സുഡാൻ: അൽ ഫാഷറിലും കഡുഗ്ലിയിലും ക്ഷാമം സ്ഥിരീകരിച്ചുവെന്ന് ഐക്യരാഷ്ട്രസഭാസംഘടനകൾ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സുഡാനിലെ അൽ ഫാഷർ കഡുഗ്ലി പ്രദേശങ്ങളിൽ കടുത്ത ക്ഷാമമാണെന്ന് ഭക്ഷ്യസുരക്ഷാസമിതി, ലോകഭക്ഷ്യപദ്ധതി, ശിശുക്ഷേമനിധി എന്നീ ഐക്യരാഷ്ട്രസഭാസംഘടനകൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണങ്ങൾ കുറഞ്ഞയിടങ്ങളിൽ പട്ടിണിയും പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങളും കുറഞ്ഞുവരുന്നുണ്ടെന്നും നവംബർ 4-ന് പുറത്തുവിട്ട പുതിയൊരു റിപ്പോർട്ടിലൂടെ സംഘടനകൾ വ്യക്തമാക്കി.
രാജ്യത്ത് ആക്രമണങ്ങൾ തുടരുന്ന ഇടങ്ങളിൽ സന്നദ്ധസേവനസംഘടനകൾക്ക് പ്രവേശനം അസാധ്യമാണെന്ന് ഐക്യരാഷ്ട്രസഭസംഘടനകൾ അറിയിച്ചു. കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ശത്രുത അവസാനിപ്പിക്കാനും, സുരക്ഷിതമായി മാനവികസഹായമെത്തിക്കാനുള്ള വഴികൾ ഉറപ്പാക്കാനും സംഘടനകൾ ആവശ്യപ്പെട്ടു.
സുഡാനിലെ ജനസംഖ്യയുടെ ഏതാണ്ട് നാല്പത്തിയഞ്ച് ശതമാനത്തോളം കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയാണ് അഭിമുഖീകരിക്കുന്നതെന്നും, എന്നാൽ സ്ഥിതിഗതികൾ ചെറിയ തോതിൽ മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഐ.പി.സി. റിപ്പോർട്ടുകൽ വ്യക്തമാക്കിയിരുന്നു. കണക്കുകൾ പ്രകാരം നിലവിൽ ഏതാണ്ട് രണ്ടുകോടി പന്ത്രണ്ടു ലക്ഷം ആളുകളാണ് രാജ്യത്ത് കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നത്. ഏതാണ്ട് മൂന്ന് കോടി നാൽപ്പത് ലക്ഷത്തോളം ആളുകൾ ഐ.പി.സി. നിരക്ക് പ്രകാരം ഗുരുതരമായ പട്ടിണിരേഖയ്ക്ക് മുകളിലാണ്.
കഴിഞ്ഞ മെയ് മാസം മുതൽ ഖർത്തൂം, അൽ ജസീറ, സെന്നാർ എന്നിവിടങ്ങളിൽ ആക്രമണത്തോത് കുറഞ്ഞിട്ടുണ്ടെന്നും, പല കുടുംബങ്ങളും സ്വഭവനങ്ങളിലേക്ക് തിരികെയെത്തിത്തുടങ്ങിയിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭാസംഘടനകൾ അറിയിച്ചു.
രാജ്യത്ത് കൃഷിമേഖലയിൽ കൂടുതൽ അനുകൂലസാഹചര്യങ്ങൾ ഉയർന്നുവരുന്നുണ്ടെന്നും, അടുത്ത വർഷത്തോടെ ഭക്ഷ്യ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന ജനങ്ങളുടെ എണ്ണം ഒരുകോടി തൊണ്ണൂറ്റിമൂന്ന് ലക്ഷമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംഘടനകൾ അറിയിച്ചു.
ദാർഫൂർ, കർഡോം എന്നിവിടങ്ങളിൽ ശക്‌തമായ ആക്രമണങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്ന് വ്യക്തമാക്കിയ ഐക്യരാഷ്ട്രസഭാസംഘടനകൾ, പ്രദേശത്ത് കടുത്ത പട്ടിണിയും പോഷകാഹാരക്കുറവ് മൂലമുള്ള പ്രശ്നങ്ങളും നിലനിൽക്കുന്നുണ്ടെന്ന് വിശദീകരിച്ചു. ഭക്ഷ്യശേഖരം കുറഞ്ഞുവരുന്നതിനാൽ നിലവിലെ സ്ഥിതി മുന്നോട്ടുപോയാൽ 2026 ഫെബ്രുവരി മാസത്തോടെ രാജ്യത്ത് പട്ടിണി കൂടുതൽ വർദ്ധിക്കുമെന്നും സംഘടനകൾ അറിയിച്ചു.
അൽ ഫാഷർ, ദാർഫുർ, കഡുഗ്ലി, കോർദോഫാൻ എന്നിവിടങ്ങളിൽ ഐ.പി.സി. അഞ്ച് വരെ നിരക്കാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇത് നാലായിരുന്നു.
രാജ്യത്ത് യുദ്ധത്തിന് പുറമെ, കോളറ, മലേറിയ, അഞ്ചാം പനി തുടങ്ങിയവയുൾപ്പെടെ വിവിധ രോഗങ്ങളും വർദ്ധിച്ചുവരികയാണ്. രാജ്യത്ത് തുടരുന്ന സംഘർഷങ്ങളും അതേത്തുടർന്നുണ്ടാകുന്ന പട്ടിണിയും, രോഗങ്ങളും നിർബന്ധിത കുടിയിറക്കവും മൂലം ലക്ഷക്കണക്കിന് കുട്ടികളാണ് ബുദ്ധിമുട്ടനുഭവിക്കുന്നതെന്ന് യൂണിസെഫ് പ്രതിനിധി ലൂച്ചിയ എൽമി പ്രസ്താവിച്ചു.
സുഡാനിൽ സംഘർഷഭരിതമേഖലകളിൽ ഭക്ഷണം, ആരോഗ്യപരിപാലനം, ശുദ്ധജലവിതരണം, കൃഷിസുരക്ഷ, തുടങ്ങിയ മേഖലകളിൽ കഴിയുന്നത്ര സേവനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിക്കുകയാണ് തങ്ങളെന്ന് ഭക്ഷ്യസുരക്ഷാസമിതി, ലോകഭക്ഷ്യപദ്ധതി, ശിശുക്ഷേമനിധി എന്നീ സംഘടനകൾ തങ്ങളുടെ റിപ്പോർട്ടിൽ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: