തിരയുക

ആത്മാവിന്റെ വരദാനങ്ങൾ സ്വീകരിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കുക ആത്മാവിന്റെ വരദാനങ്ങൾ സ്വീകരിച്ച് ക്രിസ്തുവിനെ പ്രഘോഷിക്കുക 

പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ചൊരിയപ്പെടുന്ന പന്തക്കുസ്ത

ലത്തീൻ ആരാധനക്രമം പന്തക്കുസ്താതിരുനാൾ ഞായറാഴ്ച്ചയിലെ വായനകളെ ആധാരമാക്കിയ സുവിശേഷ പരിചിന്തനം.(യോഹ 20,19 -23)
പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ ചൊരിയപ്പെടുന്ന പന്തക്കുസ്ത - ശബ്ദരേഖ

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സഭയുടെ ആരാധന ക്രമ വർഷത്തിലെ പ്രധാനവും, ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനവുമായ തിരുനാളുകളിലൂടെയാണ് നാം കടന്നു പോകുന്നത്. ആത്മപരിത്യാഗത്തിന്റെയും, മനസാന്തരത്തിന്റെയും മാർഗമായ നോമ്പുകാലത്തിലൂടെ കടന്ന് യേശുവിന്റെ പീഡാസഹനവും, മരണവും ഉത്ഥാനവും അനുസ്മരിച്ച്, നവമായ ഒരു ചൈതന്യത്തിലേക്ക്, അതായത് പാപത്തിന്റെ പഴയ മനുഷ്യനിൽ മൃതരായി ക്രിസ്തുവിൽ പുതിയ മനുഷ്യരായി ഉത്ഥാനം ചെയ്ത നാം, തുടർന്നുള്ള അമ്പതു ദിവസങ്ങളിൽ, ദൈവത്തിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ വരവിനായി ദാഹത്തോടെ കാത്തിരിക്കുകയായിരുന്നുവല്ലോ. ഇതാ ആ ദിവസം സമാഗതമായി.

യേശുവിന്റെ ഉത്ഥാന തിരുനാളിനു ശേഷം അൻപതാം ദിവസമാണ് പരിശുദ്ധാത്മാവിന്റെ ആഗമനത്തിരുനാൾ നാം ആഘോഷിക്കുന്നത്.പന്തക്കുസ്ത എന്ന പേര് തന്നെ അക്ഷരാർത്ഥത്തിൽ അമ്പതു ദിവസം എന്നാണെന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണ്.ഇസ്രായേൽ ജനതയുടെ പാരമ്പര്യത്തിൽ വേരൂന്നിയ ഈ തിരുനാൾ വിളവെടുപ്പിന്റെ ഉത്സവം ആയിട്ടായിരുന്നു കൊണ്ടാടിയിരുന്നത്. ഓരോ ഇസ്രായേൽക്കാരനും ദൈവസന്നിധിയിൽ കൃതജ്ഞതയർപ്പിക്കുന്ന മഹനീയദിവസം. നിലമൊരുക്കി, വിത്തുകൾ നട്ട്, അത് ചെടിയായി  വളരാനും, ധാന്യം പാകമാകുവാനും ഇസ്രായേൽക്കാരന്റെ കാത്തിരിപ്പ് അത് പ്രതീക്ഷയുടെയും പ്രത്യാശയുടേതുമാണ്. ഈ പ്രത്യാശയുടെ അടിസ്ഥാനമോ വിശ്വാസവും. ഈ വിശ്വാസവും, പ്രത്യാശയുമാണ് പുതിയനിയമത്തിലെ പന്തക്കുസ്താ തിരുനാളും നമുക്ക് സമ്മാനിക്കുന്നത്. ഇസ്രായേൽക്കാരുടെ വിളവെടുപ്പുത്സവം വെറും ഭൗതീകമായ കൃതജ്ഞതാ പ്രകടനം മാത്രമായിരുന്നില്ല മറിച്ച് ഈജിപ്തിലെ അടിമത്തത്തിൽ നിന്നും തങ്ങളെ മോചിപ്പിച്ച് സമൃദ്ധിയുടെ കാനാൻ ദേശത്തേക്കു നയിച്ച ദൈവീക കരുണയോടുള്ള നന്ദി പ്രകടനമാണ്.

 

അതിനാൽ ഉത്ഥാനം വഴിയായി മനുഷ്യവർഗത്തിനു ദൈവം നൽകിയ നിത്യജീവന്റെ ഉറപ്പും സ്ഥിരീകരണവുമാണ് പന്തക്കുസ്ത തിരുനാളിന്റെ ചൈതന്യം. അമ്പതു ദിവസങ്ങൾ എന്നത് ദൈവത്തിന്റെ സമയം എന്നും നമുക്ക് വിശേഷിപ്പിക്കാം കാരണം, ആഴ്ച്ചയിലെ ഏഴു ദിനങ്ങൾ, ഏഴു വാരങ്ങളായി പൂർത്തീകരിക്കപ്പെടുമ്പോൾ ആണ് അൻപതാം ദിനത്തിലേക്ക് നാം പ്രവേശിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തിൽ ഏഴു എന്നത് പൂർണ്ണതയുടെ സംഖ്യയെന്നാണ് ബൈബിൾ പണ്ഡിതന്മാർ എടുത്തു കാണിക്കുന്നത്. അതിനാൽ യേശുവിന്റെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ ആഗമനം നമ്മെ പൂർണ്ണതയിൽ സ്ഥിരീകരിക്കുന്നു. ഉത്പത്തി പുസ്തകത്തിലെ സൃഷ്ടിയുടെ  വിവരണത്തിൽ പ്രതിപാദിക്കപ്പെടുന്ന ജലത്തിന് മേൽ ചലിച്ചുകൊണ്ടിരുന്ന പരിശുദ്ധാത്മാവ് (ഉത്പത്തി 1,2), തുടർന്ന് ദൈവത്തിന്റെ ഓരോ പ്രവർത്തനങ്ങളിലും കൂടെയുള്ള പരിശുദ്ധാത്മാവ്, ഇതാ പന്തക്കുസ്താദിവസം വാഗ്ദാനങ്ങളുടെ പൂർത്തീകരണവും, സഭയുടെ ശ്വാസവുമായും കടന്നു വരുന്നു. ആത്മാവിന്റെ ഈ കടന്നു വരവ് മറ്റു സന്ദർഭങ്ങളിലേതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കാരണം സ്വർഗ്ഗവും ഭൂമിയും തമ്മിൽ ഇഴചേർത്ത ക്രിസ്തു ആരംഭിച്ച പുതിയ ഒരു യുഗത്തിന്റെ കൂട്ടായ്മയാണ് പന്തക്കുസ്താ അനുഭവത്തിലൂടെ  പരിശുദ്ധാത്മാവ് നമുക്ക് പ്രദാനം ചെയ്യുന്നത്.

 

ഈ കൂട്ടായ്മയുടെ, നവയുഗത്തിന്റെ ആരംഭമാണ് ഒന്നാമത്തെ വായനയിലൂടെ സഭ നമ്മെ പഠിപ്പിക്കുന്നത്.അപ്പസ്തോല പ്രവർത്തനങ്ങൾ രണ്ടാം അധ്യായം ഒന്നു മുതൽ പതിനൊന്നു വരെയുള്ള തിരുവചനങ്ങൾ പന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവിന്റെ ആഗമനവും, വിവിധ ഭാഷക്കാരുടെ ഇടയിൽ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം സൃഷ്ടിക്കുന്ന ബഹുസ്വരതയിലെ ഐക്യവും വിവരിക്കുന്നു. യഹൂദ പാരമ്പര്യത്തിലെ കാർഷിക ഉത്സവമായ പന്തക്കുസ്താ തിരുനാളിൽ നിന്നും വിഭിന്നമായി ക്രൈസ്തവ പന്തക്കുസ്ത യേശുവിന്റെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും ഫലമായി വന്ന സഹായകനായ ആത്മാവിന്റെ ദാനങ്ങളുടെ പൂർത്തീകരണമായിട്ടാണ് നമുക്ക്ഒന്നാമത്തെ വായന പറഞ്ഞു തരുന്നത്. ആത്മാവിന്റെ ദാനമെന്നത് ഏതാനും ചില തിരഞ്ഞെടുക്കപ്പെട്ടവരിലേക്ക് മാത്രം കടന്നുവരുന്നതാണെന്ന തെറ്റിധാരണയും ഈ വായന ഒഴിവാക്കുന്നു."കൊടുങ്കാറ്റടിക്കുന്നതുപോലെയുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി അത് അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു." (അപ്പ.പ്ര.2,2). ഈ വാക്കുകൾ  ദൈവാത്മാവിന്റെ സാർവത്രികമായ മാനത്തെ എടുത്തു കാണിക്കുന്നു.എല്ലാ മക്കൾക്കും സംലഭ്യനായ പരിശുദ്ധാത്മാവ് എന്നാൽ നമ്മിൽ നിന്നും ആവശ്യപ്പെടുന്നത് കൂട്ടായ്മയിൽ ഒന്നായിരിക്കുവാനുള്ള വിളിക്ക് പ്രത്യുത്തരം  നൽകുക എന്നതാണ്.

 

തടസ്സങ്ങളെയും, വിഭജനങ്ങളെയും മറികടന്നു കൊണ്ട് ഒന്നായിരിക്കുന്നവരിലേക്കാണ് പരിശുദ്ധാത്മാവ് ആഗതനാകുന്നത്.ഒരുമിച്ചിരുന്ന ശിഷ്യഗണത്തിലേക്കാണ് പരിശുദ്ധാത്മാവ് തീനാവിന്റെ രൂപത്തിൽ എഴുന്നള്ളിവരുന്നത്. കൂട്ടായ്മയിൽ ആയിരിക്കുന്ന നമ്മുടെ മാനുഷികതയ്ക്ക് പരിശുദ്ധാത്മാവ് ശക്തി പകരുമ്പോഴാണ് നാമും സ്വർഗ്ഗത്തിന്റെ ഔന്നത്യത്തിലേക്ക് വളരുന്നത്. എല്ലാറ്റിനെയും ശുദ്ധീകരിക്കുന്ന അഗ്നിയുടെ രൂപത്തിൽ എഴുന്നള്ളിവരുന്ന പരിശുദ്ധാത്മാവ് ശിഷ്യരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുകയും, അവരുടെ അജ്ഞത നീക്കി മറ്റുള്ളവരിലേക്ക് സാക്ഷ്യമായി ഇറങ്ങുവാനുള്ള എല്ലാ ശക്തിയും അവരിൽ സന്നിവേശിപ്പിക്കുന്നു. ഇതാണ് മറ്റു ഭാഷകളിൽ സംസാരിക്കുവാനുള്ള പരിശുദ്ധാത്മാവിന്റെ ദാനം സ്വീകരിക്കുന്നതിലൂടെ അന്വർത്ഥമാകുന്നത്. എല്ലാ മനുഷ്യ സാഹചര്യങ്ങളിലും എത്തിച്ചേരുവാനും, അവരോട് ക്രിസ്തുവിന്റെ സുവിശേഷം പങ്കുവയ്ക്കുവാനും, പരിശുദ്ധാത്മാവിന്റെ ശക്തി കൂടിയേ തീരൂ. ക്രിസ്തുവെന്ന ഒരു സന്ദേശം പലഭാഷകളിൽ മറ്റുള്ളവരിലേക്ക് എത്തിക്കുകയെന്നത് പരിശുദ്ധാത്മാവിനാൽ കൂട്ടായ്മയിൽ വളരുമ്പോഴാണ് സാധ്യമാവുകയെന്നും ഈ ഒന്നാം വായന നമുക്ക് പറഞ്ഞു തരുന്നു. 

 

ഈ ഒരു ദൈവവിളി, മാമോദീസ സ്വീകരിച്ച ഓരോ വ്യക്തിയിലും നിക്ഷിപ്തമാണെന്ന് രണ്ടാം വായനയിലൂടെ സഭ നമ്മെ ഓർമ്മപ്പെടുത്തുന്നു. കോറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം പന്ത്രണ്ടാം അധ്യായത്തിൽ  പൗലോസ് അപ്പസ്തോലൻ എടുത്തു പറയുന്നത് "യേശു കർത്താവാണെന്ന് ഏറ്റുപറയുവാൻ പരിശുദ്ധാത്മാവ് മുഖേനയല്ലാതെ ആർക്കും സാധിക്കുകയില്ല" എന്നാണ്(1 കോറി 12 ,3 ). ഇതാണ് ക്രിസ്തുസാക്ഷ്യത്തിന്റെ  അടിസ്ഥാനമായി മാമ്മോദീസായെ അപ്പസ്തോലൻ ചൂണ്ടിക്കാണിക്കുന്നതും.കാരണം, മാമ്മോദീസയെന്ന കൂദാശയിലൂടെയാണ് പരിശുദ്ധാത്മാവ് നമ്മിലേക്ക് ആവസിക്കുന്നത് . ഇതേ ആത്മാവാണ് നമ്മെ വരങ്ങൾ കൊണ്ട് നിറയ്ക്കുന്നതും, ആ വരങ്ങൾക്കനുസരണം ജീവിക്കുവാൻ നമ്മെ സഹായിക്കുന്നതും. യഥാർത്ഥ ക്രൈസ്തവീകതയെന്നത് ആത്മാവിന്റെ പ്രചോദനങ്ങൾക്കനുസരണം പൊതുവായ നന്മയെ ലക്‌ഷ്യം വച്ചുകൊണ്ട് നാം ജീവിക്കുമ്പോഴാണ് സാധ്യമാകുന്നതെന്നും അപ്പസ്തോലൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതിനാൽ പന്തക്കുസ്താതിരുനാൾ നമ്മുടെ മാമ്മോദീസ വേളയിൽ നാം സ്വീകരിച്ച പരിശുദ്ധാത്മാവിന്റെ ചൈതന്യം ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുവാനുള്ള ഒരു സുദിനം കൂടിയാണ്. ഇപ്രകാരം പരിശുദ്ധാത്മാവിന്റെ സാന്നിധ്യത്തോടു കൂടി ജീവിതം മുൻപോട്ടു നയിക്കുമ്പോഴാണ് നമ്മെ ഭയപ്പെടുത്തുന്ന തിന്മയുടെ ശക്തികളിൽ നിന്നും, മരണത്തിന്റെ നിഴൽ വിടർത്തുന്ന അന്ധകാരത്തിൽനിന്നും വിടുതൽ പ്രാപിച്ചുകൊണ്ട്, ഉത്ഥാനത്തിന്റെ സമാധാനം അനുഭവിക്കുവാൻ നമുക്ക് സാധിക്കുക. ഈ വലിയ സത്യമാണ് ഇന്നത്തെ സുവിശേഷത്തിലൂടെ യോഹന്നാൻ ശ്ലീഹ നമുക്ക് പറഞ്ഞു തരുന്നത്.

 

സമാധാനവും, ക്ഷമയും പരിശുദ്ധാത്മാവിന്റെ ഫലങ്ങളാണെന്ന് നാം പഠിച്ചിട്ടുണ്ട്.  ഇന്നത്തെ സുവിശേഷഭാഗവും ഈ രണ്ടു ഫലങ്ങളിൽ നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ അർത്ഥം  കണ്ടെത്തുവാൻ നമ്മെ സഹായിക്കുന്നു.പരിശുദ്ധാത്മാവിന്റെ ഫലമായ സമാധാനം നമുക്ക് കൈവന്നത് യേശുക്രിസ്തുവിന്റെ ഉത്ഥാനം വഴിയാണെന്ന സത്യവും ഈ വചനങ്ങളിൽ വെളിവാക്കപ്പെടുന്നു.സമാധാനം എപ്പോഴും ഒരു വലിയ ദൈവീക സമ്മാനമാണ്. കാരണം ഭയത്തിന്റെ ഇരുളറകളിൽ അസമാധാനത്തിന്റെയും, കലഹങ്ങളുടെയും നടുവിൽ നാം ആയിരിക്കുമ്പോൾ ദൈവം നമുക്ക് നൽകുന്ന ദാനമാണ് സമാധാനം.യേശുവിന്റെ പുനരുത്ഥാനത്തിന്റെ അതേ ദിവസം വൈകുന്നേരം, ശിഷ്യന്മാർ  യഹൂദന്മാരെ ഭയന്ന് കതകുകൾ പൂട്ടി  മുറിക്കുള്ളിൽ കഴിയുകയായിരുന്നു എന്ന് വചനത്തിൽ എഴുതിയിരിക്കുന്നു. ഇത് ആന്തരീക സായാഹ്നമാണ്. കാരണം പുനരുത്ഥാനത്തിന്റെ വെളിച്ചം അവരിൽ ഇതുവരെ ഉദിച്ചിട്ടില്ല. യേശു അവരോടൊപ്പമുണ്ടായിരുന്ന നാളുകളിൽ നിന്നും വിഭിന്നമായി അവർക്ക് ഏകാന്തതയും നിസ്സഹായതയും അനുഭവപ്പെടുന്നു. നമ്മളും എത്രയോ തവണ മുറിവുകളും  വേദനകളും , വിശ്വാസവഞ്ചനകളും മൂലം  മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കാൻ കഴിയാതെ നമ്മുടെ ഹൃദയത്തിന്റെ വാതിലിനു മുന്നിൽ കല്ല് വച്ചുകൊണ്ട് ഭയവിഹ്വലരായി കഴിയുന്നു. ഈ അവസ്ഥകളിലേക്കാണ് യേശു പ്രവേശിക്കുന്നത്.

നിങ്ങൾക്ക് സമാധാനം എന്ന യേശുവിന്റെ അഭിവാദനം ഒരു ബന്ധത്തിന്റെ ദൃഢതയെയാണ് എടുത്തു കാണിക്കുന്നത്.എന്നാൽ ആ  അഭിവാദ്യത്തിനു പിന്നിൽ അവൻ നമുക്ക് കാട്ടിത്തരുന്നത്, അതിനു വിലയായി അവൻ നൽകിയ ജീവന്റെ അമൂല്യതയാണ്. അതുകൊണ്ടാണ് അഭിവാദ്യത്തിനു ശേഷം അവൻ തന്റെ തിരുമുറിവുകൾ ശിഷ്യർക്ക് കാണിച്ചുകൊടുക്കുന്നത്.തുടർന്ന് തന്റെ സമാധാനത്തിന്റെ വക്താക്കളാകുവാനുള്ള ക്ഷണവും യേശു നൽകുന്നുണ്ട്. താനും പിതാവുമായുള്ള ബന്ധം പോലെ സമാധാനത്തിൽ ഇതാ മനുഷ്യവർഗം മുഴുവനും ക്രിസ്തുവിൽ ബന്ധം ഉറപ്പിച്ചിരിക്കുന്നു. ഇതാണ് പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്ന ക്രിസ്തു വചനങ്ങളുടെ പൊരുൾ. പിന്നീട് പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരുടെ മേൽ തന്റെ ശ്വാസം നിവേശിപ്പിക്കുന്ന ക്രിസ്തുവിനെയും വചനം നമുക്ക് ചൂണ്ടിക്കാണിക്കുന്നു. ഓരോ ശിഷ്യത്വത്തിന്റെയും, അയയ്ക്കപ്പെടലിന്റെയും ശക്തിദാതാവ് പരിശുദ്ധാത്മാവാണ്. ഉത്പത്തി പുസ്തകം മുതൽ വെളിവാക്കപ്പെട്ട ഓരോ അയയ്ക്കപെടലിന്റെയും സ്രോതസ് ദൈവത്തിന്റെ ആത്മാവാണ്.സമാധാനം ആശംസിച്ച ഉത്ഥിതനായ ക്രിസ്തു തുടർന്ന് പരിശുദ്ധാത്മാവിന്റെ മറ്റൊരു ഫലമായ ക്ഷമയും വാഗ്ദാനം ചെയ്യുന്നു. പന്തക്കുസ്താ തിരുനാൾ ആഘോഷിക്കുന്ന നമുക്ക് ഇന്നത്തെ സുവിശേഷം പകർന്നു നൽകുന്ന രണ്ടു പരിശുദ്ധാത്മഫലങ്ങളാണ്:സമാധാനവും,ക്ഷമയും.  "ക്ഷമ എന്നത് നമ്മുടെ സ്വന്തം പ്രയത്നത്തിന്റെ ഫലമല്ല, മറിച്ച് ഒരു ദാനമാണ്, അത് ക്രൂശിക്കപ്പെട്ടവനും ഉയിർത്തെഴുന്നേറ്റവനുമായ ക്രിസ്തുവിന്റെ തുറന്ന ഹൃദയത്തിൽ നിന്ന് ഇടതടവില്ലാതെ ഒഴുകുന്ന കരുണയുടെയും കൃപയുടെയും നീരുറവയാൽ നമ്മെ നിറയ്ക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനമാണ്" പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ പഠിപ്പിക്കുന്നു.

 

നാം ആരും ക്ഷമയെന്ന പുണ്യത്തിന്റെ ഉടമകളാകുവാനല്ല വിളിക്കപ്പെട്ടിരിക്കുന്നത്, മറിച്ച് പരിശുദ്ധാത്മാവിന്റെ ക്ഷമയുടെ ദൗത്യത്തിൽ പങ്കാളികളാകുവാനാണ്. എന്നാൽ ഇത് ഒരു അധികാരപ്പെടുത്തലും കൂടിയാണ്, "നിങ്ങൾ ആരുടെ പാപങ്ങൾ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും, നിങ്ങൾ ആരുടെ പാപങ്ങൾ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടുമിരിക്കും." രണ്ടായിരം വർഷങ്ങളായി അനേകായിരങ്ങൾക്ക് അനുരഞ്ജന കൂദാശയുടെ സമാധാനത്തിന്റെയും ക്ഷമയുടെ അനുഭവം പകർന്നു കൊടുക്കുവാൻ ഉത്ഥിതനായ ക്രിസ്തുവിന്റെ ഈ വാക്കുകൾക്ക് സാധിച്ചിട്ടുണ്ടെങ്കിൽ,അതിന് കാരണം പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഒന്ന് മാത്രമാണ്.പല കാലഘട്ടങ്ങളിലും സഭയുടെ പവിത്രമായ ഈ കൂദാശയ്ക്കെതിരെ ധാരാളമാളുകൾ സ്വരമുയർത്തിയപ്പോഴും, ഇന്നും കുമ്പസാരക്കൂടുകൾക്കു മുൻപിൽ നീണ്ട നിര കാണപ്പെടുന്നത്, പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ അവിടെ ചൊരിയപ്പെടുന്നതിനാലാണ്.

ഈ പന്തക്കുസ്താദിവസം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നാം നിറയുന്നതിനു വേണ്ടി നാം പ്രാർത്ഥിക്കണം. സഭയുടെ തുടക്കം കുറിക്കപ്പെട്ട പന്തക്കുസ്തയുടെ അനുഗൃഹീതനിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ അനുദിനം തുടർന്ന് കൊണ്ട്, നവ സൃഷ്ടികളായി മാറുവാൻ നമുക്ക് പരിശ്രമിക്കാം. യേശു തന്റെ സമാധാനം പങ്കുവച്ചതുപോലെ നമ്മുടെ ജീവിതത്തിലും സഹോദരങ്ങളുമായി സമാധാനം പങ്കുവയ്ക്കുവാൻ പരിശുദ്ധാത്മാവിന്റെ സഹവാസം നമ്മോടൊപ്പം എന്നും ഉണ്ടായിരിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2023, 17:29