്രൻ അന്തരാഷ്ട്രസംഘടന ഉൾപ്പെടെയുള്ള 20 സംഘടനകൾ. സെപ്റ്റംബർ 17 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ് ഗാസായിലെ ക്രൂരതകൾ അവസാനിപ്പിക്കുന്നതിനായും സമാധാനം പുനഃസ്ഥാപിക്കുന്നതിനായും അന്താരാഷ്ട്രതലത്തിലുള്ള ഇടപെടൽ വേണമെന്ന് സംഘടന ആവശ്യപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസായിലെ കടുത്ത പ്രതിസന്ധിയുടെയും അവിടുത്തെ ജനങ്ങൾ നേരിടുന്ന ആക്രമണങ്ങളുടെയും മുന്നിൽ, "ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ", അവിടെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് വംശഹത്യയെന്ന പരാമർശം ഉപയോഗിച്ചതിന്റെ കൂടി പശ്ചാത്തലത്തിൽ, അന്താരാഷ്ട്രനേതൃത്വം അവിടുത്തെ പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്ന് സേവ് ദി ചിൽഡ്രൻ അന്തരാഷ്ട്രസംഘടന  ഉൾപ്പെടെയുള്ള 20 സംഘടനകൾ ആവശ്യപ്പെട്ടു. അടുത്ത ആഴ്ച ലോകനേതാക്കൾ ഐക്യരാഷ്ട്രസഭയിൽ ഒരുമിച്ച് കൂടുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് സംഘടനകൾ സെപ്റ്റംബർ 17 ബുധനാഴ്ച ഇത്തരമൊരു സംയുക്തപ്രസ്താവന പുറത്തുവിട്ടത്.

ഗാസായിലെ ജീവനുകൾ ഇല്ലാതാകുന്നത് തടയുന്നതിനും, അവിടെ നടക്കുന്ന അധിനിവേശം അവസാനിപ്പിക്കുന്നതിനും ആഗോളനേതൃത്വം ഉടൻ നടപടിയെടുക്കണമെന്ന് സഘടനകൾ ആവശ്യപ്പെട്ടു. സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും അക്രമത്തിന്റെ പാത ഉപേക്ഷിക്കുകയും അന്താരാഷ്ട്രമാനവികനിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്നും പ്രസ്താവനയിലൂടെ ഈ മാനവികസംഘടനകൾ അഭ്യർത്ഥിച്ചു.

മുൻപില്ലാത്തവിധത്തിലുള്ള ഒരു മാനവികദുരന്തം മാത്രമല്ല ഇപ്പോൾ ഗാസായിൽ നടക്കുന്നതെന്നും, ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ പ്രസ്താവിച്ചതുപോലെ വംശഹത്യയാണെന്നും സംഘടനകൾ ഓർമ്മിപ്പിച്ചു. നമുക്ക് മനസ്സിലാക്കാൻ പോലുമാകാത്ത ഒരു അവസ്ഥയിലാണ് ഗാസായെന്ന് എഴുതിയ സംഘടനകൾ, അവിടുത്തെ ക്രൂരമായ മരണങ്ങൾക്കും ഗാസായിലെ ജനത്തിന്റെ സഹനങ്ങൾക്കും തങ്ങൾ സാക്ഷികളാണെന്ന് പ്രസ്താവിച്ചു.

ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം ആളുകൾ വസിച്ചിരുന്ന ഗാസാ നഗരം ഒഴിഞ്ഞുമാറാനുള്ള ഇസ്രയേലിന്റെ ഉത്തരവിന് മുന്നിൽ കൃത്യമായ നടപടികളെടുത്തില്ലെങ്കിൽ അവിടുത്തെ ദുരന്തം കൂടുതൽ വിനാശകരമായ ഘട്ടത്തിലേക്ക് കടക്കുമെന്നും, ഗാസാ ഇപ്പോൾത്തന്നെ വാസയോഗ്യമല്ലാതായിരിക്കുകയാണെന്നും സംഘടനകൾ അപലപിച്ചു.

ഇരുപതിനായിരത്തിൽപ്പരം കുട്ടികളുൾപ്പെടെ ഏതാണ്ട് അറുപത്തയ്യായിരത്തോളം പാലസ്തീൻകാർ ഇതിനോടകം കൊല്ലപ്പെട്ടുവെന്നും, ആയിരക്കണക്കിനാളുകളെക്കുറിച്ച് അറിവില്ലെന്നും പ്രദേശത്തുണ്ടായിരുന്ന ഇരുപത്തിയൊന്ന് ലക്ഷത്തോളം ആളുകളിൽ പത്തിൽ ഒൻപത് പേരും നിർബന്ധിത കുടിയിറക്കത്തിന് വിധേയരായിരിക്കുകയാണെന്നും സംഘടനകൾ പരാതിപ്പെട്ടു. ഇവരിൽത്തന്നെ അഞ്ചുലക്ഷത്തോളം ആളുകളെങ്കിലും കടുത്ത പട്ടിണിയനുഭവിക്കുകയാണെന്നും പ്രസ്താവനയിൽ ഈ മാനവികസംഘടനകൾ എഴുതി.

സമാധാനത്തിന്റെയും ആഗോളസുരക്ഷയുടെയും അടിസ്ഥാനമായി ഐക്യരാഷ്ട്രസഭ കരുതുന്ന അന്താരാഷ്ട്രനിയമങ്ങൾ ചില രാജ്യങ്ങൾ ഐശ്ചികമായി കണക്കാക്കിയാൽ, ഇത് ഭാവിയിലേക്ക് അപകടകരമായ ഒരു മാതൃകയാകും ബാക്കിവയ്ക്കുകയെന്നും സംഘടനകൾ എഴുതി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 സെപ്റ്റംബർ 2025, 13:45