റഷ്യ-ഉക്രൈൻ യുദ്ധം: കിയെവിൽ രണ്ടു കൊച്ചുകുട്ടികൾ കൂടി കൊല്ലപ്പെട്ടു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വർഷങ്ങളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിൽ രണ്ടു കുട്ടികൾ കൂടി കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് (UNICEF) റിപ്പോർട്ട് ചെയ്തു. ഉക്രൈനിലെ കിയെവ് (Kiev) പ്രദേശത്ത് ഒക്ടോബർ 21 ചൊവ്വാഴ്ച വൈകിട്ട് റഷ്യ നടത്തിയ ആക്രമണത്തിലാണ് 12 വയസ്സുള്ള ഒരു പെൺകുട്ടിയും 6 മാസം പ്രായമുള്ള ഒരു ആൺകുട്ടിയും കൊല്ലപ്പെട്ടത്.
"ഉക്രൈനിലെ കുട്ടികൾക്ക് നേരെയുള്ള ഭീകരമായ ആക്രമണങ്ങളുടെ മറ്റൊരു രാത്രിയാണ് കടന്നുപോയതെന്നും, ദാരുണമായ വാർത്തകളാണ് രാജ്യത്തുനിന്നെത്തുന്നതെന്നും" യൂണിസെഫ് ഒക്ടോബർ 22 ബുധനാഴ്ച സാമൂഹ്യമാധ്യമമായ എക്‌സിൽ കുറിച്ചു.
കിയെവിലുള്ള ബ്രോവരിയിലാണ് (Brovary) രണ്ടു കുട്ടികളും കൊല്ലപ്പെട്ടത്. അതേസമയം കിയെവിൽ മറ്റൊരിടത്തും സപ്പൊറീസ്സിയയിലും (Zaporizhzhia) ഉണ്ടായ മറ്റ് ആക്രമണങ്ങളിൽ കൂടുതൽ കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും യൂണിസെഫ് എഴുതി. ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും, കുട്ടികളെ സംരക്ഷിക്കണമെന്നും ശിശുക്ഷേമനിധി ആഹ്വാനം ചെയ്തു.
നിലവിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ, സെപ്റ്റംബർ മാസത്തിൽ മാത്രം ഉക്രൈനിൽ നാല് കുട്ടികളടക്കം 214 പേരാണ് കൊല്ലപ്പെട്ടത്. 33 കുട്ടികളുൾപ്പെടെ 916 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലെ കണക്കുകളും ഏതാണ്ട് ഇതിനോട് സമാനമായിരുന്നു.
ഓഗസ്റ്റ് 28-ന് ഉക്രൈനുനേരെയുണ്ടായ ആക്രമണങ്ങളിൽ കിയെവിൽ മാത്രം 23 പേരോളം കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളുടെ ഇരകളായവരിൽ 69 ശതമാനവും ഉക്രൈന്റെ ഡോണെത്സ്‌ക് (Donetsk) ഖെർസൺ (Kherson)പ്രദേശങ്ങളിലെ അതിർത്തിപ്രദേശങ്ങളിലുള്ളവരാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: