ഖാൻ യൂനിസിൽ റമദാന്റെ ഭാഗമായി പ്രാർത്ഥിക്കുന്നവർ ഖാൻ യൂനിസിൽ റമദാന്റെ ഭാഗമായി പ്രാർത്ഥിക്കുന്നവർ  (ANSA)

ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലും പാലസ്തീൻകാരുടെ വംശീയ ഉന്മൂലനം ഭയന്ന് ഐക്യരാഷ്ട്രസഭ

ഗാസാമുനമ്പും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന പലസ്തീനിൽ, പാലസ്തീൻ വംശജർ "വംശീയ ഉന്മൂലനം" നേരിട്ടേക്കാമെന്ന ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷണർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോർട്ടിലൂടെയാണ് ഐക്യരാഷ്ട്രസഭാസംഘടന ഇത്തരമൊരു സംശയം മുന്നോട്ടുവച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

പാലസ്തീനിൽ പാലസ്തീൻ വംശജർ വംശീയ ഉന്മൂലനം നേരിട്ടേക്കാമെന്ന് ഐക്യരാഷ്ട്രസഭ. 2024 നവംബർ ഒന്ന് മുതൽ 2025 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പ്രദേശത്ത് നടന്ന സംഭവവികാസങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷണർ. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോർട്ടിലാണ് ഇത്തമൊരു ആശങ്ക ജനീവ ആസ്ഥാനമായുള്ള ഈ സംഘടന മുന്നോട്ടുവച്ചത്.

ഗാസാ മുനമ്പുൾപ്പെടെയുള്ള ഇടങ്ങളിൽ നടക്കുന്ന തീവ്രമായ ആക്രമണങ്ങൾ, അവിടെ ഇസ്രായേൽ സേന നടത്തുന്ന കൃത്യമായ നശീകരണപ്രവർത്തനങ്ങൾ, മാനവികസഹായം നിഷേധിക്കൽ, തുടങ്ങിയവ, ജനസംഖ്യാപരമായ ഒരു മാറ്റം ലക്ഷ്യമിട്ടുള്ളതായാണ് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് റിപ്പോർട്ടിൽ മനുഷ്യാവകാശ ഹൈക്കമ്മീഷണർ എഴുതി. പ്രദേശത്ത് സേന നടത്തുന്ന മുൻപില്ലാത്തവിധമുള്ള ആക്രമണങ്ങളും, സാധാരണ ജനങ്ങളെ കൊല്ലുന്നതും, അവർക്ക് അംഗഭംഗം വരുത്തുന്നതും, ഗാസാ പ്രദേശത്ത് ഒരു സമൂഹമെന്ന നിലയിൽ പാലസ്തീൻ വംശജരുടെ നിലനിൽപ്പിനെ ബാധിക്കുന്നതാണെന്ന് സംഘടന വിശദീകരിച്ചു.

ഗാസാ പ്രദേശത്ത് നിലനിൽക്കുന്ന പട്ടിണിയും പോഷകാഹാരക്കുറവും, മാനവികസഹായം എത്തിക്കുന്നത് തടഞ്ഞുകൊണ്ട് ഇസ്രായേൽ ഗവണ്മെന്റ് എടുത്ത തീരുമാനങ്ങളുടെയും അവരുടെ പ്രവർത്തനങ്ങളുടെയും നേരിട്ടുള്ള ഫലമാണെന്ന് ഐക്യരാഷ്ട്രസഭാസംഘടന കുറ്റപ്പെടുത്തി.  സാധാരണജനത്തെ പട്ടിണിക്കിടുന്നത് യുദ്ധതന്ത്രമായി ഉപയോഗിക്കുന്നത് ഒരു യുദ്ധക്കുറ്റമാണെന്ന് സംഘടന ഓർമ്മിപ്പിച്ചു.

നാളിതുവരെ 157 കുട്ടികളുൾപ്പെടെ 463 പാലസ്തീൻകാരെങ്കിലും പട്ടിണി മൂലം മരണമടഞ്ഞിട്ടുണ്ടെന്ന് എഴുതിയ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷണർ, ഇത്തരമൊരു അവസ്ഥ സാധാരണജനത്തിനെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായി ഉണ്ടായതാണെങ്കിൽ അത് മാനവികതയ്‌ക്കെതിരെയുള്ള കുറ്റമാണെന്നും, എന്നാൽ, ഒരു വംശ, വർഗ്ഗ, മത ദേശീയവിഭാഗത്തെ പൂർണ്ണമായോ ഭാഗികമായോ നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണെങ്കിൽ വംശഹത്യയായി കണക്കാക്കപ്പെടുമെന്നും ഓർമ്മിപ്പിച്ചു.

ആക്രമണങ്ങൾക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കുക എന്നതാണ് ഗാസായുടെ പുനഃനിർമ്മാണത്തിന്റെ അടിസ്ഥാനമെന്ന് ഓർമ്മിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമീഷണർ, ഗാസാ മുനമ്പിന്റെ പുനഃനിർമ്മാണത്തിനുള്ള സംഘടനകളിൽ പാലസ്തീൻകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 ഫെബ്രുവരി 2026, 13:04