സകലമരിച്ചവരുടെയും തിരുനാൾ നിത്യജീവിതത്തെ അനുസ്മരിപ്പിക്കുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
നവംബർ മാസം, നമ്മിൽ നിന്നും മരണം മൂലം വേർപെട്ടുപോയവരെ അനുസ്മരിക്കുന്ന മാസമാണ്. കത്തോലിക്കാ സഭയിൽ പ്രത്യേകമായും, പാശ്ചാത്യസഭയിൽ, വിശ്വാസികൾ പ്രത്യേകമായി സെമിത്തേരി സന്ദർശനങ്ങൾ നടത്തുകയും, പരേതർക്കു വേണ്ടി പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. പ്രാർത്ഥനകളിലൂടെ, നമുക്ക് മുൻപേ കടന്നുപോയവരുടെ ഓർമ്മകൾ നാം പുതുക്കുകയും, അവർ നമുക്കായി നൽകിയ നല്ല മാതൃകകളും, ഉപദേശങ്ങളും, ക്രൈസ്തവചിന്തകളും ജീവിതത്തിൽ സ്വാംശീകരിക്കുകയും ചെയ്യുന്നു. ലത്തീൻ സഭയിൽ രണ്ടു തിരുനാളുകളാണ് നവംബർ മാസം തുടക്കത്തിൽ അടുത്ത ദിവസങ്ങളിൽ ആചരിക്കുന്നത്: ഒന്ന് സകല വിശുദ്ധരുടെയും തിരുനാളും, മറ്റൊന്ന് സകല മരിച്ചവരുടെയും തിരുനാളും. ഇത് ഓരോ വിശ്വാസിയുടെയും ആത്യന്തികമായ ജീവിത ദൗത്യത്തെ ഓർമ്മിപ്പിക്കുന്നു, ഒപ്പം നാമേവരും അഭിമുഖീകരിക്കേണ്ടുന്ന മരണമെന്ന യാഥാർഥ്യവും, തുടർന്ന് നിത്യജീവിതത്തിലേക്കുള്ള യാത്രയും.
മരണം എല്ലാറ്റിന്റെയും അവസാനമോ?
നിത്യജീവിതത്തിലേക്കുള്ള തീർത്ഥാടനമാണ് ഈ ഭൂമിയിലെ ജീവിതം എന്നുള്ളതാണ് ക്രൈസ്തവ വീക്ഷണം. "മരിച്ചവരിൽ നിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ, അവൻ നമ്മെ ജീവനുള്ള പ്രത്യാശയിലേക്ക് വീണ്ടും ജനിപ്പിച്ചിരിക്കുന്നു" എന്നാണ് വിശുദ്ധ പത്രോസ് ശ്ലീഹ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അതിനാൽ മരണവും, പുനരുത്ഥാനവുമെല്ലാം അടിസ്ഥാനമാക്കിയിരിക്കുന്നത്, മനുഷ്യനായി അവതരിച്ച ദൈവപുത്രന്റെ രക്ഷാകരരഹസ്യങ്ങളിലാണ്. "നിത്യജീവന്റെ പ്രത്യാശ" എന്നത്, ഓരോ വിശുദ്ധ കുർബാനയിലും, വിശ്വാസപ്രമാണത്തിൽ നാം ഏറ്റുചൊല്ലുന്ന വചനമാണ്. “മരിച്ചവരുടെ പുനരുത്ഥാനവും, നിത്യജീവനും ഞങ്ങൾ കാത്തിരിക്കുന്നു” എന്ന വാക്കുകൾ വെറുമൊരു അധരവ്യായാമമല്ല മറിച്ച്, ഹൃദയത്തിൽ നിന്നും ഉയരേണ്ടുന്ന പ്രത്യാശയുടെ ഉറപ്പാണ്.
മരണമെന്ന യാഥാർഥ്യവും, ക്രൈസ്തവ കാഴ്ചപ്പാടും
നിനച്ചിരിയാത്ത നിമിഷങ്ങളിൽ പ്രിയപ്പെട്ടവരുടെ വേർപാട് നമുക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. മരണമെന്ന യാഥാർഥ്യം എപ്പോഴും 'എന്തുകൊണ്ട്' എന്ന ഒരു ചോദ്യം അവശേഷിപ്പിക്കാറുണ്ട്. ജീവിതത്തിന്റെ അർത്ഥം എന്താണെന്നും, എന്തുകൊണ്ടാണ് അത് ഇത്രവേഗം നിലച്ചുപോകുന്നതെന്നുമുള്ള സംശയവും നമ്മുടെ ഉള്ളിൽ ഉടലെടുക്കാറുണ്ട്. ക്ഷണികമായ ജീവിതത്തെപ്പറ്റി സാഹിത്യരചനകൾ ആഗോളതലത്തിൽ ഉണ്ടായിട്ടുമുണ്ട്. എന്നാൽ നമ്മുടെ ചോദ്യം വളരെ പ്രധാനപെട്ടതാണ്: മരണം യഥാർത്ഥത്തിൽ മനുഷ്യന്റെ വിധിയാണോ? ജീവിതം ഒരു അലഞ്ഞുതിരിയുന്ന നിഴലല്ലാതെ മറ്റൊന്നുമല്ലേ?
ഈ ചോദ്യങ്ങൾക്ക് ക്രൈസ്തവരെന്ന നിലയിൽ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നൽകുന്ന മറുപടികൾ ഏറെ ശ്രദ്ധേയമാണ്. അതിൽ ഏറ്റവും ആദ്യത്തേത്, മരണത്തിൽ നമുക്ക് താങ്ങായി നിൽക്കുന്ന കർത്താവിന്റെ സാന്നിധ്യമാണ്. ഫിലിപ്പിയർക്കുള്ള ലേഖനത്തിൽ വിശുദ്ധ പൗലോസ് ശ്ലീഹ നൽകുന്ന ഒരു ഉപദേശം ഇതാണ്: "എനിക്ക്, ജീവിക്കുന്നത് ക്രിസ്തുവാണ്, മരിക്കുന്നത് ലാഭവും" (ഫിലി 1:21).
"ജീവിക്കുക എന്നാൽ ക്രിസ്തു": ഇതിനർത്ഥം ക്രിസ്തു ജീവിതത്തിന്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് അസ്തിത്വത്തിന്റെ കാതലായ ലക്ഷ്യവുമാണ് എന്നാണ്. അത് അവന്റെ മഹത്വത്തിനായി ജീവിക്കുന്ന, അവനെ സേവിക്കുന്ന, അവനിൽ എല്ലാ അർത്ഥവും മൂല്യവും കണ്ടെത്തുന്ന ഒരു ജീവിതമാണ് അല്ലെങ്കിൽ ആയിരിക്കണം നമ്മുടേത് എന്നുള്ളതാണ്.
"മരിക്കുന്നത് ലാഭമാണ്": മരണം ഒരു നഷ്ടമല്ല, മറിച്ച് ഒരു നേട്ടമാണ്, കാരണം അത് വിശ്വാസിക്ക് ക്രിസ്തുവിന്റെ നേരിട്ടുള്ള സാന്നിധ്യത്തിൽ ഒടുവിൽ ആയിരിക്കാൻ അനുവദിക്കുന്നു, അത് ആത്യന്തിക ആഗ്രഹമാണ്. അത് ക്രിസ്തുവിനുവേണ്ടി ജീവിച്ച ഒരു ജീവിതത്തിന്റെ പരിസമാപ്തിയാണ്, അത് നിത്യജീവനിലേക്കും പൂർത്തീകരണത്തിലേക്കും നയിക്കുന്നു.
"നാം അവനോടൊപ്പം മരിച്ചിട്ടുണ്ടെങ്കിൽ, നാം അവനോടൊപ്പം ജീവിക്കും"(2 തിമോത്തി 2:11) എന്ന ഉറപ്പും പൗലോസ് ശ്ലീഹ നമുക്ക് നൽകുന്നുണ്ട്. കൗദാശികപരമായി ജ്ഞാനസ്നാനത്തിൽ നാം ക്രിസ്തുവിനോടു കൂടി മരിക്കുകയും, പിന്നീട് അവനോടൊപ്പം നിത്യജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നുവെന്ന ആത്മീയമായ കാഴ്ചപ്പാടും ശ്ലീഹ നൽകുന്നു.അതിനാൽ ശാരീരികമായ വേർപാട് നമ്മെ സംബന്ധിച്ചിടത്തോളം ഏറെ വേദനകൾ നൽകുന്നുണ്ടെങ്കിലും, ക്രിസ്തുവിനോടുകൂടെ ആയിരിക്കാനുള്ള ആഗ്രഹം നമ്മെ ആ വേദനകളിൽ നിന്നും മോചിപ്പിക്കണം.ഇതിനു ഏറെ സഹായിക്കുന്നതാണ് ആരാധന ക്രമത്തിലെ ഒരു പ്രാർത്ഥനാശകലം: “കർത്താവേ, നിന്റെ വിശ്വസ്തരിൽനിന്നും അവരുടെ ജീവൻ എടുത്തു കളയുകയല്ല, മറിച്ച് അത് രൂപാന്തരപ്പെടുകയാണ്. ഈ ഭൗമിക പ്രവാസത്തിന്റെ വാസസ്ഥലം നശിപ്പിക്കപ്പെടുമ്പോൾ, സ്വർഗ്ഗത്തിൽ ഒരു നിത്യവാസസ്ഥലം ഒരുക്കപ്പെടുന്നു." ഈ പ്രാർത്ഥനയാണ് ഈ നവംബർ മാസത്തിന്റെ ചൈതന്യവും.
മരണം മനുഷ്യന്റെ ഭൗമിക തീർത്ഥാടനത്തിന്റെ അവസാനമാണ്; ദൈവിക പദ്ധതി പ്രകാരം അവന്റെ ഭൗമിക ജീവിതം നിറവേറ്റുന്നതിനും അവന്റെ ആത്യന്തിക വിധി നിർണ്ണയിക്കുന്നതിനുമായി ദൈവം അവന് വാഗ്ദാനം ചെയ്യുന്ന കൃപയുടെയും കരുണയുടെയും സമയത്തിന്റെ അവസാനമാണിത്. ഇതാണ് മതബോധന ഗ്രന്ഥം 1013 മത് ഖണ്ഡിക നമ്മെ പഠിപ്പിക്കുന്നത്. മനുഷ്യൻ ഒരിക്കൽ മരിക്കണം എന്നുള്ളത് നിശ്ചയമാണെങ്കിൽ, ആ മരണത്തിനുമപ്പുറം ദൈവത്തോടൊപ്പം ജീവിക്കുവാൻ സഭ നമ്മെ ക്ഷണിക്കുന്നു. "പെട്ടെന്നുള്ള മരണത്തിൽ നിന്ന്, കർത്താവേ, ഞങ്ങളെ വിടുവിക്കേണമേ" എന്നുള്ള ലുത്തിനിയ ജപം, മരണത്തിന്റെ ഭയത്തിൽ നിന്നും നമ്മെ അകറ്റുന്നതിനും, വിശുദ്ധർക്കൊപ്പം നിത്യജീവിതത്തിലേക്ക് നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കുവാനും നമ്മെ ക്ഷണിക്കുന്നു.
മരണം പുനരുത്ഥാനത്തിലേക്കുള്ള വാതിൽ തുറക്കുന്നു
മരണത്തെക്കുറിച്ചുള്ള മാനുഷികമായ ഭയം നീങ്ങണമെങ്കിൽ, കർത്താവിന്റെ പുനരുത്ഥാനത്തിൽ നാം വിശ്വസിക്കുകയും, അവനോടൊപ്പം നാമും ഉയിർത്തെഴുന്നേൽക്കുന്നതിനായി, നമ്മുടെ ജീവിതങ്ങളെ ചിട്ടപ്പെടുത്തുകയും വേണം. വിശുദ്ധ പൗലോസ് ശ്ലീഹ റോമയിലെ സഭയ്‌ക്കെഴുതിയ ലേഖനത്തിൽ ഇപ്രകാരമാണ് പറയുന്നത്: , "അനേകം സഹോദരന്മാരിൽ ആദ്യജാതനായ" ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലാണ് നാം പങ്കുചേരുന്നത്.
സമയത്തിന്റെ പൂർത്തിയിൽ, മരണത്തോടെ, ആത്മാവ് ശരീരത്തിൽ നിന്ന് വേർപിരിയുന്നു; പുനരുത്ഥാനത്തോടെ, ശരീരവും ആത്മാവും എന്നെന്നേക്കുമായി വീണ്ടും ഒന്നിക്കുന്നു. ഇതാണ് സഭയുടെ മതബോധന ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത്. ഇതേ മതബോധന ഗ്രന്ഥം മനുഷ്യന്റെ ജഡത്തെപ്പറ്റിയുള്ള അറിവും നമു ക്കു പകർന്നു നൽകുന്നുണ്ട്. "ജഡം" എന്ന പദം മനുഷ്യനെ അവന്റെ ബലഹീനതയുടെയും മരണത്തിന്റെയും അവസ്ഥയിൽ സൂചിപ്പിക്കുന്നു. "ജഡം രക്ഷയുടെ അടിസ്ഥാനമാണ്" എന്നതാണ് തെർത്തുല്യൻ നമ്മെ പഠിപ്പിക്കുന്നത്. കാരണം ഈ ജഡം മനുഷ്യനിൽ സൃഷ്ടിച്ചത്, സ്രഷ്ടാവായ ദൈവമാണ്. ആ സ്രഷ്ടാവിൽ വിശ്വസിക്കുമ്പോൾ, ജഡത്തിന്റെ യാഥാർഥ്യത്തിലും നാം വിശ്വസിക്കണം.
‘ജഡത്തെ വീണ്ടെടുക്കുന്നതിനായി ജഡമായി സൃഷ്ടിക്കപ്പെട്ട വചനത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു; ജഡത്തിന്റെ പുനരുത്ഥാനത്തിലും സൃഷ്ടിയുടെ പൂർത്തീകരണത്തിലും ജഡത്തിന്റെ വീണ്ടെടുപ്പിലും ഞങ്ങൾ വിശ്വസിക്കുന്നു.’ ഇതാണ് വിശുദ്ധ കുർബാനയിൽ നാം ഏറ്റുപറയുന്ന വിശ്വാസപ്രഖ്യാപന വചനങ്ങൾ. "ജഡത്തിന്റെ പുനരുത്ഥാനം" എന്നതിന്റെ അർത്ഥമെന്താണ്? പലപ്പോഴും നമ്മുടെ ജീവിതത്തിൽ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. ശരീരത്തിൽ നിന്ന് വേർപെട്ട ആത്മാവ് മാത്രമല്ല, നമ്മുടെ മർത്യശരീരങ്ങളും ഒരു ദിവസം ജീവൻ പുനഃസ്ഥാപിക്കും എന്നാണ് ഇതിനർത്ഥം എന്നതാണ് മതബോധന ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നത്. മരണത്തോടെ, അതായത് ആത്മാവും ശരീരവും വേർപിരിയുന്നതോടെ, ശരീരം ജീർണതയിലേക്ക് വീഴുന്നു, അതേസമയം അമർത്യമായ ആത്മാവ് ദൈവത്തിന്റെ ന്യായവിധിയെ അഭിമുഖീകരിക്കുകയും കർത്താവിന്റെ മടങ്ങിവരവിൽ ശരീരവുമായി പുനഃസമാഗമത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.
എന്നാൽ ഇവയൊന്നും നമ്മുടെ ബുദ്ധി കൊണ്ട് മനസിലാക്കാവുന്നതല്ല. ആത്മീയതയുടെ ആഴങ്ങളിൽ, വിശുദ്ധരായവർക്ക് ദൈവം നൽകിയ ദർശനങ്ങളാണ് ഈ പഠനങ്ങളുടെ ആധാരം, ഒപ്പം ദൈവ വചനങ്ങളും. പഴയനിയമത്തിൽ എസെക്കിയേൽ പ്രവാചകന്റെ പുസ്തകം മുപ്പതിയേഴാം അധ്യായത്തിൽ, ഈ ജഡങ്ങളുടെ വീണ്ടെടുപ്പിനെ പ്രതിപാദിക്കുന്നുണ്ട്. ദൈവം എസെക്കിയേൽ പ്രവാചകനോട് അസ്ഥികളോട് പ്രവചിക്കാൻ കൽപ്പിക്കുന്നു, അവ വീണ്ടും ഒന്നിച്ചുചേർന്ന്, മാംസം സ്വീകരിച്ച്, ജീവശ്വാസത്താൽ നിറയുന്നു, ഇത് ഇസ്രായേലിന്റെ ഭാവി ദേശീയ പുനരുജ്ജീവനത്തെ പ്രതിനിധീകരിക്കുന്നു. മരണശേഷവും ദൈവവത്തിനു നാം പ്രിയ ജനം ആണെന്നുള്ളത് ഈ വചനങ്ങൾ വെളിപ്പെടുത്തുന്നു.
