ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരെ നിശബ്ദത അരുത്: അന്താരാഷ്ട്ര വനിതാദിനത്തിൽ യൂണിസെഫ്
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എൺപത്തിനാല് കോടിയോളം സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾ നേരിട്ടിരിക്കുന്നു എന്ന യൂണിസെഫിന്റെ റിപ്പോർട്ടിന്റെ കൂടി പശ്ചാത്തലത്തിൽ, ലിംഗാധിഷ്ഠിത അക്രമങ്ങൾക്കെതിരെ നിശബ്ദത പാടില്ലെന്ന സന്ദേശം മുന്നോട്ടുവച്ചുകൊണ്ട് ക്യാമ്പയിൻ സംഘടിപ്പിച്ച് യൂണിസെഫ് ഇറ്റലി ഘടകം. അന്താരാഷ്ട്ര വനിതാദിനം മാർച്ച് എട്ടാം തീയതി ആചരിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട് ലോകത്ത് നടക്കുന്ന വിവിധ സംരംഭങ്ങളുടെ കൂടെയാണ് ഇത്തരമൊരു ക്യാമ്പയിൻ നടത്തുന്നതിനെക്കുറിച്ച് യൂണിസെഫ് പ്രാദേശിക ഘടകം മാർച്ച് ആറാം തീയതി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
ലൈംഗികാതിക്രമങ്ങൾ നേരിടുന്ന കൗമാരക്കാരായ പെൺകുട്ടികളുടെ എണ്ണം മുൻപെന്നതിനേക്കാൾ വർദ്ധിച്ചുവരുന്നതിനെക്കുറിച്ചുള്ള കണക്കുകൾ യൂണിസെഫ് പുറത്തുവിട്ടതിന്റെ കൂടി അടിസ്ഥാനത്തിൽ നടത്തപ്പെടുന്ന ഈ ക്യാമ്പയിന് പിന്തുണ നൽകിക്കൊണ്ട് ഇറ്റലിയിലെ ദേശീയ വോളിബോൾ താരം അലേസ്സ്യ ഒറോ ഒരു വീഡിയോ സന്ദേശം പുറത്തുവിടുമെന്നും യൂണിസെഫ് ഇറ്റലി തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
2023-ലെ കണക്കുകൾ അനുസരിച്ച്, ആഗോളതലത്തിൽ ഏതാണ്ട് 840 മില്യൺ (എൺപത്തിനാല് കോടി) സ്ത്രീകളാണ് തങ്ങളുടെ പങ്കാളികളിൽനിന്ന് പീഡനങ്ങളോ ലൈംഗികാതിക്രമങ്ങളോ ഏറ്റുവാങ്ങിയതെന്ന് യൂണിസെഫ് ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ആറുകോടിയോളം ആളുകളുള്ള ഇറ്റലിയിലാകട്ടെ, പതിനാറിനും എഴുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ഏതാണ്ട് അറുപത്തിനാല് ലക്ഷം സ്ത്രീകളാണ്, തങ്ങൾ പീഡനങ്ങൾക്കോ ലൈംഗികാതിക്രമങ്ങൾക്കോ വിധേയരായിട്ടുണ്ടെന്ന് അറിയിച്ചത്.
ഇറ്റലിയിൽ ലിംഗാധിഷ്ഠിത അതിക്രമങ്ങൾ ഏറ്റവും വലിയ മനുഷ്യാവകാശലംഘനങ്ങളിൽ ഒന്നായി തുടരുന്നുവെന്നും, ഇത് സ്ത്രീകളുടെ അവകാശങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിന് തടസ്സമായി നിൽക്കുകയാണെന്നും യൂണിസെഫ് ഇറ്റലിയുടെ പ്രസിഡന്റ് നിക്കൊളാ ഗ്രാത്സിയാനോ പ്രസ്താവിച്ചു. ഗാർഹികപീഡനങ്ങൾക്കും പുരുഷന്മാരുടെ ഭാഗത്തുനിന്ന് സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾക്കും എതിരെയുള്ള ദേശീയ പദ്ധതിയുടെ നിർദ്ദേശങ്ങൾ പാലിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾക്കെതിരായ അതിക്രമങ്ങളും പീഡനശ്രമങ്ങളുമായി ബന്ധപ്പെട്ട അപകടകരമായ അടയാളങ്ങളും മുന്നറിയിപ്പുകളും തിരിച്ചറിയാനും, അവയ്‌ക്കെതിരെ സഹായം തേടാനും ഇറ്റലിയിലെ യൂണിസെഫ് ഘടകം സ്ത്രീകളെ ആഹ്വാനം ചെയ്‌തു. പീഡനങ്ങളും ചൂഷണങ്ങളും നടന്നതിന് ശേഷം നടക്കുന്ന പീഡനങ്ങൾക്കെതിരെയുള്ള പോരാട്ടം മാത്രമല്ല, മറിച്ച് പീഡനങ്ങൾ തടയാനും, ഇരകൾക്ക് സംരക്ഷണവും പിന്തുണയും ഉറപ്പുവരുത്താനും വേണ്ട ശ്രമങ്ങൾ കൂടി ഉണ്ടാകേണ്ടതുണ്ട്. അപകടസാധ്യതകളുമായി ബന്ധപ്പെട്ട അടയാളങ്ങൾ ഗൗരവതരമായി എടുക്കേണ്ടതിന്റെ പ്രാധാന്യവും യൂണിസെഫ് എടുത്തുകാട്ടി.
പീഡനം നിങ്ങളുടെ സ്വരമാണ് ഇല്ലാതാക്കുന്നതെന്ന് ഓർമ്മിപ്പിച്ച അലേസ്സ്യ ഒറോ, ഭയവും ധൈര്യക്കുറവും വെടിഞ്ഞ്, നിശ്ശബ്ദതയിൽനിന്ന് പുറത്തുവരേണ്ടതിന്റെയും, സംസാരിക്കേണ്ടതിന്റെയും, സഹായം തേടേണ്ടതിന്റെയും ആവശ്യം പ്രത്യേകം എടുത്തുപറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: