യെമെനിൽനിന്നുള്ള ഒരു ചിത്രം യെമെനിൽനിന്നുള്ള ഒരു ചിത്രം  (AFP or licensors)

ലോകത്ത് നാൽപ്പത് കോടിയിലധികം കുട്ടികൾ ദാരിദ്ര്യാവസ്ഥയിലാണ് കഴിയുന്നത്: യൂണിസെഫ്

നവംബർ 20-ന് കുട്ടികളുടെയും കൗമാരക്കാരുടെയും ആഗോളദിനം ആചരിക്കുന്നതിനിടെ, ലോകത്ത് നാൽപ്പത് കോടിയിലധികം കുട്ടികൾ ദാരിദ്ര്യാവസ്ഥയിലാണ് കഴിയുന്നതെന്നോർമ്മിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി റിപ്പോർട്ട് പുറത്തിറക്കി. ഇവരിൽ അഞ്ചിലൊന്ന് കുട്ടികളും താഴ്ന്നതോ ഇടത്തരമോ ആയ വരുമാനമുള്ള ഇടങ്ങളിലാണെന്നും സംഘടന വ്യക്തമാക്കി. പലരും ഭഷ്യ അരക്ഷിതാവസ്ഥയും ശുചിത്വസേവനങ്ങളുടെ കുറവും അനുഭവിക്കുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നാൽപ്പത് കോടിയിലധികം കുട്ടികളാണ് ലോകത്ത് ദാരിദ്ര്യാവസ്ഥയിൽ കഴിയാൻ നിർബന്ധിതരാകുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നവംബർ 20-ന് കുട്ടികളുടെയും കൗമാരക്കാരുടെയും ആഗോളദിനം ആചരിക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ പുറത്തുവിട്ട പുതിയൊരു റിപ്പോർട്ടിലാണ് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ ശിശുക്ഷേമനിധി വിശദീകരിച്ചത്.

തങ്ങളുടെ പ്രാഥമികാവശ്യങ്ങളിൽ പലതും ഏതാണ്ട് പന്ത്രണ്ട് കോടിയിലധികം കുട്ടികൾക്ക് ലഭ്യമാകുന്നില്ലെന്ന് യൂണിസെഫ്, തങ്ങളുടെ പഠനങ്ങളെ അധികരിച്ച് വ്യക്തമാക്കി. ലോകത്തെ മൊത്തം കുട്ടികളുടെ പത്തൊൻപത് ശതമാനത്തിലധികവും അതിതീവ്രസാമ്പത്തികപ്രതിസന്ധി നേരിടുന്നുണ്ടെന്നും, പ്രതിദിനം മൂന്ന് ഡോളറിൽ താഴെ മാത്രമാണ് അവർക്ക് ജീവിക്കാനായി ലഭിക്കുന്നതെന്നും കുട്ടികൾക്കുവേണ്ടിയുള്ള ഈ ഐക്യരാഷ്ട്രസഭാസംഘടന അറിയിച്ചു.

ഉന്നതവരുമാനമുള്ള മുപ്പത്തിയേഴ് രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഈ രാജ്യങ്ങളിൽപ്പോലും ഏതാണ്ട് അഞ്ചുകോടി കുട്ടികൾ, താരതമ്യേന സാമ്പത്തികഭദ്രത കുറഞ്ഞ അവസ്ഥയിലാണെന്ന് യൂണിസെഫ് എഴുതി. ഫ്രാൻസിലും സ്വിറ്റസർലണ്ടിലും യു.കെ.യിലും പോലും കുട്ടികൾക്കിടയിലെ ദാരിദ്ര്യം ഇരുപത് ശതമാനത്തോളം വർദ്ധിച്ചുവെന്നും, 2023-ലെ കണക്കുകൾ പ്രകാരം ഇറ്റലിയിൽ ഇത് ഇരുപത്തിമൂന്നിലും അധികമായിരുന്നുവെന്നും യൂണിസെഫ് വിശദീകരിച്ചു.

താഴ്ന്നതോ ഇടത്തരമോ വരുമാനമുള്ള പ്രദേശങ്ങളിൽ അഞ്ചിലൊന്ന് കുട്ടികളും, അതായത്, ഏതാണ്ട് നാൽപ്പത്തിരണ്ട് കോടിയോളം (41.7) കുട്ടികൾ തങ്ങളുടെ ആരോഗ്യത്തിനും വികസനത്തിനും ക്ഷേമത്തിനും ആവശ്യമായ പ്രാഥമികാവശ്യങ്ങളിൽ പലതിലും കുറവനുഭവിക്കുന്നുണ്ടെന്ന് യൂണിസെഫിന്റെ പഠനങ്ങൾ വ്യക്തമാക്കി.

"ദാരിദ്ര്യത്തിൽ വളരുന്നവരും, നല്ല പോഷകാഹാരം, മതിയായ ശുചിത്വം, പാർപ്പിടം തുടങ്ങിയ അവശ്യവസ്തുക്കൾ ലഭിക്കാത്തവരുമായ കുട്ടികൾ, അവരുടെ ആരോഗ്യത്തിനും വികസനത്തിനും വിനാശകരമായ പ്രത്യാഘാതങ്ങളാണ് നേരിടുന്നതെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പ്രസ്താവിച്ചു.

സഹാറ മരുഭൂമിക്ക് തെക്കുഭാഗത്തും, ദക്ഷിണേഷ്യയിലു മുള്ള കുട്ടികളാണ് കൂടുതൽ ദാരിദ്ര്യമനുഭവിക്കുന്നതെന്നും യൂണിസെഫിന്റെ പഠനങ്ങൾ വ്യക്തമാക്കി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 നവംബർ 2025, 14:46