തിരയുക

കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ളിക്കിൽനിന്നുള്ള ഒരു ദൃശ്യം കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ളിക്കിൽനിന്നുള്ള ഒരു ദൃശ്യം  (AFP or licensors)

ഭക്ഷണമാലിന്യവും പട്ടിണിയും ഇല്ലാതാക്കുക: അന്താരാഷ്ട്ര കാരിത്താസ് സംഘടന

ലോകത്ത് ഭക്ഷണം പാഴാക്കിക്കളയുന്നത് ഇല്ലാതാക്കാനും പട്ടിണി അവസാനിപ്പിക്കാനും സുസ്ഥിരമായ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തി നടപ്പാക്കുവാൻ രാഷ്ട്രാധികാരികളെ അന്താരാഷ്ട്ര കാരിത്താസ് സംഘടന ക്ഷണിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മെയ് 28-ന് വിശപ്പിനെതിരെയുള്ള അന്താരാഷ്ട്രദിനം ആഘോഷിക്കുന്ന അവസരത്തിൽ ലോകമെമ്പാടും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ദുരവസ്ഥയിലൂടെ കടന്ന്പോകുന്ന ജനലക്ഷങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അന്താരാഷ്ട്ര കാരിത്താസ് സംഘടന മുന്നോട്ടിറങ്ങി. ലോകത്ത് കഠിനമായ വിശപ്പ് അവസാനിപ്പിക്കാൻ, സുസ്ഥിരമായ കൃഷി, ഭക്ഷ്യോത്പാദകമാർഗ്ഗങ്ങൾ പ്രോത്സാഹിക്കപ്പെടേണ്ടതുണ്ടെന്ന് കാരിത്താസ് സംഘടന മെയ് 27-ന് പുറത്തുവിട്ട ഒരു പ്രസ്താവനയിലൂടെ ഓർമ്മപ്പെടുത്തി. ലോകത്ത് ഭക്ഷണമാലിന്യം കുറയ്ക്കുന്നതിലൂടെയും, പ്രാദേശിക ഭക്ഷണസംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വിശപ്പിനെതിരെ പോരാടാനും ഭാവി തലമുറയ്ക്കായി നമ്മുടെ ഭൂമിയെ സംരക്ഷിച്ചു കൊണ്ടുപോകാനും സാധിക്കുമെന്നും കാരിത്താസ് ഓർമ്മിപ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന സംഘർഷങ്ങൾ, കോവിഡ് മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധി, ജീവിതച്ചിലവുകളിൽ ഉണ്ടായ വർദ്ധനവ് തുടങ്ങിയ നിരവധി കാരണങ്ങൾ മൂലം ദശലക്ഷക്കണക്കിന് ആളുകളാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. കൃഷിരംഗത്തെ ധനനിക്ഷേപത്തിലുണ്ടാകുന്ന കുറവ്, സുസ്ഥിരമല്ലാത്ത രീതിയിലുള്ള ധാന്യോത്പാദനം, തുടങ്ങിയ കാരണങ്ങളാണ് പലപ്പോഴും ഭക്ഷണമാലിന്യത്തിനും, ഭക്ഷ്യദൗർബല്യത്തിനും കാരണമാകുന്നത്.

പൊതുസംവാദങ്ങളിൽ സമൂഹത്തിലെ ഉന്നതർക്കും ശാസ്ത്രജ്ഞർക്കും മാത്രമേ സംസാരിക്കാനാകൂ എന്ന രീതി അംഗീകരിക്കാനാകില്ല എന്ന് ഫ്രത്തെല്ലി തൂത്തി എന്ന തന്റെ ചാക്രികലേഖനത്തിൽ ഫ്രാൻസിസ് പാപ്പാ എഴുതിയതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, സുസ്ഥിരമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, കാലാവസ്ഥാവ്യതിയാനന്തവുമായി പൊരുത്തപ്പെടാനുമായി പ്രാദേശിക സമൂഹങ്ങളോട് ചേർന്നും, ലോകത്ത് വിശപ്പ് അകറ്റുവാൻ സഹായിക്കുന്ന നയങ്ങൾ സാധ്യമാക്കുവാൻ ലോക നേതാക്കളോടും നിയമനിർമ്മാതാക്കളോടും ചേർന്നും, കാരിത്താസ് സംഘടന പ്രവർത്തിച്ചിട്ടുണ്ടെന്ന് തങ്ങളുടെ പ്രസ്താവനയിലൂടെ കാരിത്താസ് ഇന്റർനാഷണൽ വ്യക്തമാക്കി.

ആഫ്രിക്ക, ഏഷ്യ തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിൽ, വരൾച്ച, വെള്ളപ്പൊക്കം, കഠിനമായ കാലാവസ്ഥാവ്യതിയാനങ്ങൾ, തുടങ്ങിയ പ്രതികൂലസാഹചര്യങ്ങളിൽ പട്ടിണിയേയും ഭക്ഷ്യസുരക്ഷയെയും കുറിച്ച് അവബോധം വളർത്തുന്നതിനും, പ്രതിസന്ധികളെ അതിജീവിക്കുന്നതിനും സമൂഹങ്ങളെ സഹായിക്കാൻ കാരിത്താസ് പ്രവർത്തിച്ചുവരുന്നുണ്ടെന്നും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അതുവഴി വിശപ്പിന്റെയും വിഷമസ്ഥിതിയിൽ കൂടുതൽ കഷ്ടപ്പെടുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും അവരെ സഹായിക്കാനും തങ്ങളുടെ സംഘടന ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഇത്തരുണത്തിൽ തയ്യാറാക്കിയ പ്രസ്താവനയിലൂടെ അന്താരാഷ്ട്ര കാരിത്താസ് സംഘടന വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2023, 17:11