പ്രത്യാശയുടെ തീരങ്ങൾ മരണതീരങ്ങളാകുന്നു പ്രത്യാശയുടെ തീരങ്ങൾ മരണതീരങ്ങളാകുന്നു  (ANSA)

കഴിഞ്ഞ പത്ത് വർഷങ്ങളിൽ മെഡിറ്ററേനിയൻ കടലിൽ മരിച്ചവരും കാണാതായവരുമായി 32,700-ലധികം പേർ

2014 മുതൽ നാളിതുവരെ മെഡിറ്ററേനിയൻ കടലിൽ മുപ്പത്തിരണ്ടായിരത്തിയെഴുന്നൂറിലധികം ആളുകൾ മരണമടഞ്ഞവരും കാണാതായവരുമായുണ്ടെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. 2025-ൽ നാളിതുവരെ 1,200 പേരാണ് ഈ ലിസ്റ്റിലുള്ളതെന്ന് ഒക്ടോബർ 1-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കുടിയേറ്റശ്രമങ്ങളുടെ ഭാഗമായുള്ള യാത്രയിൽ മുപ്പത്തിരണ്ടായിരത്തിയെഴുന്നൂറിലധികം പേരാണ് കഴിഞ്ഞ പത്തുവർഷങ്ങളിൽ മെഡിറ്ററേനിയൻ കടലിൽ മരണമടയുകയോ കാണാതാകപ്പെടുകയോ ചെയ്തതെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. 2025-ൽ മാത്രം ആയിരത്തിയിരുന്നൂറോളം പേരാണ് ഈ കണക്കിൽപ്പെട്ടിരിക്കുന്നതെന്നും ഒക്ടോബർ ഒന്നാം തീയതി ബുധനാഴ്‌ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ സംഘടന എഴുതി. ഇങ്ങനെ മരണമടയുകയും കാണാതാവുകയും ചെയ്തവരിൽ നിരവധി കുട്ടികളുമുണ്ടായിരുന്നുവെന്ന് സംഘടന ഓർമ്മിപ്പിച്ചു.

2025-ൽ മാത്രം അൻപതിനായിരത്തിൽപ്പരം ആളുകൾ അഭയാർത്ഥികളും കുടിയേറ്റക്കാരുമായി ഇറ്റലിയിലേക്കെത്തിയിട്ടുണ്ടെന്ന് എഴുതിയ സേവ് ദി ചിൽഡ്രൻ, ഇവരിൽ 9,156 പേർ മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ ഒപ്പമല്ലാതെയെത്തിയ പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നുവെന്ന് വിശദീകരിച്ചു.

2025-ൽ മുതിർന്നവർ കൂടെയില്ലാത്ത ഒൻപതിനായിരത്തിലധികം പ്രായപൂർത്തിയാകാത്ത കുട്ടികൾ കടൽ കടന്നെത്തിയെന്നും, മൊത്തം കുടിയേറ്റക്കാരുടെ പതിനെട്ട് ശതമാനവും കുട്ടികളാണെന്നും, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ഈ അന്താരാഷ്ട്രസംഘടന വിശദീകരിച്ചു.

നമ്മുടെ മനഃസാക്ഷിയുണർത്തേണ്ട ഈ കണക്കുകളുടെ മുന്നിൽ, കടലിൽപ്പെടുന്ന ആളുകളെ തിരയുന്നതിനും രക്ഷിക്കുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും, യൂറോപ്പിലേക്ക് സുരക്ഷിതമായി പ്രവേശിക്കുന്നതിനുവേണ്ട മാർഗ്ഗങ്ങൾ ലഭ്യമാക്കണമെന്നും സേവ് ദി ചിൽഡ്രൻ ഓർമ്മിപ്പിച്ചു.

യുദ്ധങ്ങളും, പീഡനങ്ങളും കാരണവും, മാനവികാവകാശങ്ങൾ ഇല്ലാതാക്കപ്പെടുന്നതിനാലും, അതികഠിന ദാരിദ്ര്യത്താലും പട്ടിണിയാലും, മാനവികപ്രതിസന്ധികളാലുമാണ് നിരവധിയാളുകൾ സ്വരാജ്യങ്ങൾ ഉപേക്ഷിച്ച് കുടിയേറാൻ നിർബന്ധിതരാകുന്നതെന്ന് സംഘടന തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി.

ഈ വർഷവും ഒക്ടോബർ മൂന്നിന് ഇറ്റലിയുടെ തെക്കൻ തീരത്തുള്ള ലാമ്പെദൂസയിൽ ഇറ്റലിക്കാരും വിദേശികളുമായ വിദ്യാർത്ഥിനീവിദ്യാർത്ഥികൾക്കായി ഒരുക്കപ്പെടുന്ന പഠനശിബിരത്തിൽ സേവ് ദി ചിൽഡ്രൻ സംഘടനയും പങ്കെടുക്കുമെന്നും പത്രക്കുറിപ്പിലൂടെ ഈ അന്താരാഷ്ട്രസംഘടന വ്യക്തമാക്കി.

2013 ഒക്ടോബർ മൂന്നിന് ലാമ്പെദൂസയ്ക്കടുത്തുണ്ടായ അപകടത്തിൽ 368 പേർ മരണമടഞ്ഞിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 ഒക്‌ടോബർ 2025, 13:59