പോർട്ട് ഓ പ്രൻസിൽ സഹായസമഗ്രികൾ നൽകുന്ന ഒരു കേന്ദ്രത്തിന് മുന്നിൽനിന്നുള്ള ദൃശ്യം പോർട്ട് ഓ പ്രൻസിൽ സഹായസമഗ്രികൾ നൽകുന്ന ഒരു കേന്ദ്രത്തിന് മുന്നിൽനിന്നുള്ള ദൃശ്യം 

ഹൈറ്റിയിൽ തുടരുന്ന സംഘർഷങ്ങൾ മൂലം കുടിയിറക്കപ്പെട്ട കുട്ടികൾ ഇരട്ടിയായി: യൂണിസെഫ്

ഹൈറ്റിയിൽ തുടർച്ചയായ സംഘർഷങ്ങൾ മൂലം കുടിയിറങ്ങാൻ നിർബന്ധിതരാകുന്ന കുട്ടികളുടെ എണ്ണം ഇരട്ടിയായെന്ന് ഐക്യരാഷ്ട്രസഭയായുടെ ശിശുക്ഷേമനിധി യൂണിസെഫ്. നിലവിൽ ഏഴ് ലക്ഷത്തിനടുത്ത് കുട്ടികളാണ് സ്വഭവനങ്ങളും നാടും ഉപേക്ഷിച്ച് ജീവിക്കാൻ നിർബന്ധിതരായിട്ടുള്ളതെന്നും, മുപ്പത്തിമൂന്ന് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്നും ഒക്ടോബർ 9-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ യൂണിസെഫ് വ്യക്തമാക്കി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കടുത്ത സംഘർഷങ്ങളും അക്രമങ്ങളും മൂലം കരീബിയൻ രാജ്യമായ ഹൈറ്റിയിൽ കുടിയിറങ്ങാൻ നിർബന്ധിതരായ കുട്ടികളുടെ എണ്ണം ഇരട്ടിയായെന്നും, നാളിതുവരെ രാജ്യത്ത് കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏതാണ്ട് ഏഴുലക്ഷത്തോടടുത്തുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഒക്ടോബർ 9-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

രാജ്യത്ത് പത്ത് ലക്ഷത്തോളം കുട്ടികളാണ് കടുത്ത ഭക്ഷണക്കുറവ് മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതെന്ന് അറിയിച്ച ശിശുക്ഷേമനിധി, മുപ്പത്തിമൂന്ന് ലക്ഷത്തോളം കുട്ടികൾക്ക് മാനവികസഹായം ആവശ്യമുണ്ടെന്ന് കൂട്ടിച്ചേർത്തു.

ഹൈറ്റിയിൽ നിലവിൽ പതിമൂന്ന് ലക്ഷത്തിലധികം ആളുകളാണ് കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നതെന്ന് യൂണിസെഫ് "കുട്ടികളെക്കുറിച്ചുള്ള മുന്നറിയിപ്പ്" എന്ന പേരിൽ പുറത്തുവിട്ട തങ്ങളുടെ പുതിയൊരു റിപ്പോർട്ടിൽ എഴുതി. രാജ്യത്ത് അക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും, മാനവികസഹായലഭ്യത ഇല്ലാത്തത്, കൂടുതൽ ദുരിതത്തിലേക്കാണ് ഹൈറ്റിയിലെ ജനങ്ങളെ കൊണ്ടുപോകുന്നതെന്നും യൂണിസെഫ് വിശദീകരിച്ചു.

2025-ന്റെ ആദ്യ പകുതിയിൽത്തന്നെ രാജ്യത്തെ അഭയാർത്ഥി ക്യാമ്പുകളുടെ എണ്ണം 246 ആയിരുന്നുവെന്ന് ശിശുക്ഷേമനിധി അറിയിച്ചു, ഭീകരമായ അക്രമങ്ങളാണ് പ്രദേശത്തെ കുട്ടികൾ നേരിടുന്നതെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു.

രാജ്യത്തെ അഭയാർത്ഥി കേന്ദ്രങ്ങളിൽ 33 ശതമാനത്തിലും അടിസ്ഥാന സംരക്ഷണം ഉറപ്പില്ലാത്തതാണെന്നും, അതുകൊണ്ടുതന്നെ അവിടെയുള്ള കുട്ടികളും സ്ത്രീകളും കൂടുതൽ അക്രമങ്ങൾക്ക് ഇരകളാകാനുള്ള സാധ്യത വലുതാണെന്നും ഐക്യരാഷ്ട്രസഭാസംഘടന അറിയിച്ചു. പല സ്‌കൂളുകളും അഭയാർത്ഥിക്യാമ്പുകളായി പ്രവർത്തിച്ചുവരികയാണ്.

രാജ്യ തലസ്ഥാനത്തിനാമായ പോർട്ട് ഓ പ്രൻസിന്റെ 85 ശതമാനവും, പ്രധാനപ്പെട്ട വഴികളും സായുധസംഘങ്ങളുടെ നിയന്ത്രണത്തിന് കീഴിലാണെന്ന് യൂണിസെഫ് അറിയിച്ചു. ആളുകൾക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്നതിനും സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഒക്‌ടോബർ 2025, 13:59