ലെബനനിൽ ഇസ്രായേൽ ആക്രമണം നടത്തിയ ഒരിടത്തിന്റെ ദൃശ്യം ലെബനനിൽ ഇസ്രായേൽ ആക്രമണം നടത്തിയ ഒരിടത്തിന്റെ ദൃശ്യം  (ANSA)

ലബനൻ ജനത നേരിടുന്ന ആക്രമണത്തിൽ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ

ബെയ്‌റൂട്ടിന്റെ തെക്കുഭാഗത്തും, ലെബനന്റെ ദക്ഷിണഭാഗത്ത് പൊതുവിലും ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങൾ ശക്തമായി വരികയാണെന്നും, നിരവധി ജീവനുകളാണ് ഈ ആക്രമണങ്ങളിൽ ഇല്ലാതായതെന്നും ഐക്യരാഷ്ട്രസഭ. വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടെങ്കിലും നാളിതുവരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ മൂവ്വായിരത്തിൽപ്പരം ലെബനൻകാരാണ് കൊല്ലപ്പെട്ടത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ ആശങ്കയറിയിച്ചും, സമാധാനശ്രമങ്ങൾക്കായി ആഹ്വാനം ചെയ്തും ഐക്യരാഷ്ട്രസഭ. അമേരിക്കയും ഇറാനും തമ്മിലും, റഷ്യയും ഉക്രൈനും തമ്മിലും ഉള്ള സംഘർഷങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ, ലെബനനുനേരെ ഇസ്രായേൽ നടത്തിവരുന്ന ആക്രമണങ്ങൾ കൂടുതൽ തീവ്രമായി വരികയാണെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചു. കഴിഞ്ഞ മാർച്ച് 2 മുതൽ നാളിതുവരെ 3.324 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടതെന്നും ആക്രമണങ്ങളിൽ പരിക്കേറ്റവരുടെ എണ്ണം പതിനായിരം കഴിഞ്ഞുവെന്നും സംഘടന അറിയിച്ചു.

മെയ് 15-ന് ഇരുകക്ഷികളും വെടിനിറുത്തൽ പ്രഖ്യാപിച്ചുവെങ്കിലും ഇസ്രായേൽ, ലെബനനിലെ ബെയ്‌റൂട്ടിന് തെക്കുഭാഗത്തുൾപ്പെടെ വിവിധയിടങ്ങളിൽ ആക്രമണം തുടരുകയാണെന്ന് യു.എൻ. റിപ്പോർട്ട് ചെയ്തു. വെടിനിറുത്തൽ നിലനിൽക്കെത്തന്നെ, ഇസ്രായേൽ ലെബനന്റെ തെക്കൻ ഭാഗങ്ങളിലെ ചില പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടശേഷം ആക്രമണം അഴിച്ചുവിടുകയായിരുന്നു. തീറോ, നെബാത്യേ പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ മാത്രം നാല് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്.

തൈർ ദെബ്ബ പ്രദേശത്ത് നടന്ന ഒരു ആക്രമണത്തിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടു പേരും, അബ്ബയിൽ നടന്ന ആക്രമണത്തിൽ ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മാറൂബിലുള്ള ഒരു ഇസ്ലാമിക കേന്ദ്രത്തിൽ നടന്ന ആക്രമണത്തിൽ ഒരാളും മരണമടഞ്ഞു. അതേസമയം, തെക്കൻ ലെബനനിൽ ഹിസ്‌ബൊള്ള, തങ്ങൾ ഇസ്രായേലിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പത്തൊൻപത് ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു.

മെയ് 29-ന് വാഷിങ്ങ്ടണിലെ പെന്റാഗണിൽ ഇസ്രായേൽ, ലെബനൻ എന്നിവിടങ്ങളിൽനിന്നുള്ള സൈനികപ്രതിനിധികൾ തമ്മിൽ ഒരു ചർച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ അമേരിക്കൻ തലസ്ഥാനത്ത് നടത്താനിരിക്കുന്ന നാലാമത് ചർച്ചകൾക്ക് മുന്നോടിയായാണ് ഇത്തരമൊരു കൂടിക്കാഴ്ച നടക്കുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 മേയ് 2026, 12:20