തിരയുക

പോർച്ചുഗൽ ദയാവധ വിരുദ്ധ പ്രകടനം. പോർച്ചുഗൽ ദയാവധ വിരുദ്ധ പ്രകടനം.  (ANSA)

പോർച്ചുഗലിൽ ദയാവധം നിയമവിധേയമാക്കി; അഗാധമായ ഖേദം പ്രകടിപ്പിച്ച് പോർച്ചുഗൽ ദേശിയ മെത്രാൻ സമിതി

പോർച്ചുഗലിൽ ദയാവധവും പിന്തുണയോടെയുള്ള ആത്മഹത്യയും നിയമവിധേയമാക്കിയതിൽ മെത്രാൻ സമിതി അഗാധമായ ഖേദം പ്രകടിപ്പിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

വൈദ്യസഹായത്തോടെയുള്ള മരണത്തിന് പാർലമെന്ററി സ്ഥിരീകരണം നൽകിയതിനെ തുടർന്ന് മെയ് പതിമൂന്നാം തിയതി "ഇന്ന് ഞാൻ വളരെ സങ്കടത്തിലാണ് കാരണം പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട രാജ്യത്തിൽ കൊല്ലാൻ ഒരു നിയമം നടപ്പിലാക്കി. ദയാവധമുള്ള രാജ്യങ്ങളുടെ നീണ്ട പട്ടികയിൽ ഒരു ചുവട് കൂടി" എന്ന്  പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ പ്രകടിപ്പിച്ച ദു:ഖം തങ്ങളും പങ്കു വയ്ക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് പോർച്ചുഗീസ് മെത്രാന്മാർ രാജ്യത്ത് നിലവിൽ വന്ന ദയാവധ നിയമവൽക്കരണത്തിനെതിരെ തങ്ങളുടെ ഖേദം പ്രകടിപ്പിച്ചു.

ദയാവധം നിയമവിധേയമാക്കുന്നതോടെ മനുഷ്യ ജീവന്റെ അലംഘനീയതയുടെ അടിസ്ഥാന തത്വം തകർക്കപ്പെടുകയും ഒരു വ്യക്തിക്ക് മരിക്കാനുള്ള സഹായം ആവശ്യപ്പെടാൻ കഴിയുന്ന സാഹചര്യങ്ങൾ വിപുലമാകുകയും ചെയ്യുന്ന അപകടകരമായ വാതിലുകളാണ് തുറക്കുന്നതെന്ന് മെത്രാൻ സമിതി അഭിപ്രായപ്പെട്ടു. ദയാവധം കുറ്റകരമല്ലാതാക്കിയതോടെ മനുഷ്യ ജീവൻ സുരക്ഷിതമല്ലാതാവുകയും അതിന്റെ മൂല്യത്തിനും അന്തസ്സിനും നേരേ ഗുരുതരമായ ആക്രമണം നേരിടുകയും ചെയ്യുന്നു. ജീവന്റെ സ്വാഭാവികമായ അന്ത്യം വരെ മനുഷ്യത്വത്തോടെയുള്ള സാന്ത്വന പരിചരണം (Palliative Care) പ്രോത്സാഹിപ്പിക്കുന്നതിനു പകരം വേദനയ്ക്കും കഷ്ടപ്പാടിനും പരിഹാരമായി മരണത്തെ സമ്മാനിക്കുകയാണെന്ന് മെത്രാന്മാർ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ചെവ്വാഴ്ച Interfaith Working Group/ Religions - Health (GTIR) എന്ന സംഘടന പോർച്ചുഗലിൽ ദയാവധം നിയമവിധേയമാക്കുന്നതിനോടു വിയോജിപ്പറിയിച്ചു കൊണ്ട് ഇത് മനുഷ്യ ജീവന്റെ സംരക്ഷണത്തിൽ "നികത്താനാവാത്ത വിള്ളലാണ് " എന്ന് അപലപിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 May 2023, 14:50