ഫിലിപ്പീൻസിൽനിന്നുള്ള ഒരു ദൃശ്യം ഫിലിപ്പീൻസിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

ഫുങ്-വോങ് കൊടുങ്കാറ്റ് തകർത്ത ഇടങ്ങളിൽ പതിനേഴ് ലക്ഷം കുട്ടികൾ: യൂണിസെഫ്

ഫിലിപ്പീൻസിൽ നവംബർ 9-നുണ്ടായ ഫുങ്-വോങ് കൊടുങ്കാറ്റ് തകർത്ത ഇടങ്ങളിൽ പതിനേഴ് ലക്ഷത്തിലധികം കുട്ടികൾ താമസിക്കുന്നുണ്ടെന്ന് യൂണിസെഫ്. പ്രദേശത്ത് 15.000-ലധികം സ്‌കൂൾ മുറികൾക്ക് കേടുപാടുകൾ ഉണ്ടായതായും, 900 സ്‌കൂളുകൾ താത്കാലിക ക്യാമ്പുകളായി പ്രവർത്തിക്കുന്നതായും ശിശുക്ഷേമനിധി അറിയിച്ചു. കഴിഞ്ഞ നാല് വർഷങ്ങളിലെ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ പ്രകൃതിദുരന്ത സാധ്യതയുള്ള രാജ്യമാണ് ഫിലിപ്പീൻസ്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫിലിപ്പീൻസിൽ ഈ വർഷമുണ്ടായ ഏറ്റവും ശക്തിയായ ഫുങ്-വോങ് (Fung-wong) കൊടുങ്കാറ്റ് തകർത്ത ഇടങ്ങളിൽ പതിനേഴ് ലക്ഷത്തിലധികം കുട്ടികൾ താമസിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നവംബർ 9-നുണ്ടായ ഈ കൊടുങ്കാറ്റിൽ നിരവധി വീടുകളും സ്‌കൂൾ കെട്ടിടങ്ങളും ആശുപത്രികളും തകർന്നതായും നവംബർ 13-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ശിശുക്ഷേമനിധി അറിയിച്ചു.

ഫിലിപ്പീൻസിന്റെ പതിനാറോളം പ്രദേശങ്ങളിൽ കനത്ത നാശം വിതച്ച ഫുങ്-വോങ് കൊടുങ്കാറ്റിൽ, പതിനയ്യായിരത്തോളം സ്‌കൂൾ മുറികൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും, തൊള്ളായിരം സ്‌കൂളുകൾ താത്കാലിക അഭയാർത്ഥി ക്യാമ്പുകളായി പ്രവർത്തിച്ചുവരികയെന്നും യൂണിസെഫ് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയുടെ അവസാനം മുതൽ ഫിലിപ്പീൻസിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ഈ കൊടുങ്കാറ്റ്, സർക്കാർ കണക്കുകൾ പ്രകാരം ഏതാണ്ട് അൻപത്തിരണ്ട് ലക്ഷം ജനങ്ങളെയാണ് ബാധിച്ചത്.

കഴിഞ്ഞ നാല് വർഷങ്ങളിൽ "ലോക അപകട സൂചിക"യുടെ (World Risk Index) കണക്കുകൾ പ്രകാരം ഫിലിപ്പീൻസ് ലോകത്തിൽ ഏറ്റവും കൂടുതൽ പ്രകൃതി ദുരന്ത സാധ്യതയുള്ള രാജ്യമായി റാങ്ക് ചെയ്യപ്പെട്ടുവെന്ന് യൂണിസെഫ് അറിയിച്ചു.

അടിയന്തിരഘട്ടങ്ങളിലേക്കുള്ള ആവശ്യത്തിനായുള്ള ഫണ്ടിൽനിന്ന് അഞ്ചര ലക്ഷം ഡോളറോളം, കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട കത്തന്തുവാനെസ് (Catanduanes) മേഖലയിലേക്ക് ചിലവഴിക്കാൻ തയ്യാറാണെന്ന് ശിശുക്ഷേമനിധി അറിയിച്ചു. ഒക്ടോബർ മാസത്തിൽ രാജ്യത്തുണ്ടായ കൊടുങ്കാറ്റുകളിലും ഭൂമികുലുക്കങ്ങളിലും നാശനഷ്ടങ്ങൾ നേരിട്ട സെബു (Cebu), കിഴക്കൻ ദവാവോ (Estern Davao), ദിനഗാത് ദീപുകൾ (Dinagat) തുടങ്ങിയ ഇടങ്ങളിൽ ആറായിരത്തോളം കുടുംബങ്ങൾക്ക് ശുചിത്വകിറ്റുകളും ശുദ്ധജലവുമെത്തിക്കാൻ തങ്ങൾക്കായെന്നും യൂണിസെഫ് അറിയിച്ചു.

ഫുങ്-വോങ് കൊടുങ്കാറ്റിലും തുടർന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലുമായി ഇരുപതിലധികം ആളുകൾ മരണമടഞ്ഞിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 നവംബർ 2025, 14:11