ജഡത്തിന്റെ പുനരുത്ഥാനത്തെക്കുറിച്ചുള്ള സിദ്ധാന്തം, നമ്മൾ ഓരോരുത്തരും വിധിക്കപ്പെട്ടിരിക്കുന്ന അമർത്യതയുടെ പൂർണ്ണതയെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ മഹത്തായ അന്തസ്സിനെ, നമ്മുടെ ശരീരത്തിന്റെ അന്തസ്സിനെ പോലും ഓർമ്മിപ്പിക്കുന്നു. ലോകത്തിന്റെ നന്മയെക്കുറിച്ചും, ശരീരത്തിന്റെയും, ദിനംപ്രതി ജീവിച്ചുവരുന്ന ചരിത്രത്തിന്റെ മൂല്യത്തെക്കുറിച്ചും, ദ്രവ്യത്തിന്റെ ശാശ്വതമായ വിളിയെക്കുറിച്ചും ഇത് നമ്മോട് സംസാരിക്കുന്നു.
അതായത്, വിശുദ്ധ ഫ്രാൻസിസ് അസീസി തന്റെ ജീവിത മാതൃകയുടെ നമുക്ക് കാണിച്ചുതരുന്ന വലിയ പാഠം നാമും ഉൾക്കൊള്ളണം. എല്ലാം ദൈവത്തിന്റെ പ്രതിച്ഛായകളാണെന്നും, എല്ലാ സ്രഷ്ടാവസ്തുക്കളും നമ്മുടെ സഹജർ ആണെന്നുമുള്ള ബോധ്യം വളർത്തുകയും, അപ്രകാരം അവരുടെ അന്തസ്സിനെ ബഹുമാനിക്കാനും, സഭയുടെ ഈ കാഴ്ചപ്പാട് നമ്മെ സഹായിക്കുന്നു. മനുഷ്യചരിത്രത്തിൽ സംഭവിക്കുന്ന ഒരു പരിവർത്തനമായി പുനരുത്ഥാനത്തെ ചിത്രീകരിച്ചിരുന്നതും സത്യമാണ്, എന്നാൽ ഇതിനെതിരെ പൗലോസ് ശ്ലീഹ പറയുന്നത്: ഉയിർത്തെഴുന്നേറ്റ ശരീരം മഹത്വമുള്ളതും, ആത്മീയവും ആണെന്നാണ്.
കർത്താവുമായുള്ള കൂടിക്കാഴ്ച്ച: വിശുദ്ധീകരണത്തിന്റെ ആവശ്യം
മരണത്തെയും, പുനരുത്ഥാനത്തെയും പറ്റിയുള്ള ചിന്തകളിൽ ഒഴിച്ചുകൂടാനാവാത്തതും, എന്നാൽ അത്ര സുഖകരമായി തോന്നാത്തതുമായ ഒന്നാണ് ശുദ്ധീകരണ സ്ഥലം. ശുദ്ധീകരണസ്ഥലം വേദനാജനകമായ ഒരു അവസ്ഥയാണ്, പക്ഷേ അത്യന്താപേക്ഷിതമായ ഒരു ശുദ്ധീകരണാവസ്ഥയാണ് എന്നുള്ളതാണ് സഭ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ശുദ്ധീകരണ സ്ഥലത്തിൽ ആയിരിക്കുന്ന ആത്മാക്കൾ നശിച്ചു പോയി എന്ന് ചിലപ്പോഴെങ്കിലും നമുക്ക് തോന്നിയേക്കാം. ഇന്ന് ശുദ്ധീകരണ ആത്മാക്കൾക്കുവേണ്ടിയുള്ള പ്രാർത്ഥനകളും ഏറെ കുറഞ്ഞുപോയിരിക്കുന്നു എന്നുള്ളതാണ് വാസ്തവം. വിശുദ്ധ പൗലോസ് ശ്ലീഹ കോറിന്തോസുകാർക്കെഴുതിയ ലേഖനത്തിൽ, ഇഹത്തിലും പരത്തിലും ക്രിസ്തീയ ശുദ്ധീകരണത്തെ, അഗ്നിയുടെ പ്രതിച്ഛായയിലൂടെ അവതരിപ്പിക്കുന്നു. രക്ഷകനും ന്യായാധിപനും ക്രിസ്തീയ ജീവിതത്തിന്റെ അടിത്തറയുമായ യേശുക്രിസ്തുവിൽ നിന്ന് ഉത്ഭവിക്കുന്ന അഗ്നി, ഒരിക്കലും നാശത്തിന്റേതല്ല മറിച്ച് രക്ഷയുടേതാണ്. ദൈവത്തിന്റെ നന്മയുടെ ഒരു അസാധാരണ പ്രകടനം കൂടിയാണ് ഈ ശുദ്ധീകരണ സ്ഥലം.
ദൈവത്തിന്റെ വിശുദ്ധിയുമായുള്ള അടുത്ത കൂട്ടായ്മയിലേക്ക് പ്രവേശിക്കുന്നതിനുള്ള ആവശ്യമായ തയ്യാറെടുപ്പാണിതെന്നു രണ്ടാം വത്തിക്കാൻ കൗൺസിലും, പ്രമാണരേഖയിലൂടെ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതിനാൽ ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കൾക്കുവേണ്ടി നാം പ്രാർത്ഥിക്കുകയും, രക്ഷ നേടിയെടുക്കുവാൻ അവരെ സഹായിക്കുകയും വേണം. ശുദ്ധീകരണസ്ഥലം ഒരു സ്ഥലമായി കണക്കാക്കരുത്; മറിച്ച്, അത് ദൈവത്തിൽ നിന്ന് വേദനാജനകമായ വേർപിരിയലിന്റെ ഒരു താൽക്കാലിക അവസ്ഥയാണ്, അതിൽ പാപം ആത്മാവിൽ അവശേഷിപ്പിക്കുന്ന തിന്മയിലേക്കുള്ള പ്രവണത ശുദ്ധീകരിക്കപ്പെടുന്നു. പാപം ദൈവത്തെ വ്രണപ്പെടുത്തുകയും പാപിയെത്തന്നെ ദ്രോഹിക്കുകയും ചെയ്യുക മാത്രമല്ല, അത് സഭയെയും ലോകത്തെയും മനുഷ്യരാശിയെയും ദോഷകരമായി ബാധിക്കുന്നു. അതിനാൽ മരിച്ചവർക്കുവേണ്ടിയുള്ള സഭയുടെ പ്രാർത്ഥന ഒരു വിധത്തിൽ ക്രമവും നീതിയും പുനഃസ്ഥാപിക്കുന്നു: പ്രത്യേകിച്ച് ദൈവത്തിന് പ്രസാദകരമായ യാഗമായ വിശുദ്ധ കുർബാനയിലൂടെ, ദാനധർമ്മം, ദണ്ഡവിമോചനങ്ങൾ, പ്രായശ്ചിത്ത പ്രവൃത്തികൾ എന്നിവയിലൂടെ നാം അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനുള്ള അവസരം കൂടിയാണ് സകല മരിച്ചവരുടെയും ഓർമ്മദിനം.
നരകവും, നിത്യനാശവും
ഭീതിപ്പെടുത്തുന്നതെങ്കിലും, അന്ത്യവിധിയിൽ നരകത്തെക്കുറിച്ചുള്ള സത്യം മറച്ചുവയ്ക്കുക ഒരിക്കലും സാധ്യമല്ല. മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം, അതായത് ദൈവത്തെ യഥാർത്ഥമായി കാണുക എന്ന ലക്ഷ്യം, പൂർണ്ണമായി സാക്ഷാത്കരിക്കുന്നതിൽ ഉണ്ടാകുന്ന പരാജയമാണ് നരകം. മനുഷ്യൻ ദൈവത്തിനെതിരെ, സത്യത്തിനെതിരെ, സ്നേഹത്തിനെതിരെ ജീവിക്കുമ്പോൾ, കർത്താവിന്റെ നിയമത്തെ ധിക്കരിക്കുമ്പോൾ, അവൻ ദൈവത്തിന്റെ പദ്ധതിയെ എതിർക്കുന്നു, അവൻ പുനർവിചിന്തനം നടത്തുന്നില്ലെങ്കിൽ, ഇതെല്ലാം അവന്റെ നിത്യമായ അസന്തുഷ്ടിക്കോ നാശത്തിനോ ഉള്ള ന്യായവിധിയുടെ അടിസ്ഥാനമായി മാറും. അതുകൊണ്ടാണ് ബെനഡിക്ട് പതിനാറാമൻ പാപ്പാ ഇപ്രകാരം പറഞ്ഞത്, " മരണത്തോടെ, മനുഷ്യന്റെ ജീവിത തിരഞ്ഞെടുപ്പ് നിർണായകമാകും" എന്ന്. ജീവിത പരിവർത്തനത്തിനുള്ള അവസരങ്ങളെ ആത്യന്തികമായി ഒഴിവാക്കുന്നവരെ രക്ഷിക്കുവാൻ കർത്താവിനു പോലും സാധിക്കില്ല എന്ന ആശയവും ഇവിടെ പ്രസക്തമാണ്. “നിന്നെ കൂടാതെ നിന്നെ സൃഷ്ടിച്ച നിന്റെ ദൈവം നിന്നെ കൂടാതെ നിന്നെ രക്ഷിക്കുകയില്ല", എന്നാണ് വിശുദ്ധ അഗസ്റ്റിൻ നമ്മെ പഠിപ്പിക്കുന്നത്
ഏവരും നിത്യജീവിതത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു
ജ്ഞാനസ്നാനത്തിൽ ആരംഭിക്കുന്ന ക്രൈസ്തവജീവിതം ലക്‌ഷ്യം വയ്ക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്: നിത്യജീവൻ. തിരുവെഴുത്തുകളിൽ, നിത്യജീവനെ സൗഹൃദത്തിന്റെ വിരുന്നിനോടും (ലൂക്ക 12:37), ഒരു വിവാഹ വിരുന്നിനോടും (മത്തായി 22:1-14) താരതമ്യം ചെയ്യുന്നു. "ദൈവം നമുക്ക് തന്റെ നിത്യജീവൻ നൽകിയിരിക്കുന്നു, ഈ ജീവൻ അവന്റെ പുത്രനിലാണ്. പുത്രനുള്ളവന് ജീവൻ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവൻ ഇല്ല. ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്ക് ഞാൻ ഇത് എഴുതിയിരിക്കുന്നത്, നിങ്ങൾക്ക് നിത്യജീവൻ ഉണ്ടെന്ന് നിങ്ങൾ അറിയേണ്ടതിനാണ്" (1 യോഹന്നാൻ 5:11-13). വിശുദ്ധ അഗസ്റ്റിന്റെ ഈ വിവരണം, നമ്മുടെ ഏവരുടെയും ജീവിത വിളിയെ ഓർമ്മപ്പെടുത്തുന്നു.
മരണത്തിനു മുമ്പുള്ളതുപോലെ, ശ്വസന, രക്തചംക്രമണ പ്രവർത്തനങ്ങളോടെയുള്ള ഒരു ജൈവിക ജീവിതമല്ല നിത്യജീവൻ. മറിച്ച് അതൊരു ഐക്യത്തിന്റെ ആത്‌മീയതയാണ്. ഒന്നായി രൂപപ്പെടുന്ന സ്നേഹത്തിന്റെ ഒരു അടുപ്പമാണിത്. "നമ്മൾ ഇപ്പോൾ ദൈവത്തിന്റെ മക്കളാണ്, എന്നാൽ നമ്മൾ എന്തായിരിക്കുമെന്ന് ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാൽ അവൻ പ്രത്യക്ഷപ്പെടുമ്പോൾ നാം അവനെപ്പോലെയാകുമെന്ന് നമുക്കറിയാം, കാരണം അവൻ ആയിരിക്കുന്നതുപോലെ നാം അവനെ കാണും" (1 യോഹന്നാൻ 3:2). ഇതാണ് നിത്യജീവൻ, ഞാൻ അവനിലും, അവൻ എന്നിലും വസിക്കുന്ന ജീവിതം. അപ്പോഴാണ്, വിശുദ്ധ പൗലോസ് ശ്ലീഹായെ പോലെ നമുക്കും പറയുവാൻ സാധിക്കുന്നത്, എനിക്ക് ജീവിതം ക്രിസ്തുവും, മരണം നേട്ടവുമാണ്." (ഫിലി 1,21)
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: