യുദ്ധങ്ങളുടെ ഇരകളാകുന്ന കുട്ടികൾ യുദ്ധങ്ങളുടെ ഇരകളാകുന്ന കുട്ടികൾ 

ദശലക്ഷക്കണക്കിന് കുട്ടികൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളുടെ ഇരകൾ: സേവ് ദി ചിൽഡ്രൻ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കുട്ടികളാണ് സ്ഫോടനായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമണങ്ങളുടെയും, വിശപ്പിന്റെയും, കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളുടെയും, ദാരിദ്ര്യത്തിന്റെയും ഇരകളാകുന്നതെന്ന് സേവ് ദി ചിൽഡ്രൻ സംഘടന. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള അന്താരാഷ്ട്രദിനത്തിലാണ് സംഘടന ഇത്തരമൊരു പത്രക്കുറിപ്പ് പുറത്തുവിട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

2024-ൽ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇരകളായ കുട്ടികളിൽ എഴുപത് ശതമാനവും സ്ഫോടനവസ്തുക്കളുടെ ഇരകളായിരുന്നുവെന്നും, 2025-ൽ പന്ത്രണ്ട് കോടിയോളം കുട്ടികൾ ദാരിദ്ര്യമനുഭവിച്ചുവെന്നും, അഞ്ചുലക്ഷത്തോളം കുട്ടികൾ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട ദുരന്തങ്ങളുടെ ഇരകളായെന്നും കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾക്കുവേണ്ടിയുള്ള അന്താരാഷ്ട്രദിനമായ നവംബർ 20-നാണ് ഒരു പത്രക്കുറിപ്പിലൂടെ ഇത്തരമൊരു പ്രസ്താവന സംഘടന പുറത്തുവിട്ടത്.

സ്ഫോടകവസ്തുക്കൾ മുൻപെങ്ങുമില്ലാത്ത വിധത്തിൽ കുട്ടികളുടെ ജീവന് ഭീഷണിയുയർത്തുന്നുണ്ടെന്ന്, "പ്രായപൂർത്തിയാകാത്തവരും സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട പരിക്കുകളും: കുട്ടികളിൽ സ്ഫോടകവസ്തുക്കളുടെ വിനാശകരമായ ആഘാതം" എന്ന പേരിൽ നവംബർ 20-ന് പുറത്തുവിട്ട ഒരു റിപ്പോർട്ടിലൂടെ സേവ് ദി ചിൽഡ്രൻ വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ കുട്ടികളുടെ മരണത്തിനും പരിക്കിനും കാരണമായ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും പിന്നിൽ സർക്കാർ പിന്തുണയോടെയുള്ള ശക്തികളായിരുന്നുവെന്ന് സേവ് ദി ചിൽഡ്രൻ ഓർമ്മപ്പെടുത്തി. ജനവാസമേഖലകളിൽ വ്യാപകവിനാശം വരുത്തുന്ന സ്ഫോടകവസ്തുക്കളുടെ ഉപയോഗം ഉയർന്ന മരണനിരക്കിന് കാരണമായെന്നും, 54 ശതമാനം സ്ഫോടനങ്ങൾക്കും വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി നിർമ്മിച്ച സ്ഫോടകവസ്തുക്കളാണ് ഉപയോഗിക്കപ്പെട്ടതെന്നും സംഘടന കുറ്റപ്പെടുത്തി.

2024-ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഇരകളായ പന്തീരായിരത്തോളം വരുന്ന കുട്ടികളിൽ എഴുപത് ശതമാനവും സ്ഫോടനങ്ങളുടെ ഇരകളായിരുന്നുവെന്ന് സംഘടന അറിയിച്ചു. എന്നാൽ 2020-2024 കാലയളവിൽ ഇത് അൻപത്തിയൊൻപത് ശതമാനം മാത്രമായിരുന്നുവെന്ന് സേവ് ദി ചിൽഡ്രൻ വിശദീകരിച്ചു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 2024-ൽ സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഇരകളായി 4.676 കുട്ടികളാണ് കൊല്ലപ്പെട്ടത്. 7.291 പേർക്ക് പരിക്കേറ്റു. ഇതനുസരിച്ച് 11.967 കുട്ടികളാണ് 2024-ൽ സംഘർഷങ്ങളുടെ ഇരകളായതെങ്കിൽ, 2020-ൽ ഇത് 8.422 മാത്രമായിരുന്നു.

യൂറോപ്പിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഏതാണ്ട് നാലര ലക്ഷത്തോളം കുട്ടികൾ ദാരിദ്ര്യമനുഭവിച്ചുവെന്ന് സേവ് ദി ചിൽഡ്രൻ അറിയിച്ചു. അതേസമയം ഇറ്റലിയിൽ മാത്രം ഒന്നേകാൽ കോടിയിലധികം കുട്ടികൾ കടുത്ത ദാരിദ്ര്യമനുഭവിക്കുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി.

തൊണ്ണൂറുകളെ അപേക്ഷിച്ച് യുദ്ധത്തിന്റെ ഭീകരതയ്ക്ക് കീഴിൽ കഴിയാൻ വിധിക്കപ്പെട്ട കുട്ടികളുടെ എണ്ണം ഇരട്ടിയായെന്ന് സേവ് ദി ചിൽഡ്രൻ തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. ഇതനുസരിച്ച് ഏതാണ്ട് അൻപത്തിരണ്ട് കോടി കുട്ടികളും കൗമാരക്കാരുമാണ് സംഘർഷഭരിതമേഖലകളിൽ താമസിക്കുന്നത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 നവംബർ 2025, 14:50