കരീബിയൻ പ്രദേശത്തെ ഏഴുലക്ഷം കുട്ടികളുടെ ജീവിതത്തെ മെലീസ പ്രതികൂലമായി ബാധിച്ചു: യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മെലീസ (Melissa) കൊടുങ്കാറ്റും, അതേത്തുടർന്നുണ്ടായ കനത്ത മഴയും കടലേറ്റവും ഗുരുതരമായ വെള്ളപ്പൊക്കവും കരീബിയൻ പ്രദേശത്തെ ഏഴുലക്ഷത്തിലധികം കുട്ടികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് (UNICEF).
ജമൈക്കയിലും ക്യൂബയിലും ശക്തമായി വീശിയടിച്ച മെലീസ, ഹൈറ്റിയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലും ഉൾപ്പെടെ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. സ്‌കൂളുകളും, ആരോഗ്യകേന്ദ്രങ്ങളുമുൾപ്പെടെ നിരവധി കെട്ടിടങ്ങളാണ് കൊടുങ്കാറ്റിലും കനത്ത മഴയിലും തകർന്നത്.
മെലീസ നാശനഷ്ടം വിതച്ചയിടങ്ങളിലെ കുട്ടികൾക്ക് ഭക്ഷണവും കുടിവെള്ളവും, ശുചിത്വസൗകര്യങ്ങളും അടിയന്തിരമായി ആവശ്യമുണ്ടെന്നും, വിദ്യാഭ്യാസം പുനഃരാരംഭിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ വേണമെന്നും, തെക്കേ അമേരിക്കയിലേക്കും കരീബിയൻ പ്രദേശങ്ങളിലേക്കുമുള്ള യൂണിസെഫ് പ്രാദേശിക ഡയറക്ടർ റൊബേർത്തോ ബേനെസ് (Roberto Benes) പ്രസ്താവിച്ചു.
വിവിധ രാജ്യങ്ങളിലായി അൻപതിലധികം ആളുകൾ ഈ കൊടുങ്കാറ്റിന്റെയും അനുബന്ധപ്രശ്നങ്ങളുടെയും ഫലമായി മരണമടഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൈറ്റിയിൽ മാത്രം പത്ത് കുട്ടികളുൾപ്പെടെ ഇരുപത് പേരാണ് മെലീസ കൊടുങ്കാറ്റിന്റെ ഇരകളായത്.
മെലീസ കൊടുങ്കാറ്റിന്റെ ആഘാതമേറ്റയിടങ്ങളിലേക്കായി വിവിധ സഹായങ്ങളാണ് ശിശുക്ഷേമനിധി എത്തിച്ചുകൊണ്ടിരിക്കുന്നത്. ഏതാണ്ട് നാലുലക്ഷത്തോളം കുട്ടികളുൾപ്പെടെ ലക്ഷക്കണക്കിന് ആളുകളെ സഹായിക്കാനായി 460 ലക്ഷം ഡോളറിന്റെ ആവശ്യമാണ് സംഘടന തേടുന്നത്.
കഴിഞ്ഞ ബുധനാഴ്ച വത്തിക്കാനിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ, മെലീസ കൊടുങ്കാറ്റിന്റെ ഇരകളെ ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: