കോംഗോയിൽ നിന്നുള്ള കാഴ്ച്ച കോംഗോയിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

ആഫ്രിക്കയിൽ എബോള ഭീതി: അന്താരാഷ്ട്ര അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, ഉഗാണ്ടയിലും പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വത്തിക്കാൻ ന്യൂസ്

ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ, പ്രത്യേകമായും, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും, ഉഗാണ്ടയിലും എബോള വൈറസ് ബാധ പടർന്നു പിടിക്കുകയാണ്.  കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ എൺപത്തിയെട്ടോളം മരണങ്ങളും മുന്നൂറിലധികം സംശയാസ്പദമായ കേസുകളും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ  ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യം കോവിഡ്-19 പോലുള്ള ഒരു ആഗോള മഹാമാരിയുടെ സ്വഭാവം കൈവരിച്ചിട്ടില്ലെങ്കിലും, വൈറസ് വ്യാപനത്തെ ഒരു രാജ്യവും നിസ്സാരമായി കാണരുതെന്ന് സംഘടന മുന്നറിയിപ്പ് നൽകി.

ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏകദേശം 336 പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നു. ഇതിൽ ഭൂരിഭാഗം രോഗികളും  കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലും രണ്ട് കേസുകൾ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത്തവണ പടരുന്നത് 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന എബോളയുടെ അപൂർവ വകഭേദമാണ്. ഈ വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനുകളോ കൃത്യമായ ചികിത്സാരീതികളോ ലഭ്യമല്ല എന്നതും  വെല്ലുവിളി ഉയർത്തുന്നു.

കിഴക്കൻ കോംഗോയിലെ തകർന്നടിഞ്ഞ ആരോഗ്യ സംവിധാനങ്ങളും,  നിലനിൽക്കുന്ന ആഭ്യന്തര യുദ്ധങ്ങളും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തടസ്സമാകുന്നുണ്ട്. ഏകദേശം 7.8 ദശലക്ഷത്തിലധികം ആളുകൾ  ആഭ്യന്തരമായി കുടിയിറക്കപ്പെട്ട നാടാണ് കോംഗോ.  ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള  സായുധ സംഘങ്ങളുടെ സാന്നിധ്യവും  ഈ മേഖലയിലെ സാധാരണക്കാരെ  കൂടുതൽ ഭീതിയിലാഴ്ത്തുന്നു. ഗ്രാമങ്ങളിൽ നടക്കുന്ന കൂട്ടക്കൊലകളും തട്ടിക്കൊണ്ടുപോകലുകളും ദുരിതാശ്വാസ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര സഹായം എത്രയും വേഗം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 മേയ് 2026, 15:41