നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥികളിൽ നൂറു പേരെ മോചിപ്പിച്ചു
വത്തിക്കാൻ ന്യൂസ്
നവംബർ 21 ന് നൈജർ സംസ്ഥാനത്തെ പാപ്പിരിയിലെ സെന്റ് മേരീസ് കാത്തലിക് സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയ, വിദ്യാർത്ഥികളിൽ നൂറു പേരെ മോചിപ്പിച്ചതായി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു. അവരുടെ മോചനത്തിന്റെ വ്യവസ്ഥകളെക്കുറിച്ച് അധികൃതർ വിശദാംശങ്ങൾ നൽകിയിട്ടില്ല: കുട്ടികളെ തട്ടിക്കൊണ്ടുപോയവരുമായുള്ള ചർച്ചകളിലൂടെയാണോ അതോ സുരക്ഷാ നടപടിയുടെ ഫലമായാണോ വിട്ടയച്ചതെന്ന് നിലവിൽ വ്യക്തമല്ല.
ആക്രമണത്തിന് ശേഷം, അൻപതോളം വിദ്യാർത്ഥികൾക്ക് രക്ഷപെടുവാൻ സാധിച്ചിരുന്നെങ്കിലും, ബാക്കിയുള്ളവർ ഭീകരരുടെ പിടിയിലായിരുന്നു. ഇപ്പോൾ നൂറോളം കുട്ടികൾ മോചിതരായെങ്കിലും, ബാക്കിയുള്ളവരുടെ കാര്യത്തിൽ ആശങ്ക തുടരുകയാണ്.
നിയമവിരുദ്ധ സായുധ സംഘങ്ങൾ പലപ്പോഴും വലിയ മോചനദ്രവ്യം നേടുന്നതിനായി സ്കൂളുകളെ ലക്ഷ്യം വച്ചാണ് കൂട്ട തട്ടിക്കൊണ്ടുപോകൽ നടത്തുന്നത്. 2014-ൽ, വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിലെ ചിബോക്കിൽ നിന്ന് ബൊക്കോ ഹറാം തീവ്രവാദികൾ 200-ലധികം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: