ലോകമെമ്പാടും ഒരു ബില്യൺ കുട്ടികൾ ബഹുമുഖ ദാരിദ്ര്യത്തിൽ കഴിയുന്നു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ആഗോളതലത്തിൽ ഏകദേശം ഒരു ബില്യൺ കുട്ടികൾ ബഹുമുഖ ദാരിദ്ര്യത്തിലും 300 ദശലക്ഷത്തിലധികം കുട്ടികൾ കടുത്ത ദാരിദ്ര്യത്തിലും കഴിയുന്നുവെന്ന വേദനാജനകമായ വാർത്ത, കുട്ടികൾക്കുവേണ്ടിയുള്ള, ഐക്യരാഷ്ട്ര സഭയുടെ യൂണിസെഫ് സംഘടന, പ്രസിദ്ധീകരിച്ച മാധ്യമക്കുറിപ്പിൽ എടുത്തു പറഞ്ഞു. ആഗോള ദാരിദ്ര്യ നിർമ്മാർജ്ജന ദിനമായ, ഒക്ടോബർ മാസം പതിനേഴാം തീയതി ഇത് സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.
സമീപ വർഷങ്ങളിൽ കുട്ടികളുടെ ദാരിദ്ര്യം കുറയ്ക്കുന്നതിലെ പരിശ്രമങ്ങൾ മന്ദഗതിയിലായത് സ്ഥിതി ഏറെ വഷളാക്കിയെന്നും, സംഘർഷം, അസ്ഥിരത, ജീവിതച്ചെലവ്, കാലാവസ്ഥാ പ്രതിസന്ധി തുടങ്ങിയവ പ്രധാന വെല്ലുവിളികൾ ആണെന്നും കുറിപ്പിൽ അടിവരയിടുന്നു. "കുട്ടികളുടെ ദാരിദ്ര്യം ഒരു സാർവത്രിക വെല്ലുവിളിയാണ്; ഉയർന്ന വരുമാനമുള്ള രാജ്യങ്ങൾ ഉൾപ്പെടെ എല്ലാ ഭൂഖണ്ഡങ്ങളിലും എല്ലാ രാജ്യങ്ങളിലും ഇത് നിലനിൽക്കുന്നു, കൂടാതെ സംഘർഷവും അക്രമവും നിറഞ്ഞ ഉയർന്ന അസമത്വങ്ങളും ദുർബലമായ സാഹചര്യങ്ങളും ഉള്ള രാജ്യങ്ങളിൽ ഇത് കൂടുതൽ വഷളാകുന്നുവെന്നു", യുണിസെഫ് ഇറ്റലിയുടെ പ്രസിഡന്റ് നിക്കോള ഗ്രാസിയാനോ പറഞ്ഞു.
ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിനായി, സംഘടന, സർക്കാരുകളോട് ആവശ്യപ്പെടുന്നുണ്ടെന്നും, കുറിപ്പിൽ പ്രത്യേകം പറയുന്നു. കുട്ടികളുടെ അവകാശങ്ങൾക്കായുള്ള യുഎൻ കൺവെൻഷന്റെ ആർട്ടിക്കിൾ 2-ൽ പ്രതിപാദിച്ചിരിക്കുന്ന വിവേചനരഹിത തത്വത്തെ പ്രായോഗിക തലത്തിൽ കൊണ്ടുവരാനും സംഘടന ബന്ധപ്പെട്ടവരെ ക്ഷണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: