വെസ്റ്റ് ബാങ്കിൽനിന്നുള്ള ഒരു ദൃശ്യം വെസ്റ്റ് ബാങ്കിൽനിന്നുള്ള ഒരു ദൃശ്യം  (ANSA)

വെസ്റ്റ് ബാങ്കിൽ ആഴ്ചയിൽ ഒരു കുട്ടിവീതം കൊല്ലപ്പെടുന്നു: യൂണിസെഫ്

ഇസ്രായേൽ-പാലസ്തീന യുദ്ധത്തിന്റെ ഭാഗമായി 2025 ജനുവരി മുതൽ നാളിതുവരെ വെസ്റ്റ് ബാങ്കിൽ അറുപത്തിയഞ്ച് കുട്ടികൾ കൊല്ലപ്പെട്ടതായി യൂണിസെഫ്. 760 കുട്ടികൾക്ക് ഈ കാലയളവിൽ പരിക്കേറ്റതായും, മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കൻ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള യൂണിസെഫ് പ്രാദേശികവിഭാഗം ഡയറക്ടർ എഡ്‌വേഡ്‌ ബീഗ്ബെഡർ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

കിഴക്കൻ ജെറുസലേമും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആഴ്ചയിൽ ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. നിലവിലെ കണക്കുകൾ പ്രകാരം 2025 ജനുവരി മുതൽ നാളിതുവരെ വെസ്റ്റ് ബാങ്കിൽ അറുപത്തിയഞ്ച് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും, 760-ലധികം കുട്ടികൾക്ക് പരിക്കേറ്റതായും മദ്ധ്യപൂർവ്വദേശങ്ങൾക്കും വടക്കൻ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള യൂണിസെഫ് പ്രാദേശികവിഭാഗം ഡയറക്ടർ എഡ്‌വേഡ്‌ ബീഗ്ബെഡർ കഴിഞ്ഞ ദിവസം പ്രാദേശിക യൂണിസെഫ് കേന്ദ്രം പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു.

മാർച്ച് 14 ശനിയാഴ്ച വെസ്റ്റ് ബാങ്കിൽ നടന്ന ആക്രമണത്തിൽ അഞ്ചും ഏഴും വയസുള്ള രണ്ട് സഹോദരങ്ങൾ കൊല്ലപെട്ടുവെന്നും, തമ്മൂൻ നഗരത്തിൽ മാതാപിതാക്കൾക്കൊപ്പം വാഹനത്തിൽ ആയിരുന്ന അവസരത്തിലാണ് ഇസ്രായേൽ ആക്രമണത്തിൽ അവർ കൊല്ലപ്പെട്ടതെന്നും യൂണിസെഫ് അറിയിച്ചു. മാതാപിതാക്കളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

ഇപ്പോൾ നടന്നുവരുന്ന ആക്രമണങ്ങളെ അതിജീവിക്കുന്ന കുട്ടികൾ പോലും ആഴമേറിയ മുറിവുകളാണ് ഉള്ളിൽ പേറുന്നതെന്നും, തങ്ങളുടെ സുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ഭീകരമായ കൊലപാതകം നേരിൽ കാണേണ്ടിവരുന്ന ഇവരിൽ പലരും മാനസികമായ ബുദ്ധിമുട്ടുകൾക്ക് പുറമെ, സ്ഥിരമായ ശാരീരികവൈകല്യങ്ങൾക്ക് പോലും ഇരകളാകുന്നുണ്ടെന്നും ശിശുക്ഷേമനിധി പ്രാദേശിക ഘടകത്തിന്റെ നേതൃത്വം അറിയിച്ചു.

പാലസ്തീനയിലെ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കാൻ ഇസ്രായേൽ അധികാരികൾ തയ്യാറാകണമെന്ന് യൂണിസെഫ് ആവശ്യപ്പെട്ടു. അന്താരാഷ്ട്രനിയമങ്ങളനുസരിച്ച് കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, ആക്രമണങ്ങൾക്ക് ഇരകളായവർക്ക് മാനവികസഹായവും മെഡിക്കൽ സഹായവും എത്തിക്കുന്നതിന് വേണ്ട നടപടികളും ഇസ്രായേൽ ഉറപ്പാക്കണമെന്നും ശിശുക്ഷേമനിധി തങ്ങളുടെ പ്രസ്താവനയിൽ എഴുതി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 മാർച്ച് 2026, 12:13