യൂറോപ്പിലെയും മധ്യേഷ്യൻ രാജ്യങ്ങളിലെയും കുട്ടികൾ കടുത്ത ശിക്ഷകൾക്ക് വിധേയരാകുന്നുവെന്ന് യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
യൂറോപ്പിലും മധ്യേഷ്യൻ രാജ്യങ്ങളിലുമുള്ള മൂന്നിലൊന്ന് കുട്ടികളും തങ്ങളുടെ വീടുകളിൽ ശാരീരിക ശിക്ഷാനടപടികൾക്ക് വിധേയരാകുന്നുവെന്നും, മൂന്നിൽ രണ്ടുപേർ എന്ന നിലയിൽ കുട്ടികൾ മാനസികമായ ആക്രമണങ്ങൾ നേരിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഒക്ടോബർ 14 ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോർട്ടിലാണ് പ്രദേശത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് സംഘടന അറിയിച്ചത്.
കുട്ടികളുടെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടവരിൽനിന്നാണ് യൂറോപ്പിലെയും മധ്യേഷ്യയിലെയും കുട്ടികൾ കൂടുതൽ ശിക്ഷകൾ ഏറ്റുവാങ്ങുന്നതെന്നും, നിരവധി കുട്ടികളുടെ ബാല്യം അതിക്രമങ്ങളുടെ അനുഭവങ്ങൾ പേറുന്നതാണെന്നും യൂറോപ്പിലേക്കും മധ്യേഷ്യയിലേക്കുമുള്ള ശിശുക്ഷേമനിധിയുടെ പ്രാദേശിക ഡയറക്ടർ റെജീന ദേ ദൊമിനിച്ചിസ് പ്രസ്താവിച്ചു.
എല്ലാത്തരം ശാരീരികശിക്ഷകളും നിരോധിക്കപ്പെടണമെന്നത് അടിസ്ഥാനപരമായ കാര്യമാണെന്ന് ഓർമ്മിപ്പിച്ച യൂണിസെഫ് പ്രതിനിധി, അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാനായി മാതാപിതാക്കൾക്കും ഫലപ്രദമായ സംരക്ഷണമാർഗ്ഗങ്ങൾക്കും വേണ്ട പിന്തുണ നൽകുന്നതിന് സർക്കാരുകൾ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.
ശാരീരിക ശിക്ഷകളും, മനസികപീഡനങ്ങളും ഉപകാരപ്രദമല്ലെന്ന് അറിയാമെങ്കിലും പല മാതാപിതാക്കളും ഈ മാർഗ്ഗങ്ങൾ അവലംബിക്കുന്നുണ്ടെന്നും, കുട്ടികളുടെ വളർച്ചാ, വികസനാമേഖലകളിൽ ഇവയുളവാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അവർക്ക് ശരിയായ അറിവില്ലെന്നും ശിശുക്ഷേമനിധി എഴുതി. ഇങ്ങനെ അക്രമങ്ങളും ശിക്ഷാനടപടികളും സഹിച്ച് വളരുന്ന കുട്ടികളിൽ കൂടുതൽ അക്രമവാസനയുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് സംഘടന വ്യക്തമാക്കി.
യൂറോപ്പിലെയും മധ്യേഷ്യയിലെയും 55 രാജ്യങ്ങളിൽ 38-ലും കുട്ടികളുടെമേലുള്ള ശാരീരികശിക്ഷ നിരോധിച്ചിട്ടുണ്ടെന്ന് ശിശുക്ഷേമനിധി അറിയിച്ചു.
ലൈംഗികപീഡനങ്ങൾ
യൂണിസെഫ് നടത്തിയ പഠനങ്ങൾ അനുസരിച്ച്, യൂറോപ്പിലെ പത്തൊൻപത് രാജ്യങ്ങളിൽ ഒന്നിനും പതിനാലിനും ഇടയിൽ ശതമാനം പെൺകുട്ടികളും അവർക്ക് പതിനഞ്ച് വയസ്സെത്തുന്നതിന് മുൻപ് ലൈംഗികപീഡനങ്ങൾക്കിരകളായതായി അറിയിച്ചുവെന്നും, എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലേറെയാകാമെന്നും സംഘടന വ്യക്തമാക്കി.
കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കൺവെൻഷൻ അനുസരിച്ചും, 2030 സുസ്ഥിരവികസന അജണ്ടയുടെ ആഗോളപ്രതിബദ്ധതയനുസരിച്ചും, കുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കേണ്ടത് ഒരു കടമയാണെന്ന് യൂണിസെഫ് ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: