തിരയുക

ക്രൈസ്തവന്റെ മാർഗ്ഗം ക്രൈസ്തവന്റെ മാർഗ്ഗം 

ക്രൈസ്തവസാക്ഷ്യവും ജീവിതവും: ക്രൂശിതന്റെ നിഴലിൽ

സീറോ മലബാർ സഭാ ആരാധനാക്രമത്തിൽ നോമ്പുകാലം ആറാം ഞായറാഴ്ചയിലെ വിശുദ്ധഗ്രന്ഥവായനകളെ അടിസ്ഥാനമാക്കിയ വിചിന്തനം (മർക്കോസ് 8, 31 - 9, 1).
സുവിശേഷപരിചിന്തനം - മർക്കോസ് 8, 31 - 9, 1 - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

"സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും" (മർക്കോസ് 8, 35). സ്വാർത്ഥമായ ചിന്തകളോടെയും, സ്വന്തം മഹത്വത്തിനുവേണ്ടിയും മാത്രം ജീവിക്കുന്നതിന്റെ അർത്ഥശൂന്യത വ്യക്തമാക്കുന്ന ഒരു സുവിശേഷവചനമാണിത്. ക്രിസ്തുവിനെയും, അവൻ മുന്നോട്ടുവയ്ക്കുന്ന അനുസരണത്തിന്റെയും ബലിയായിത്തീരലിന്റെയും ജീവിതശൈലിയെയും തള്ളിക്കളഞ്ഞ്, ഈ ലോകത്ത് ആരൊക്കെയോ, എന്തൊക്കെയോ ആയിത്തീരാമെന്ന് കരുതുന്നവൻ തന്റെ ജീവനെ നഷ്ടപ്പെടുത്തുകയാണ്. മറ്റെല്ലാ മനുഷ്യരെയും പോലെ, യേശുവിനോടുള്ള ആത്മാർത്ഥതയിലും സമർപ്പണത്തിലും ജീവിക്കുന്ന മനുഷ്യരും, ഭൗമികജീവിതത്തിന്റെ അന്ത്യം കുറിക്കുന്ന മരണമെന്ന യാഥാർഥ്യത്തിലൂടെ കടന്നുപോകുമെങ്കിലും, അവർ ജീവിതത്തിന്റെ പൂർണതയിലേക്ക്, നിത്യജീവിതത്തിലേക്ക് പ്രവേശിക്കുമെന്ന മനോഹരമായ, പ്രത്യാശാനിർഭരമായ ഒരു സന്ദേശമാണ് യേശു ഇന്ന് സുവിശേഷത്തിലൂടെ നമുക്ക് നൽകുന്നത്.

പീഡാനുഭവവും ഉത്ഥാനവും സംബന്ധിച്ച പ്രവചനവും യഥാർത്ഥ ശിഷ്യത്വവും

വിശുദ്ധ മർക്കോസിന്റെ സുവിശേഷം എട്ടാം അദ്ധ്യായത്തിന്റെ അവസാനഭാഗത്ത്, തന്റെ പീഡാനുഭവവും ഉത്ഥാനവും സംബന്ധിച്ച് ശിഷ്യന്മാരോട് പ്രവചിക്കുന്ന യേശുവിനെയാണ് നാം കാണുന്നത്. എന്നാൽ തങ്ങളുടെ ഗുരുവിന്റെ മരണത്തെക്കുറിച്ചുള്ള പ്രവചനത്തെ മനസ്സിലാക്കാൻ കഴിയാതിരുന്ന പത്രോസ്, അവനോട് തടസ്സം പറയാൻ തുടങ്ങുമ്പോൾ, യഥാർത്ഥ സമർപ്പണവും ശിഷ്യത്വവും എന്തായിരിക്കണമെന്ന് യേശു അവരെ പഠിപ്പിക്കുന്നു. "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ". “ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ, ക്രൈസ്തവവിശ്വാസവും ക്രൈസ്തവജീവിതവും മുന്നോട്ടു വയ്ക്കുന്ന നിയമങ്ങളുടെയും, നിബന്ധനകളുടെയും, ക്രിസ്തുവിനായുള്ള സ്വയം സമർപ്പണത്തിന്റെയും ഭാരം തോളിൽ വഹിച്ചുകൊണ്ട് അവന്റെ സഹനപാതയെ സന്തോഷപൂർവ്വം പിഞ്ചെല്ലുക എന്നതാണെന്ന് സുവിശേഷം ഇന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.

എല്ലാം ദൈവദാനം

ജീവിതത്തിൽ നമ്മുടേതായി എന്തെങ്കിലുമുണ്ടെങ്കിൽ, അത് ദൈവദാനമാണെന്ന ഒരു ചിന്തയും യേശു ഇന്ന് നമ്മെ പഠിപ്പിക്കുന്നുണ്ട്. ജീവനും ആത്മാവും, ശരീരവും മനസ്സും എല്ലാം ദൈവത്തിന്റെ സൃഷ്ടിയാണ്, ദാനമാണ്. എന്നാൽ, എല്ലാം എന്റേതെന്ന് കരുതി, എല്ലാം എന്റെ സന്തോഷത്തിനും, വളർച്ചയ്ക്കും നേട്ടങ്ങൾക്കും എന്ന് കരുതി, ദൈവത്തെ മറന്നു ജീവിക്കുന്നതിലെ വ്യർത്ഥതയും അർത്ഥശൂന്യതയും കൂടിയാണ് യേശു ഇവിടെ ഓർമ്മിപ്പിക്കുന്നത്. "ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്ത് പ്രയോജനം? മനുഷ്യൻ സ്വന്തം ആത്മാവിനു പകരമായി എന്ത് കൊടുക്കും?" (മർക്കോസ് 8, 36-37). നേടുന്നതെല്ലാം ഉപേക്ഷിച്ചുപോകേണ്ട ഈ ഭൂമിയിൽ കൂടെ കൊണ്ടുപോകാവുന്ന ഏക ധനം ഒരുവന്റെ ആത്മാവാണെങ്കിൽ, അത് നൽകിയ ദൈവത്തിന് മുൻപിൽ നന്ദിയോടെ, അവന്റെ ഹിതമനുസരിച്ച് ജീവിക്കേണ്ടതല്ലേ ഈ ഭൂമിയിലെ നമ്മുടെ ജീവിതം എന്ന ഒരു ചോദ്യം നമുക്ക് സ്വയം ചോദിക്കാം.

യേശുവിന്റെ ജീവിതമാതൃക

പിതാവിന്റെ ഹിതം നിറവേറ്റുക എന്നത് ജീവിതത്തിന്റെ ലക്ഷ്യമായി തിരിച്ചറിയുന്നതിനാലാണ് തന്നെത്തന്നെ സഹനത്തിനും മരണത്തിനും വിട്ടുകൊടുക്കാൻ യേശു തയ്യാറാകുന്നത്. മാനുഷികമായ ചിന്തയിൽ നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു സത്യമാണിത്. സർവ്വപ്രപഞ്ചത്തിന്റെയും നാഥനായ ദൈവം, തന്റെ തിരുസുതന്റെ സഹനത്തിലൂടെയും മരണത്തിലൂടെയും മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു എന്നത് അത്ര എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ചിന്തയല്ല. അധികാരവും, സ്ഥാനമാനങ്ങളും, വിജയങ്ങളും സമ്പത്തുമൊക്കെ വലുതായി കാണുന്ന ഒരു ലോകത്തിന് മുന്നിൽ, കുരിശും പേറി ദൈവപുത്രനെ അവന്റെ കാൽവരിയാത്രയിൽ അനുഗമിക്കുന്നതിൽ രക്ഷയിലേക്കുള്ള മാർഗ്ഗം കണ്ടെത്തുന്ന ക്രൈസ്തവവിശ്വാസം ഏറെ സ്വീകാര്യമായ ഒരു ചിന്തയല്ലാതായി മാറുന്നതും അതുകൊണ്ടുതന്നെയാണ്. നിത്യജീവിതത്തെ, നിത്യരക്ഷയെ സ്വപ്നം കണ്ടുള്ള ഒരു ജീവിതം പലർക്കും അർത്ഥമില്ലാത്ത ഒരു ജീവിതമായി മാറുന്നത് ഇന്നത്തെ ലോകത്ത് നാം കാണാറുണ്ട്.  രക്ഷാകരമായ സഹനം എന്നത് യുക്തിസഹമല്ല എന്ന ചിന്ത ശിഷ്യപ്രമുഖനായ പത്രോസിൽ മാത്രമല്ല, രണ്ടു സഹസ്രാബ്ദങ്ങൾക്കിപ്പുറമുള്ള ഇന്നത്തെ നാമുൾപ്പെടുന്ന വിശ്വാസസമൂഹത്തിലും നിലനിൽക്കുന്നു എന്നത്, യേശുവിന്റെ ജീവിതത്തെക്കുറിച്ച് നമുക്കുള്ള അറിവിന്റെ ആഴക്കുറവാണ് വ്യക്തമാക്കുന്നത്.

വിശുദ്ധ പത്രോസിന്റെ ഉദ്‌ബോധനം

തന്റെ ഒന്നാം ലേഖനം നാലാം അധ്യായത്തിന്റെ അവസാനഭാഗത്ത്, ക്രൈസ്തവമായ സഹനത്തിന്റെ മൂല്യത്തെക്കുറിച്ച് വിശുദ്ധ പത്രോസ് നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. "ക്രിസ്തുവിന്റെ പീഡകളിൽ നിങ്ങൾ പങ്കുകാരാകുന്നതിൽ ആഹ്ളാദിക്കുവിൻ! അവന്റെ മഹത്വം വെളിപ്പെടുമ്പോൾ നിങ്ങൾ അത്യധികം ആഹ്ളാദിക്കും" (1 പത്രോസ് 4, 13). ക്രിസ്തുവിനുവേണ്ടി, ക്രിസ്തുവിനോടൊത്ത് പീഡനങ്ങളും വേദനകളും സഹിക്കുന്ന, അതിൽ അഭിമാനിക്കാൻ സാധിക്കുന്ന ഒരു ക്രൈസ്തവന് മാത്രമേ, ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കാനും, അതിൽ ആത്മാർത്ഥമായി ആനന്ദിക്കാനും പങ്കുചേരാനും സാധിക്കൂ. ലോകത്തിന്റെ നേട്ടങ്ങൾക്കുവേണ്ടി പ്രയത്നിക്കുന്ന ഒരുവൻ, തന്റെ വിജയത്തിൽ ലൗകികമായ സന്തോഷമാണ് അനുഭവിക്കുന്നത്. എന്നാൽ ക്രിസ്തുവിനെ സ്വന്തമാക്കാനും, ക്രിസ്തുവിന്റെ സ്വന്തമാകാനും, സുവിശേഷമനുസരിച്ച് ജീവിക്കാനും വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിശ്വാസിക്ക് ക്രിസ്തുവിൽ, ദൈവരാജ്യത്തിൽ യഥാർത്ഥ ആനന്ദം കണ്ടെത്താനാകും. പത്രോസ് പറയുന്ന ഒരു വാക്യം നാം എപ്പോഴും ഓർത്തിരിക്കേണ്ടതുണ്ട്: “നീതിമാൻ കഷ്ടിച്ചുമാത്രം രക്ഷപെടുന്നുവെങ്കിൽ, ദുഷ്ടൻറെയും പാപിയുടെയും സ്ഥിതി എന്തായിരിക്കും!” (1 പത്രോസ് 4, 18). ഈയൊരർത്ഥത്തിൽ ക്രിസ്തുവിനോടൊത്ത് ജീവിക്കാൻ, അവന്റെ സഹനങ്ങളിലും, അതുവഴി അവന്റെ മഹത്വത്തിലും പങ്കുചേരുവാൻ നമുക്ക് ലഭിച്ചിരിക്കുന്ന വിളിയെക്കുറിച്ചും, ക്രൈസ്തവജീവിതം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചും ബോധ്യമുള്ളവരായി നമുക്ക് ജീവിക്കാം.

