തിരയുക

യേശുവും ശിഷ്യന്മാരും യേശുവും ശിഷ്യന്മാരും  (BAV Pal.lat.537, f.125v)

ഫീലിപ്പോസിന്റെയും നഥാനായേലിന്റെയും വിളി

വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം നാൽപ്പത്തിമൂന്ന് മുതൽ അൻപത്തിയൊന്നു വരെയുള്ള തിരുവചനങ്ങളെക്കുറിച്ചുള്ള വിചിന്തനം.
സുവിശേഷപരിചിന്തനം യോഹന്നാൻ 1, 43-51 - ശബ്ദരേഖ

ഫാദർ തോമസ് തൈക്കാട്ട്, തിരുവല്ല അതിരൂപത

ദൈവത്താൽ ഏറ്റം അനുഗ്രഹിക്കപ്പെട്ടവരെ,

ദനഹായ്ക്ക് ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച തിരുസഭാമാതാവ് വിചിന്തനത്തിനായി നമുക്ക് നൽകിയിരിക്കുന്ന തിരുവചനഭാഗം വിശുദ്ധ യോഹന്നാൻ ശ്ലീഹ എഴുതിയ സുവിശേഷം ഒന്നാം അധ്യായം നാല്പത്തിമൂന്ന് മുതൽ അൻപത്തിയൊന്ന് വരെയുള്ള തിരുവചനഭാഗങ്ങളാണ്. ഫീലിപ്പോസിനെയും നഥാനായേലിനെയും ദൈവം വിളിച്ച് തന്റെ ശിഷ്യസമൂഹത്തിലേക്ക് ചേർക്കുന്ന തിരുവചനഭാഗമാണ് നാം ഇവിടെ വായിച്ചു കേൾക്കുക. നഥാനായേൽ ബർത്തലോമിയോ ആണ് എന്ന് ബൈബിൾ പണ്ഡിതന്മാർ സാക്ഷിക്കുന്നു. ഈ തിരുവചനഭാഗം, യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം നാല്പത്തിമൂന്ന് മുതൽ അൻപത്തിയൊന്ന് വരെയുള്ള തിരുവചനഭാഗങ്ങൾ നമ്മൾ വായിക്കുമ്പോൾ യേശുതമ്പുരാന്റെ വിളിയുടെ അഞ്ചു പ്രത്യേകതകൾ, യേശുതമ്പുരാൻ തന്നെ അടുത്തനുഗമിക്കുവാനായിട്ട് ആൾക്കാരെ വിളിക്കുമ്പോൾ ഉള്ള അഞ്ചു കാര്യങ്ങൾ നമുക്ക് ഈ തിരുവചനഭാഗത്ത് കാണാവുന്നതാണ്.

ഒന്ന് യേശുതമ്പുരാൻ കണ്ടാണ് വിളിക്കുക. ഫീലിപ്പോസിനെ കണ്ടപ്പോൾ യേശുതമ്പുരാൻ അവനോട് പറയുകയാണ്, എന്നെ അനുഗമിക്കുക. നമ്മളെയും അതുപോലെ ദൈവം കണ്ട് അവനെ അനുഗമിക്കാനായിട്ട് വിളിക്കുന്നുണ്ട്. സക്കേവൂസിനെ ദൈവം വിളിക്കുന്ന സംഭവം നമുക്ക് സുപരിചിതമാണ്. സക്കേവൂസ് പൊക്കം കുറവായിരുന്നതിനാൽ യേശുവിനെ കാണുവാൻ വേണ്ടി ഒരു സിക്കമൂർ മരത്തിന്റെ മുകളിൽ കയറിയിരിക്കുകയാണ്. യേശുതമ്പുരാൻ ആ മരത്തിന്റെ ചുവട്ടിൽ വന്നു നിന്നുകൊണ്ട് സക്കേവൂസിനോട് പറയുകയാണ്, സക്കേവൂസ്, വേഗം ഇറങ്ങിവരിക ഇന്ന് എനിക്ക് നിന്റെ വീട്ടിൽ താമസിക്കേണ്ടിയിരിക്കുന്നു. സക്കേവൂസ് തിടുക്കത്തിൽ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിക്കുന്നു. നമ്മളെയും ദൈവം വിളിക്കുക നമ്മളെ കണ്ടുകൊണ്ടാണ് വിളിക്കുക.

യേശുതമ്പുരാന്റെ വിളിയുടെ രണ്ടാമത്തെ പ്രത്യേകത, ഈ വിളി സ്വീകരിക്കുന്നയാൾ ഈ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാനാണ് വിളിക്കപ്പെടുക. ഫീലിപ്പോസിന്റെ ജീവിതം അതാണ് നമ്മെ പഠിപ്പിക്കുക. ഫീലിപ്പോസ് ദൈവത്തിന്റെ വിളികേട്ടയുടനെ ഓടിപ്പോയി നഥാനായേലിനെ കണ്ട് അവനോട് പറയുകയാണ്, മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ അവൻ, ആ ജോസെഫിന്റെ മകൻ നസ്രത്തിൽനിന്നുള്ള യേശുവിനെ ഞങ്ങൾ കണ്ടു. നിയമാവർത്തനാപുസ്തകം പതിനെട്ടാം അധ്യായം പതിനഞ്ചാം തിരുവചനത്തിൽ നമ്മൾ വായിക്കുന്നുണ്ട്, നിന്റെ ദൈവമായ കർത്താവ് നിന്റെ സഹോദരങ്ങളുടെ ഇടയിൽനിന്നും എന്നെപ്പോലെയുള്ള ഒരു പ്രവാചകനെ നിനക്കുവേണ്ടി അയക്കും; അവന്റെ വാക്കാണ് നീ ശ്രവിക്കേണ്ടത്. നിയമവാർത്തനം പതിനെട്ടാം അധ്യായം പതിനെട്ടാം വാക്യം, അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് നിന്നെപ്പോലെയുള്ളൊരു പ്രവാചകനെ ഞാൻ അവർക്കുവേണ്ടി അയക്കും. എന്റെ വാക്കുകൾ ഞാൻ അവന്റെ നാവിൽ നിക്ഷേപിക്കും. ഞാൻ കല്പിക്കുന്നതെലാം അവൻ അവരോട് പറയും. ഈ പ്രവചനങ്ങളുടെ ഒക്കെ പൂർത്തിയായ യേശുതമ്പുരാനെ കണ്ടു എന്ന് പ്രവാചകഗ്രന്ഥങ്ങളിൽ ആരെപ്പറ്റി എഴുതിയിരിക്കുന്നുവോ ആ പ്രവാചകനെ, യേശുതമ്പുരാനെ കണ്ടു എന്ന് സന്തോഷത്തോടുകൂടി ഫീലിപ്പോസ് നഥാനായേലിനെ അറിയിക്കുകയാണ്. നമ്മളും കർത്താവിനെ അടുത്തറിയാനായിട്ട് വിളിക്കപ്പെട്ടവരും നമ്മളും ഈ സന്തോഷം, യേശുവെന്ന സന്തോഷം മറ്റുള്ളവരിലേക്ക് അറിയിക്കുവാൻ, മറ്റുള്ളവരിലേക്ക് എത്തിക്കുവാനായിട്ട് ബാധ്യസ്ഥരാണ് എന്ന് ഫീലിപ്പോസിന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു. ഉടനെ നഥാനായേൽ ഫീലിപ്പോസിനോട് ചോദിക്കുകയാണ്, നസ്രത്തിൽ നിന്നും എന്തെങ്കിലും നന്മയുണ്ടാകുമോ? ഏറ്റവും തിരസ്‌കൃതമായ നഗരങ്ങളിലൊന്നായിരുന്നു നസ്രത്ത്‌. പഴയനിയമത്തിൽ അധികം പ്രതിപാദിക്കപ്പെടാത്ത ഈ നഗരം ഒരുപക്ഷെ ബെത്ലെഹെമിൽനിന്നുള്ള യേശു എന്ന് പറഞ്ഞാൽ നഥാനായേലിന് കുറച്ചുകൂടെ വിശ്വാസ്യമായേനെ. പക്ഷെ നസ്രത്തിൽനിന്നുള്ള യേശു എന്ന് പറഞ്ഞപ്പോൾത്തന്നെ നഥാനായേൽ ചോദിക്കുകയാണ് നസ്രത്തിൽ നിന്നും എന്തെങ്കിലും നന്മയുണ്ടാകുമോ? പ്രിയമുള്ളവരേ, കർത്താവ്, യേശുതമ്പുരാൻ ജീവിച്ച നസ്രത്ത്‌, നസ്രായനായ യേശു നസ്രത്തിനെ ഉയർത്തിയതുപോലെ നമ്മുടെ ജീവിതങ്ങളിലേക്ക് കർത്താവ് കടന്നുവരുന്നുണ്ടെങ്കിൽ ഏത് തിരസ്കരിക്കപ്പെട്ട അവസ്ഥയിലാണ് നമ്മുടെ ജീവിതമെങ്കിലും, നമ്മൾ ഉയർത്തപ്പെടും; യേശുതമ്പുരാൻ നസ്രത്ത് പട്ടണത്തെ ഉയർത്തിയതുപോലെ.  നമ്മുടെ ജീവിതങ്ങളും ദൈവസാന്നിധ്യത്തിൽ നിറയപ്പെടുമ്പോൾ ഉയർത്തപ്പെടും. ഫീലിപ്പോസ് ഒരുപാട് വാദപ്രതിവാദങ്ങൾക്ക് നിൽക്കാതെ നഥാനായേലിനോട് പറയുക വന്ന് കാണുക എന്നതാണ്. വലിയ ഒരു ഇൻവിറ്റേഷൻ ആണ് നഥാനായേലിന് ഫീലിപ്പോസ് കൊടുക്കുക. വന്ന് യേശുതമ്പുരാനെ കണ്ട് അനുഭവിച്ചറിയാനുള്ള വലിയ ഒരു ഇൻവിറ്റേഷൻ കൊടുക്കുകയാണ്. നമ്മളും എല്ലാവരെയും വിളിക്കേണ്ടത് ഈ അനുഭവത്തിലേക്കാണ്. യേശു അനുഭവത്തിലേക്ക്, ദൈവവചനാനുഭവത്തിലേക്ക്, ദിവ്യകാരുണ്യ അനുഭവത്തിലേക്ക് എല്ലാവരെയും വിളിച്ചുചേർക്കാനായിട്ട് നിയോഗിക്കപ്പെട്ട ശിഷ്യരാണ്, കർത്താവിനെ അനുഗമിക്കുന്ന നല്ല ശിഷ്യരാണ് നമ്മളെന്ന ബോധ്യം നമ്മുടെ ഉള്ളിലുണ്ടാവണം. നഥാനായേലിനെ കാണുമ്പോൾത്തന്നെ യേശുതമ്പുരാൻ പറയുകയാണ്, ഇതാ നിഷ്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരൻ.

കർത്താവിന്റെ വിളിയുടെ മൂന്നാമത്തെ പ്രത്യേകത അതാണ്; കർത്താവ് നമ്മളെ അറിയുന്നുണ്ട്. നമ്മളെ കർത്താവ് നന്നായി അറിയുന്നുണ്ട്. നഥാനായേലിനെ ദൈവം അറിഞ്ഞിരുന്നു. നിഷ്കപടനായ ഒരു യഥാർത്ഥ ഇസ്രായേൽക്കാരനാണ് ഇവൻ എന്ന്  കർത്താവ് അറിഞ്ഞിരുന്നു. ഉൽപ്പത്തിപ്പുസ്തകം ഇരുപത്തിയെട്ടാം അധ്യായം പന്ത്രണ്ട് പതിമൂന്ന് തിരുവചനങ്ങളിൽ നമ്മൾ കാണുന്നുണ്ട്, യാക്കോബിന് ലഭിക്കുന്ന ഒരു ദർശനം.

സ്വർഗം തുറക്കപ്പെട്ട് ഗോവണിയിലൂടെ മാലാഖമാർ കയറിപ്പോകുന്നതും ഇറങ്ങിപ്പോകുന്നതും. പിന്നീടാണ് യാക്കോബ് ഇസ്രായേലായിട്ട് നാമകരണം ചെയ്യപ്പെടുക. യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം അൻപത്തിയൊന്നാം തിരുവചനത്തിൽ നഥാനായേലിനോട് ദൈവം പറയുന്ന ഒരു കാര്യമുണ്ട്. സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, സ്വർഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാർ കയറിപ്പോകുന്നതും മനുഷ്യപുത്രന്റെമേൽ ഇറങ്ങിവരുന്നതും നിങ്ങൾ കാണും. കർത്താവിനെ അടുത്തനുഗമിക്കുന്നവൻ യഥാർത്ഥ ഇസ്രായേലാണ്, നിഷ്കപടനായ യഥാർത്ഥ ഇസ്രായേൽക്കാരനാണ്. ആ വലിയ സ്നേഹത്തോടും ത്യാഗത്തോടും കൂടെ കർത്താവിനെ അനുഗമിക്കുന്നുണ്ടെങ്കിൽ ഈ കാഴ്ച നമുക്കും അനുഭവവേദ്യമാക്കും എന്ന് ഈ തിരുവചനം നമ്മളെ ഓർമ്മപ്പെടുത്തുന്നു.

