ഉക്രൈനിലെ ഒരു പൊതുവഴിയിൽനിന്നുള്ള ഫയൽ ചിത്രം ഉക്രൈനിലെ ഒരു പൊതുവഴിയിൽനിന്നുള്ള ഫയൽ ചിത്രം  (ANSA)

ഉക്രൈൻ യുദ്ധം: പരിക്കേറ്റവരും കൊല്ലപ്പെട്ടവരുമായി 3.400-ലധികം കുട്ടികൾ

വർഷങ്ങളായി തുടരുന്ന റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഫലമായി നാളിതുവരെ ഉക്രൈനിൽ കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായി 3.400-ലധികം കുട്ടികളുണ്ടെന്ന് യൂണിസെഫ് റിപ്പോർട്ട് ചെയ്തു. ഏതാണ്ട് ഇരുപത്തിയാറ് ലക്ഷം കുട്ടികളാണ് കുടിയിറക്കപ്പെട്ടതെന്നും മെയ് 28 വ്യാഴാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം, റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ ഭാഗമായി 2022 മുതൽ മൂവ്വായിരത്തിനാനൂറിലധികം കുട്ടികൾ ഇരകളായിട്ടുണ്ടെന്നും, ഇരുപത്തിയാറ് ലക്ഷത്തോളം കുട്ടികളാണ് കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ലക്ഷക്കണക്കിന് കുട്ടികളാണ് യുദ്ധവുമായി ബന്ധപ്പെട്ട മറ്റു പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും മെയ് 28 വ്യാഴാഴ്ച പുറത്തുവിട്ട തങ്ങളുടെ പത്രക്കുറിപ്പിൽ സംഘടന എഴുതി.

ഉക്രൈനിലെ ജനവാസപ്രദേശങ്ങളിലുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ തുടരുന്നതിൽ തങ്ങളുടെ കടുത്ത ആശങ്കയറിയിച്ച യൂണിസെഫ്, കുട്ടികളുൾപ്പെടെയുള്ള സാധാരണജനത്തിന്റെ അവകാശങ്ങൾ മാനിക്കപ്പെടണമെന്നും, അവർ ആക്രമണങ്ങളിൽനിന്ന് സംരക്ഷിക്കപ്പെടണമെന്നും സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടേതുമുൾപ്പെടെയുള്ള ജീവിതത്തിന് വേണ്ട ആവശ്യസേവനവിഭാഗങ്ങൾ പോലും തുടർച്ചയായ ആക്രമണങ്ങൾ നേരിടുകയാണെന്നും, രാജ്യത്ത് സ്‌കൂളുകളും ആരോഗ്യകേന്ദ്രങ്ങളും ഊർജ്ജോത്പാദന-ജലവിതരണ കേന്ദ്രങ്ങളും പലയിടങ്ങളിലും തകർക്കപ്പെട്ടുവെന്നും അപലപിച്ചു. 2022 മുതൽ നാളിതുവരെ 1.780 സ്‌കൂളുകൾ ഭാഗികമായോ പൂർണ്ണമായോ തകർക്കപ്പെട്ടിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി.

ഉക്രൈനിലെ മൂന്നിലൊന്നിലധികം കുട്ടികളും കുടിയിറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും, ഇവരിൽ എട്ടുലക്ഷത്തോളം കുട്ടികൾ രാജ്യത്തിനുള്ളിൽത്തന്നെയാണ് ജീവിക്കുന്നതെന്നും, പതിനെട്ട് ലക്ഷത്തോളം കുട്ടികൾ രാജ്യാതിർത്തിക്ക് വെളിയിലാണെന്നും ശിശുക്ഷേമനിധി വിശദീകരിച്ചു.

തുടർച്ചയായ ആക്രമണങ്ങളെക്കുറിച്ചുള്ള ഭീതി കുട്ടികളുടെയും കൗമാരക്കാരുടെയും ജീവിതത്തെ കൂടുതൽ തളർത്തുകയാണെന്നും, അവർക്ക്, നഷ്ടപ്പെടുന്ന വിദ്യാഭ്യാസസാധ്യതകൾ തിരികെ ലഭിക്കാനും ആരോഗ്യകരമായ ജീവിതസാധ്യതയ്ക്കും വേണ്ട പിന്തുണയുടെ ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്രസഭാസംഘടന എഴുതി. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 മേയ് 2026, 11:36