കുട്ടികളെ സംരക്ഷിക്കുക സംഘടനയുടെ പ്രവർത്തകർ സേവനത്തിൽ കുട്ടികളെ സംരക്ഷിക്കുക സംഘടനയുടെ പ്രവർത്തകർ സേവനത്തിൽ   ( ph di Francesco Alesi)

കാലാവസ്ഥാവ്യതിയാനം കുഞ്ഞുങ്ങളെ പ്രതികൂലമായി ബാധിക്കുന്നു

ബ്രസീലിലെ, ബെലാമിൽ നടക്കുന്ന കോപ്പ് 30 സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ, കുട്ടികളെ സംരക്ഷിക്കുക (സേവ് ദി ചിൽഡ്രൻ) സംഘടന കാലാവസ്ഥാവ്യതിയാനങ്ങൾ കുട്ടികളിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു.

ഫാ.ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

തലമുറകളുടെ ഭാവി സംരക്ഷിക്കേണ്ടതിന്റെയും, അവരെ ബാധിക്കുന്ന തീരുമാനങ്ങളിൽ നടപടിയെടുക്കാൻ അവരെ പ്രാപ്തരാക്കേണ്ടതിന്റെയും അടിയന്തിരാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട്, ബ്രസീലിലെ, ബെലാമിൽ നടക്കുന്ന കോപ്പ് 30 സമ്മേളനത്തിൽ, കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടനയും പങ്കാളിയാകുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ധനസഹായവും നടപടികളും വർദ്ധിപ്പിക്കേണ്ടത് ഏറെ ആവശ്യമാണെന്നതും സംഘടന എടുത്തുപറയുന്നതായി, വാർത്താകുറിപ്പിൽ അറിയിച്ചു.

കാലാവസ്ഥാപ്രതിസന്ധികൾ, കുട്ടികളുടെ അവകാശങ്ങളിന്മേലുള്ള ഒരു കടന്നുകയറ്റമാണെന്നും, അത് കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ഭാവി എന്നിവയെ ഭീഷണിപ്പെടുത്തുന്നുവെന്നും കുറിപ്പിൽ പ്രത്യേകം  പരാമർശിക്കുന്നു. പ്രതിവർഷം ഏകദേശം 48 ദശലക്ഷം കുട്ടികളെയാണ് കാലാവസ്ഥാപ്രതിസന്ധികൾ രൂക്ഷമായി ബാധിക്കുന്നതെന്നും സംഘടന ചൂണ്ടികാണിച്ചു.  തുടർച്ചയായതും വർദ്ധിച്ചുവരുന്നതുമായ വിനാശകരമായ കാലാവസ്ഥാ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സമ്മേളനം നടക്കുന്നതെന്നും സംഘടന അടിവരയിട്ടു.

യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ ഉഷ്ണതരംഗങ്ങളും കാട്ടുതീയും, ഏഷ്യ, ലാറ്റിൻ അമേരിക്ക, ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ മാരകമായ വെള്ളപ്പൊക്കം, ഫിലിപ്പീൻസിലെ തുടർച്ചയായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, ചുഴലിക്കാറ്റുകൾ തുടങ്ങിയ  ദുരന്തങ്ങൾ, കാലാവസ്ഥാവ്യതിയാനത്തിന്റെ തിക്തഫലങ്ങൾ നിർണായകമായ കാലാവസ്ഥാ നടപടിയുടെ അടിയന്തര ആവശ്യകതയെ എടുത്തുകാണിക്കുന്നുവെന്നും വാർത്താകുറിപ്പിൽ സംഘടന ചൂണ്ടിക്കാണിച്ചു.

ആഗോള താപനില വർദ്ധനവ് 1.5°C ആയി പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ 2015 ലെ പാരീസ് ഉടമ്പടി, എന്നാൽ ഇന്ന് ക്രമേണ അവയുടെ പാതയിൽ നിന്ന് വ്യതിചലിക്കുന്നതിൽ സംഘടനയ്ക്കുള്ള ആശങ്കകളും കുറിപ്പിൽ അറിയിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, വെള്ളം, പോഷകാഹാരം, കുട്ടികളുടെ സംരക്ഷണം എന്നിവയുൾപ്പെടെ കുട്ടികൾക്കായുള്ള പ്രധാന സേവനങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് കൂടുതൽ നിക്ഷേപങ്ങൾ നടത്തുവാനും ബന്ധപ്പെട്ടവരോട് സംഘടന അഭ്യർത്ഥിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 നവംബർ 2025, 12:10