ഉക്രൈനിൽ തുടരുന്ന യുദ്ധത്തിൽ നിരവധി കുട്ടികൾ കുടിയിറക്കപ്പെട്ടു
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
2022 ഫെബ്രുവരി 24 മുതൽ ഉക്രൈനിൽ ആരംഭിച്ച യുദ്ധം നാല് വർഷങ്ങൾ പിന്നിടുമ്പോഴും മൂന്നിലൊന്നിലധികം കുട്ടികൾ ഇപ്പോഴും കുടിയിറക്കപ്പെട്ടവരായി തുടരുന്നുവെന്നുള്ള ഞെട്ടിക്കുന്ന വിവരം യൂണിസെഫ് സംഘടന പുറത്തുവിട്ടു. ബോംബാക്രമണങ്ങളിൽ 3,200-ലധികം കുട്ടികൾ കൊല്ലപ്പെടുകയും, പരിക്കുകളോടെ കഴിയുകയും ചെയ്തിട്ടുണ്ട്. 2024 നെ അപേക്ഷിച്ച് 2025-ൽ കുട്ടികളുടെ മരണത്തിൽ 10 ശതമാനം വർദ്ധനവുണ്ടായതായും സംഘടനയുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു.
ദശലക്ഷക്കണക്കിന് കുട്ടികളും, കുടുംബങ്ങളും സുരക്ഷ തേടി വീടുകൾ വിട്ട് പലായനം ചെയ്തതിനാൽ ശരിയായ വിദ്യാഭ്യാസം നേടുന്നതിനോ, മാനസികമായ വളർച്ച കൈവരിക്കുന്നതിനോ സാധിക്കുന്നില്ല എന്നതും സംഘടന എടുത്തു പറയുന്നു. 1,700-ലധികം സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് യുദ്ധത്തിൽ നശിപ്പിക്കപ്പെട്ടത്.
ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങൾ ദശലക്ഷക്കണക്കിന് കുട്ടികളെയും കുടുംബങ്ങളെയും അതിശൈത്യത്തിൽ ഏറെ ദുരിതത്തിലാഴ്ത്തി. വീട്ടിൽ ചൂട്, വൈദ്യുതി, വെള്ളം എന്നിവയില്ലാതെ ദിവസങ്ങൾ കഴിയേണ്ടി വന്നതും മാനസികമായി കുട്ടികളിൽ വലിയ ആഘാതമാണ് ഏൽപ്പിച്ചത്. 15 നും 19 നും ഇടയിൽ പ്രായമുള്ള നാലിൽ ഒരാൾക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നതായി അടുത്തിടെ നടത്തിയ ഒരു സർവേ കണ്ടെത്തിയെന്നതും വാർത്താകുറിപ്പിൽ എടുത്തു പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: