തിരയുക

ഓശാനഞായറാഴ്ച്ച കർമ്മങ്ങളിൽ ഫ്രാൻസിസ് പാപ്പാ(ഫയൽ ചിത്രം) ഓശാനഞായറാഴ്ച്ച കർമ്മങ്ങളിൽ ഫ്രാൻസിസ് പാപ്പാ(ഫയൽ ചിത്രം) 

എളിമയുടെ ജെറുസലേം പ്രവേശനം

ഓശാന ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കിയ വചനവിചിന്തനം
തിരുവചനസന്ദേശം-ശബ്ദരേഖ

ഫാ. പീറ്റർ ടാജീഷ്. O deM.

ഓശാന തിരുന്നാളിന്റെ ആർപ്പുവിളിയിലേക്ക് സഭ പ്രവേശിക്കുകയാണ്. ഓശാന പാടി അവനെ എതിരേൽക്കാനും, അവനാണ് രക്ഷ എന്ന് വിളിച്ചുപറയാനും സഭ ഒരുങ്ങുന്ന ദിനം. വിശുദ്ധവാരത്തിന്റെ ആരംഭമാണ് ഇന്ന്. ഇനി ഇയൊരു ആഴ്ച്ചകാലം സഭ കടന്നു പോകുന്നത് അവന്റെ മനുഷ്യാവതാരരഹസ്യങ്ങളിലൂടെയാണ്. അന്ത്യഅത്താഴ മേശയിലെ പരിശുദ്ധ കുർബാന സ്ഥാപനവും, കുരിശിലെ ആത്മബലിയും ഒടുവിലായി ഉയിർപ്പിന്റെ മഹിമയും. മാനവരാശിയുടെ വീണ്ടെടുപ്പ് ദിനങ്ങളാണ് ഇതൊക്കെയും. ഒപ്പം, ദൈവം മനുഷ്യനെ സ്നേഹിച്ചതിന്റെ വെളിപാടും.

ജെറുസലേമിലേക്കുള്ള ആഘോഷപ്രവേശനമാണ് ഓശാന ഞായർ. ഗലീലിയായിൽ നിന്നും ക്രിസ്തു യഹൂദ മതകേന്ദ്രസ്ഥാനത്തേക്ക് മഹിമയോടെ ആഗതനാകുന്നു എന്നതാണ് ഇവിടത്തെ ധ്യാനവിഷയം.ഒരു മിശിഹായെ തിരഞ്ഞ ജനമാണ് യഹൂദർ. കാരണം തലമുറകളായി അടിമത്തം അനുഭവിച്ചു ജീവിച്ചവരാണ് അവർ. ഒരു രക്ഷകനെ സ്വപ്‍നം കണ്ടാണ് അവർ അവരുടെ സഹനങ്ങളെ മറികടന്നതും. തങ്ങളെ രക്ഷിക്കാൻ ഒരാൾ വരും എന്നുള്ള ഒരു വിശ്വാസം അവർക്ക്  അടിമത്തത്തിന്റെ സഹനപർവങ്ങൾ താണ്ടാൻ ബലം നൽകി.

ഇങ്ങനെയൊരു ചരിത്രപശ്ചാത്തലത്തിലാണ് ക്രിസ്തു ജെറുസലേം നഗരത്തിലേക്കു രാജകീയപ്രവേശനം നടത്തുന്നത്. ഒരു ജനത കാത്തിരിക്കുന്ന ഒരു സ്വപ്നത്തിന്റെ പരിസമാപ്തിയായി അയാൾ ആ നഗരത്തിലേക്കു പ്രവേശിച്ചു. സുവിശേഷത്തിന്റെ ധ്യാനത്തിൽ ജെറുസലേം പ്രവേശനത്തിന് ഈയൊരു അർത്ഥം മാത്രമേ ഉള്ളോ? എന്ന് ചോദിച്ചാൽ, ഇല്ല എന്നാവും മറുപടി. കാരണം സുവിശേഷം മറ്റൊരു അർത്ഥം കൂടി ഇതിനു കല്പ്പിച്ചു നൽകുന്നുണ്ട്.

ഓശാന എന്ന പദത്തിനർത്ഥം "ഞങ്ങളെ രക്ഷിക്കുക" എന്നാണ്. അതൊരു പ്രാർത്ഥനയാണ്. രാഷ്ട്രീയമാനങ്ങൾക്കപ്പുറം അതിലൊരു വിശുദ്ധവിമോചനത്തിന്റെ ആഴം കൂടിയുണ്ട്. ക്രിസ്തു വന്നത് രാഷ്ട്രീയ മോചനം സാധ്യമാക്കാനാണോ അല്ലെങ്കിൽ ഒരു രക്ഷ നൽകാനാണോ എന്നതാണ് ഇവിടെ വിഷയം. ക്രിസ്തു രക്ഷകനാണ്, ദൈവപുത്രനാണ്. അയാൾ കൊണ്ടുവരുന്ന വിമോചനത്തിന് മനുഷ്യർ കല്പ്പിച്ചു നൽകുന്ന ഒരർത്ഥമല്ല ഉള്ളതും. "എന്റെ രാജ്യം ഐഹികമല്ല", എന്നുപറഞ്ഞുകൊണ്ട്  ക്രിസ്തു അവരെ തിരുത്തിയിട്ടുമുണ്ട്. അയാൾ ദൈവരാജ്യത്തിന്റെ വക്താവാണ്.

'ഞങ്ങളെ രക്ഷിക്കുക' എന്ന മനുഷ്യനിലവിളിയുടെ ഉത്തരമാണ് അയാൾ. ആ ഉത്തരത്തിൽ ഹിംസ കലരാൻ പാടില്ല കാരണം അയാൾ വന്നതുതന്നെ  സ്നേഹം പ്രഘോഷിച്ചുകൊണ്ടാണ്. ആ കാഴ്ചപ്പാടിൽ അയാളിൽ ലോകത്തിന്റെ വിപ്ലവം ഇല്ല എന്നാണ് നമ്മൾ ഉറപ്പിക്കേണ്ടത്, ഹിംസയുടെ ശരീരഭാഷ അയാൾ പേറുന്നില്ല. ബലിക്കായി കൊണ്ടുപോകുന്ന കുഞ്ഞാടിനെ പോലെ അയാൾ എളിമയോടെ ജീവിച്ചു. അന്നത്തെ സാഹചര്യത്തിൽ ഒരുപക്ഷെ ജെറുസലേം നഗരത്തിലേക്കു അങ്ങനെയൊരു രാജകീയപ്രവേശനം ഒട്ടും സാധ്യമായിരുന്നില്ല. കാരണം ജെറുസലേം നഗരം, റോമൻ സൈന്യവും,  ജെറുസലേം ദേവാലയം,  യഹൂദസൈന്യവും സംരക്ഷിച്ചുപോന്ന ഒരിടമായിരുന്നു. അപ്പോൾ അതിനർത്ഥം ക്രിസ്തു പ്രവേശിച്ചത് എളിമയോടെയാവണം.

ആ യാത്രപോലും അയാളുടെ എളിമ രേഖപ്പെടുത്തുന്നുണ്ട്. കഴുതപുറത്താണ് അയാൾ ആ നഗരത്തിലേക്കു പ്രവേശിക്കുന്നത്. മത്തായി സുവിശേഷകൻ മനപ്പൂർവം ക്രിസ്തുവിന്റെ രാജകീയപ്രതാപം വിട്ടുകളഞ്ഞു. സഖറിയ പ്രവാചകൻ ക്രിസ്തുപ്രതാപം വർണിക്കുമ്പോൾ ക്രിസ്തുവിന്റെ എളിമയ്ക്കാണ് പ്രാധാന്യം നൽകിയത്.

മൂന്നു കൂട്ടരെ  ഈ യാത്രയിൽ നമുക്ക് കാണാം. ഒന്നാമതായി, ഓശാന  വിളിക്കുന്ന ഗാലീലിയിലെ തീർത്ഥാടകർ, രണ്ടാമതായി, ക്രിസ്തുശിഷ്യർ, മൂന്നാമതായി ഈ പ്രവേശനം ഇഷ്ടമില്ലാത്ത ജെറുസലേം നിവാസികൾ. ഈ വർണനയിൽ തന്നെ കുരിശിന്റെ ആരംഭം മത്തായി സുവിശേഷകൻ കുറിക്കുന്നു.

ഗലീലിയയിലെ തീർത്ഥാടകരാണ് അവന് ഓശാന പാടുന്നത്. പുരാതനകാലത്ത് രാജാക്കന്മാരെ സ്വീകരിക്കുന്ന രീതിയാണ് വഴിയിൽ വസ്ത്രം വിരിക്കുന്നതും മരച്ചിലകൾ വീശുന്നതും. യഹൂദരെ സംബന്ധിച്ച് മരചില്ലകൾ വീശുന്നതും ഓശാന പാടുന്നതും കൂടാരതിരുന്നാളിന്റ ദിനത്തിലാണ്. ദൈവം കൂടെ വന്നതിന്റെ  ഓർമയിൽ അവർ അവനുമുന്നിൽ ഓശാന പാടി അവനെ സ്വാഗതം ചെയ്യുകയാണ്.

എന്തിനാവണം അവൻ കഴുതയുടെ പുറത്ത് നഗരത്തിലേക്കു പ്രവേശിച്ചത്?

രാജാവ് കുതിര ഉപയോഗിക്കുന്നത് യുദ്ധത്തിന് പോകുമ്പോഴാണ്, പകരം, കഴുതപുറത്ത് ഒരു രാജാവ് യാത്ര ചെയ്യുന്നത് സമാധാനം സ്ഥാപിക്കാനും. അങ്ങനെയെങ്കിൽ ക്രിസ്തു ജെറുസലേം നഗരത്തിലേക്കു പ്രവേശിച്ചത്  ഒന്നും കീഴടക്കാനോ അല്ലെങ്കിൽ ആരെയും തോൽപിക്കാനോ അല്ല, മറിച്ചു ഭൂമിയിൽ സമാധാനം സ്ഥാപിക്കാനാണ്. അയാളുടെ വരവ് ദൈവപുത്രനായിട്ടാണ്, സമാധാനത്തിന്റെ രാജാവായിട്ട്.

ഓശാനയ്ക്ക് മറ്റൊരു അർഥംകൂടിയുണ്ട്. അത് മഴയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനകൂടിയാണ്. വരണ്ടുപോയ ഭൂമിയിൽ, അതിനെ നനയ്ക്കാൻ വരേണ്ട മഴയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന. വരണ്ടുപോയ ഹൃദയത്തിൽ ഇനിയൊരു ദൈവകൃപ മഴയായി പെയ്‌തു ഇറങ്ങട്ടെ എന്നുകൂടി ഓശാന എന്ന വാക്കിൽ കൂട്ടി വായിക്കണം.

ഓശാന ഒരു ഓർമപ്പെടുത്തലാണ്. ചിലയിടങ്ങളെ  നമ്മൾ വിശുദ്ധീകരിക്കേണ്ടതാണ് എന്നുള്ള ഓർമ. കൃപ കുറഞ്ഞപ്പോയ ഒരു ജെറുസലേമിലേക്കാണ് അയാൾ കൃപയായി കയറി ചെന്നത്. അവരുടെ ഓശാന വിളികളിൽ അയാൾ വീണുപോയില്ല, അയാൾ ജെറുസലേം ലക്ഷ്യമാക്കി നടന്നു, അവിടെ അയാളെ കാത്തു ഒരു കുരിശും ഉണ്ടായിരുന്നു. ആ സഹനപരിസരങ്ങളിലും അയാൾ കൃപയുടെ മഴപെയ്ത്ത് നടത്തിയാണ് നടന്നതും.

ജെറുസലേം നമ്മുടെയും ഒരു ജീവിതയിടമാണ്. കുരിശ് നിറഞ്ഞ ഇടങ്ങളിലും ഹൃദയം കലങ്ങാതെ ജീവിക്കാൻ പഠിക്കേണ്ട ഇടം. ഓശാനയുടെ ആർപ്പുവിളിയിൽ സ്വയം മറന്നുപോകാതിരിക്കാനും, സങ്കടങ്ങളുടെ ജെറുസലേമിൽ പതറിപോകാതെയും ഒരാൾ ഒരുങ്ങേണ്ട ഇടം.

രണ്ടും ജീവിതത്തിന്റെ വഴികളാണ്, രണ്ടും ജീവിതത്തിന്റെ ഒടുക്കവുമല്ല, രണ്ടും കടന്നുപോകും. തികഞ്ഞ ഒരു പ്രത്യാശയോടെ ജീവിക്കാൻ പഠിക്കുക. വിശുദ്ധവാരത്തിന്റെ പുണ്യത്തിലേക്ക് നമ്മൾ പ്രവേശിക്കുകയാണ്. അവന്റെ ഓശാനദിനത്തിന്റെ മഹിമ കഴിഞ്ഞു, അയാൾ പെസഹാവ്യാഴത്തിന്റെ വിശുദ്ധിയും ഒപ്പം ഒറ്റപ്പെടലിന്റെ ദുഃഖവെള്ളിയും നമുക്ക് മുന്നിൽ അനാവൃതമാക്കും. എന്നിട്ടും നമ്മൾ എത്തുക അവന്റെ ഉയിർപ്പിന്റെ മഹിമയുള്ള കല്ലറയിലാണ്.

അതാണ് ജീവിതം. എല്ലാം കടന്നുപോകും. ജീവിക്കാനാണ് നമ്മൾ പഠിക്കേണ്ടത്, കലങ്ങാതെ, പതറാതെ വീണുപോകാതെ മുന്നോട്ടു നടക്കാൻ പഠിക്കുക.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 March 2024, 08:09