ദൈവത്തെ നമ്മൾ അടുത്തനുഗമിക്കുമ്പോൾ ദൈവം ആരാണെന്ന് നമുക്ക് പറഞ്ഞുതരികയാണ്, പൂർണ്ണമായും നമുക്ക് വെളിപ്പെടുത്തിത്തരികയാണ്. യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം അൻപതാം തിരുവചനത്തിൽ നഥാനായേലിനോട് കർത്താവ് പറയുന്നു, അത്തിമരത്തിന്റെ ചുവട്ടിൽ നിന്നെ കണ്ടു എന്ന് ഞാൻ പറഞ്ഞതുകൊണ്ട് നീ എന്നിൽ വിശ്വസിച്ചു. എന്നാൽ ഇതിനേക്കാൾ വലിയ കാര്യങ്ങൾ നീ കാണും. ദൈവത്തിന്റെ മഹത്വം നീ കാണും എന്ന്, ദൈവത്തിന്റെ വലിയ നന്മ നീ കാണും എന്ന് നഥാനായേലിന് ദൈവം ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്. ദൈവത്തിന്റെ ആ വലിയ നന്മ കാണുവാനുള്ള ഭാഗ്യം ലഭിക്കുമെന്ന്, തമ്പുരാന്റെ അടുത്തനുഗമിക്കുന്നവന്, ദൈവം അവൻ യഥാർത്ഥത്തിൽ ആരാണെന്ന് പറഞ്ഞുകൊടുക്കുന്നു. ഈശോയെ അടുത്തനുഗമിച്ചു തുടങ്ങുമ്പോൾ ശിഷ്യന്മാർ അതെല്ലം മനസ്സിലാക്കുന്നു. കാനായിലെ അത്ഭുതം മുതൽ അവന്റെ ജീവിതത്തിലുടനീളം നടന്ന അത്ഭുതങ്ങളും ഉയിർപ്പിന്റെ വലിയ നന്മകളും വരെ സ്വീകരിക്കുവാനായിട്ട് ദൈവം ശിഷ്യന്മാരെ ഒരുക്കിയിട്ടുണ്ട്  ഇതേ അനുഭവമാണ് കർത്താവിനെ അടുത്തനുഗമിക്കുമ്പോൾ, ദൈവം വിളിച്ചു നമ്മളെ കൂട്ടിച്ചേർത്തുകഴിയുമ്പോൾ, അവൻ യഥാർത്ഥത്തിൽ ആരാണെന്നുള്ള വലിയ ബോധ്യം നമ്മുടെ ഉള്ളിൽ തരും. ഇത് നിറയപ്പെടുന്നതുവരെ നമുക്ക് തമ്പുരാനെ പൂർണ്ണമായിട്ട് മനസ്സിലാക്കുവാനായിട്ട് സാധിക്കുകയില്ല

വീണ്ടും അടുത്ത പ്രത്യേകത ഈ ശിഷ്യന്മാർ വിളിക്കപ്പെട്ടതിന് ശേഷം അവരെ ദൈവം വലുതായിട്ട് ഉയർത്തുന്നു എന്നുള്ളതാണ്. ആത്മീയമായിട്ട്, ആത്മീയ അനുഗ്രഹങ്ങളാൽ ഉയർത്തുന്നു എന്നുള്ളതാണ്. ഈ ശിഷ്യസമൂഹം മുഴുവൻ നഥാനായേലും ഫീലിപ്പോസും, ശേഷം തമ്പുരാനോട് അടുത്ത് ചേർക്കപ്പെട്ട ശിഷ്യസമൂഹം മുഴുവൻ, കർത്താവിനെ സ്വീകരിച്ചുകഴിഞ്ഞപ്പോൾ, യേശുവിനെ അടുത്തനുഗമിക്കുവാൻ തുടങ്ങിക്കഴിഞ്ഞപ്പോൾ അവരുടെ ജീവിതത്തിൽ വലിയൊരു മാറ്റമുണ്ടാകുന്നുണ്ട്. ഈ മാറ്റമാണ് പെന്തകൊസ്തി അനുഭവത്തിലൂടെ പരിശുദ്ധാത്മാവിന്റെ നിറവിൽ പൂർണ്ണതയിലേക്കെത്തുകയും അവര് വളരെ ധൈര്യപൂർവ്വം, സ്വർഗ്ഗത്തിന്റെ ധൈര്യം സ്വീകരിച്ചുകൊണ്ട് സുവിശേഷം പ്രസംഗിക്കാനായിട്ട് സന്നദ്ധരാകുകയും ചെയ്തത്  ഈശോയെ, തമ്പുരാനെ നമ്മൾ അടുത്തനുഗമിക്കുമ്പോൾ, ഈ വലിയൊരു ധൈര്യവും, സ്നേഹാനുഭാവവും നമുക്കും ലഭിക്കും.

 

പ്രിയമുള്ളവരേ നഥാനായേലിനെപ്പോലെ ഈശോയെ അടുത്തനുഗമിക്കുന്ന യഥാർത്ഥ ഇസ്രായേൽക്കാരനാകുവാൻ, സ്വർഗ്ഗം തുറക്കപ്പെടുന്ന അത്ഭുതാവഹമായ കാഴ്ച കാണുവാൻ പാകത്തിന് യഥാർത്ഥ നിഷ്കപടത്വവും ദൈവസ്നേഹവും നമ്മുടെ ഉള്ളിൽ നിറയപ്പെടുന്നതിനും നമുക്ക് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 January 2022, 13:44