കുട്ടികളുടെ കൗമാരകാലം ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെടണം: യൂണിസെഫ് സംഘടന
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
പെൺകുട്ടികൾക്കും യുവതികൾക്കും എതിരായ അതിക്രമങ്ങൾ കുട്ടികളുടെ അവകാശങ്ങളുടെ ആഗോള പ്രതിസന്ധിയാണെന്ന് എടുത്തു പറഞ്ഞുകൊണ്ട്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം നവംബർ മാസം ഇരുപത്തിയഞ്ചാം തീയതി ആഘോഷിക്കുന്നു. ആഗോളതലത്തിൽ ഏകദേശം 840 ദശലക്ഷം സ്ത്രീകൾ അക്രമമോ ലൈംഗിക അതിക്രമമോ നേരിട്ടിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരം യൂണിസെഫ് സംഘടന പുറത്തുവിട്ടു. 15 വയസ്സ് മുതൽ 263 ദശലക്ഷം സ്ത്രീകൾ തങ്ങളുടെ പങ്കാളിയല്ലാത്ത ഒരാളിൽ നിന്ന് ലൈംഗിക അതിക്രമം അനുഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഓരോ അതിക്രമവും, തുടർന്ന് സൃഷ്ടിക്കുന്ന ഭീതിപ്പെടുത്തുന്ന ഫലങ്ങളും റിപ്പോർട്ടിൽ എടുത്തുപറയുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിനും, ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിനും, സംസാരിക്കാൻ ധൈര്യപ്പെടുന്നവരെ കേൾക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഉള്ള പ്രതിബദ്ധത ശക്തിപ്പെടുത്താൻ സംഘടന ബന്ധപ്പെട്ടവരോട് ആവശ്യപ്പെടുന്നു. 14 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കെതിരാണ് ലൈംഗികാതിക്രമങ്ങൾ കൂടുതലും സംഭവിക്കുന്നതെന്ന് പറയുന്ന സംഘടനാ റിപ്പോർട്ടിൽ, ലൈംഗിക അതിക്രമങ്ങൾ അനുഭവിക്കുന്ന കുട്ടികൾ ആവർത്തിച്ചുള്ള പീഡനത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നുള്ള പഠനവും ചൂണ്ടിക്കാണിക്കുന്നു.
ലൈംഗിക അതിക്രമത്തിന് ഇരയായവർ ഭാവിയിൽ, ലൈംഗിക രോഗങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, സാമൂഹിക ഒറ്റപ്പെടൽ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ, ആരോഗ്യകരമായ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുകൾ എന്നിവ നേരിടേണ്ടി വരുമെന്ന വിവരങ്ങളും സംഘടന ചൂണ്ടിക്കാണിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: