സുഡാനിൽനിന്നുള്ള ഒരു ചിത്രം സുഡാനിൽനിന്നുള്ള ഒരു ചിത്രം  (Kathrin Harms/Sternsinger)

സുഡാനിൽ രണ്ടുകോടിയോളം ജനങ്ങൾ കടുത്ത ഭക്ഷ്യഅരക്ഷിതാവസ്ഥയിൽ: ഐക്യരാഷ്ട്രസഭ

സുഡാനിൽ ഏതാണ്ട് ഒരുകോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം ആളുകൾ ഗുരുതരമായ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുകയാണെന്ന്, ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, ഭക്ഷ്യ കാർഷിക സംഘടന, ലോകഭക്ഷ്യപദ്ധതി എന്നീ സംഘടനകൾ മെയ് പതിനാറിന് സംയുക്തമായി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സംഘർഷങ്ങളും, അത് സൃഷ്ടിക്കുന്ന കുടിയിറക്കവും മൂലം കടുത്ത ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സുഡാനിൽ ഏതാണ്ട് രണ്ടു കോടിക്കടുത്ത് ജനങ്ങൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയിലൂടെയാണ് ജീവിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ. രാജ്യത്തെ ഗുരുതരമായ ഈ സ്ഥിതിയിൽ ഏതാണ്ട് എട്ടേകാൽ ലക്ഷത്തോളം കുട്ടികളുടെ ജീവൻ ഭീഷണിയിലാണെന്നും സംഘടനകൾ വ്യക്തമാക്കി. അതേസമയം, സംഘർഷഭരിതമേഖലകളിൽ ഉൾപ്പെടെ രാജ്യത്ത് നിലനിൽക്കുന്ന ലോകത്തുതന്നെ ഏറ്റവും കടുത്ത നിരോധനങ്ങളും പ്രതിബന്ധങ്ങളും മൂലം ആളുകൾക്ക് മാനവികസഹായമെത്തിക്കുന്നതും ഏറെ ബുദ്ധിമുട്ടേറിയ നിലയിലാണെന്ന് സംഘടനകൾ അറിയിച്ചു.

ഐപിസി റേറ്റിങ്ങിൽ അതീവഗുരുതരമായ അഞ്ചാമത് നിലയിലാണ് രാജ്യത്തെ ഒരുലക്ഷത്തിമുപ്പത്തയ്യായിരത്തോളം ആളുകൾ ജീവിക്കുന്നതെന്ന് മെയ് പതിനാറിന് പുറത്തുവിട്ട ഒരു സംയുക്തപ്രസ്താവനയിൽ ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി (UNICEF), ഭക്ഷ്യ കാർഷിക സംഘടന (FAO), ലോകഭക്ഷ്യപദ്ധതി (WFP) എന്നീ പ്രസ്ഥാനങ്ങൾ വ്യക്തമാക്കി. ഈ റേറ്റിംഗിൽ നാലാമത്തെ നിലയിലാണ് രാജ്യത്തെ അൻപത് ലക്ഷത്തിലധികം ആളുകൾ ജീവിക്കുന്നതെന്നും, ഏതാണ്ട് ഒരുകോടിമുപ്പത് ലക്ഷം ആളുകൾ മൂന്നാമത്തെ നിലയിലാണെന്നും തങ്ങളുടെ പ്രസ്താവനയിലൂടെ സംഘടനകൾ അറിയിച്ചു.

സുഡാനിലെ ആരോഗ്യമേഖലയിലെ നാൽപ്പത് ശതമാനം പ്രസ്ഥാനങ്ങളും ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും, ഏതാണ്ട് ഒരുകോടി എഴുപത് ലക്ഷത്തോളം ആളുകൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നില്ലെന്നും പ്രസ്താവനയിൽ സംഘടനകൾ എഴുതി. രണ്ടുകോടി നാൽപ്പത് ലക്ഷത്തോളം ആളുകൾക്ക് ശരിയയായ ശുചിത്വ, ആരോഗ്യ സേവനങ്ങൾ ലഭ്യമാകുന്നില്ലെന്നും പ്രസ്താവന വിശദീകരിച്ചു.

സംഘർഷങ്ങൾ നിറഞ്ഞ തുടർച്ചയായ നാലാം വർഷത്തിലൂടെയാണ് രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഇത് കുട്ടികളെയും കുടുംബങ്ങളെയും പൊതുസമൂഹങ്ങളെയും വലിയ തോതിൽ ബാധിക്കുന്നുണ്ടെന്ന് സംഘടനകൾ അറിയിച്ചു. കോളറ, അഞ്ചാംപനി, മലേറിയ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ്, ഡിഫ്തീരിയ, വയറിളക്ക രോഗങ്ങൾ എന്നിവ തുടർച്ചയായി ആവർത്തിക്കപ്പെടുന്നത് രാജ്യത്തെ സാധാരണ ജനജീവിതത്തെ ബുദ്ധിമുട്ടേറിയതാക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ നാൽപ്പത് ശതമാനത്തോളം ആളുകൾ കടുത്ത ഭക്ഷ്യഅരക്ഷിതാവസ്ഥയിലൂടെ, ഐപിസി റേറ്റിംഗിൽ മൂന്നാമത് നിലയിലൂടെയാണ്, കടന്നുപോകുന്നത്. സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന ആളുകൾ ഉടൻ വെറുപ്പും വൈരാഗ്യവും അവസാനിപ്പിക്കണമെന്നും, മാനവികസഹായമെത്തിക്കുന്നതിന് സുരക്ഷിതമായ സാഹചര്യമൊരുക്കണമെന്നും, രാജ്യത്തുവേണ്ട ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി അന്താരാഷ്ട്രസമൂഹത്തിന്റെ സഹായം ഉണ്ടാകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 മേയ് 2026, 12:42