നമ്മുടെ ക്രൈസ്തവജീവിതം

ക്രിസ്തുവിന്റെ സഹനമരണങ്ങളെക്കുറിച്ചുള്ള പ്രവചനത്തെക്കുറിച്ച് ധ്യാനിക്കുന്ന നാം നമ്മുടെ ജീവിതത്തിൽ ക്രിസ്തുവിന്റെ ജീവിതമാതൃക എത്രമാത്രം ഉൾക്കൊള്ളാൻ പരിശ്രമിച്ചിട്ടുണ്ട് എന്ന ഒരു വിചിന്തനം നടത്തുന്നത് നന്നായിരിക്കും. ക്രിസ്തുവിനെപ്പോലെ അക്ഷരാർത്ഥത്തിൽ കുരിശിലേറി മരിക്കുക എന്ന ഒരു മാർഗ്ഗമല്ല സുവിശേഷം നമുക്ക് മുന്നിൽ വയ്ക്കുന്നത്. മറിച്ച്, ക്രിസ്തുവിന്റെ പിന്നാലെ സഞ്ചരിക്കാൻ, രക്ഷയുടെ മാർഗ്ഗം സ്വീകരിക്കാൻ ശ്രമിക്കുന്ന ഓരോ മനുഷ്യർക്കും ഉണ്ടായിരിക്കേണ്ട സമർപ്പണമനോഭാവത്തെക്കുറിച്ചാണ് സുവിശേഷം നമ്മോട് സംസാരിക്കുന്നത്. ദൈവഹിതത്തോടുള്ള പൂർണ്ണമായ വിധേയത്വത്തിൽ ജീവിക്കുക. വിശ്വാസം ആവശ്യപ്പെടുന്ന ത്യാഗങ്ങളും, കുരിശുകളും ഏറ്റെടുത്തുകൊണ്ട്, ലോകത്തിന് മുന്നിൽ ക്രൈസ്തവവിശ്വാസത്തിന് സാക്ഷ്യം നൽകുക. ക്രിസ്തുവിന്റെ മഹത്വത്തിൽ ആനന്ദം കണ്ടെത്തേണ്ടതിനായി അവന്റെ കുരിശിന്റെ പാതയെ, സഹനത്തിന്റെയും സമർപ്പണത്തിന്റെയും പാതയെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാനും സ്വന്തമാക്കാനും പഠിക്കുക. ഇപ്രകാരമുള്ള ഒരു ജീവിതത്തിലേക്കാണ് ഓരോ ക്രൈസ്തവനും വിളിക്കപ്പെട്ടിരിക്കുന്നത്. ദൈവഹിതത്തിന് സ്വയം വിട്ടുകൊടുത്തുകൊണ്ട് പരിശുദ്ധ അമ്മ നടത്തിയ ജീവിതസമർപ്പണം നമ്മുടെ മുന്നിലുണ്ട്. നസ്രത്ത്‌ പട്ടണത്തിൽ, വിവാഹനിശ്ചയം ചെയ്‌തിരുന്ന കാലത്ത്, ദൈവദൂതനോട് "ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!" (ലൂക്കാ 1, 36) എന്ന് പറഞ്ഞു തുടങ്ങിയ അവളുടെ സമർപ്പണം, കുരിശിന്റെ കീഴിൽ തന്റെ തിരുസുതന്റെ ശരീരം മടിയിൽ കിടത്തുമ്പോഴും അവൾ തുടരുന്നുണ്ട്. ക്രിസ്തുശിഷ്യന്മാരും, പിന്നീട് സഭയിലെ നിരവധിയായ വിശുദ്ധരും തങ്ങളുടെ ജീവിതം ദൈവത്തിന് പൂർണ്ണമായി സമർപ്പിക്കുന്നതിന്റെ മനോഹരമാതൃക നമുക്ക് നൽകുന്നുണ്ട്. നമ്മുടെ ക്രൈസ്തവജീവിതവും, മാതൃകാപരമായ ഒന്നാക്കി മാറ്റാൻ നമുക്ക് പരിശ്രമിക്കാം. പ്രാർത്ഥനയും, നോമ്പും, ഉപവാസവും, തിരുവചനവായനയും ഒക്കെ അതിലേക്ക് നമ്മെ നയിക്കട്ടെ. തന്റെ മഹത്വത്തിൽ പങ്കുചേരാൻ കർത്താവ് നമ്മെയും അനുഗ്രഹിക്കട്ടെ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2024, 14:00