തിരയുക

ദുഃഖവെള്ളി കർമ്മങ്ങളിൽ ഫ്രാൻസിസ് പാപ്പാ ദുഃഖവെള്ളി കർമ്മങ്ങളിൽ ഫ്രാൻസിസ് പാപ്പാ   (ANSA)

കുരിശിന്റെ പാത സ്നേഹത്തിന്റേതു മാത്രമാണ്

കുരിശിന്റെ വഴി പ്രാർത്ഥനയുടെ 11, 12, 13 സ്ഥലങ്ങളെപ്പറ്റിയുള്ള ധ്യാനാത്മകമായ ചിന്തകൾ
നോമ്പുകാലചിന്തകൾ ശബ്ദരേഖ

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

"ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം" (യോഹന്നാൻ 13, 34). യേശു നൽകിയ പുതിയ കല്പന സ്നേഹത്തിന്റേതായിരുന്നു. എന്നാൽ അത് വാക്മയഭംഗിയുടെ മോടി  കാണിക്കലല്ലായിരുന്നു, മറിച്ച് ജീവിതത്തിന്റെ സാക്ഷ്യമായിരുന്നു. യേശുവെന്ന ഗുരുവും, നാഥനും,പിതാവും  മക്കൾക്കായി എഴുതിയ ജീവിതത്തിന്റെ ഒസ്യത്തെന്നു വേണമെങ്കിൽ ഈ തിരുവചനത്തെ വ്യാഖ്യാനിക്കാം. പക്ഷെ ഈ സ്നേഹത്തിന്റെ പാരമ്യം നമ്മെ ക്ഷണിക്കുന്നത് നാമാരും ആഗ്രഹിക്കാത്ത കുരിശിന്റെ ചുവട്ടിലേക്കാണ്. പട്ടുമെത്തയും, മൃദുലവസ്ത്രങ്ങളും, ചുവന്നപരവതാനിയും, കിരീടവും, ചെങ്കോലും, ധവളസിംഹാസനവുമല്ല ഈ സ്നേഹം നമുക്ക് വാഗ്ദാനം ചെയ്യുന്നത്. മറിച്ച് കുരിശും, തുടർന്ന് ഉത്ഥാനവുമാണ്. ഈ കുരിശിന്റെ വഴി മനസ്സിലാകണമെങ്കിൽ യേശുവിന്റെ സ്നേഹത്തിന്റെ കല്പന നമ്മുടെ ജീവിതത്തിലും നാം പ്രാവർത്തികമാക്കണം. അവന്റെ കുരിശിന്റെ വഴിയിലൂടെ സ്നേഹം അനുഭവിച്ചുകൊണ്ട് നാമും സഞ്ചരിക്കണം.

സ്നേഹമില്ലാതെ ഏത് മനുഷ്യനാണ് സമൂഹജീവിയായി ജീവിക്കുവാൻ സാധിക്കുക. സ്നേഹത്തിന്റെ കണികകൾ ജീവിതത്തിൽ അന്യമാകുമ്പോൾ മനുഷ്യൻ അവനിൽ തന്നെ മൃതനാകുന്ന അവസ്ഥ സംജാതമാകുന്നു. ഈയവസ്ഥയിലാണ് കുരിശിന്റെ വഴിയേ യാത്ര ചെയ്യുന്ന നമുക്ക്, യേശു സ്നേഹത്തിന്റെ അനുഭവം പകർന്നു നൽകുന്നത്. ക്രൈസ്തവജീവിതത്തിന്റെ തുടക്കം മുതൽ ഇപ്രകാരം സ്നേഹത്തിൽ അടിസ്ഥാനം ഉറപ്പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത്. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപേതന്നെ നമ്മെ അറിഞ്ഞ ദൈവത്തിന്റെ സ്നേഹം തുടർന്ന് മാതാപിതാക്കളിലൂടെയും, നമ്മുടെ ജീവിതത്തിൽ നാം ഇടപഴകുന്ന ഓരോ വ്യക്തികളിലൂടെയും വളരുന്നു.

തുരുത്തുകളായി നമ്മെ നാം തന്നെ ചുരുക്കിയ അവസ്ഥകളിലും നമ്മുടെ കൂടെ ഇരുന്നുകൊണ്ട്, നമ്മുടെ ജീവിതത്തിനാവശ്യമായ കരുത്ത് നൽകിയവനാണ് നമ്മുടെ ദൈവം. നമ്മുടെ ബലമാണ്, തന്നെത്തന്നെ ബലഹീനനാക്കി കുരിശിൽ രക്തം ചിന്തിയ യേശു. സ്വയം അപമാനിതനാകുവാനും, ശൂന്യവത്ക്കരിക്കപ്പെടുവാനും, തന്നെത്തന്നെ വിട്ടുകൊടുത്തുകൊണ്ട് അവസാനം മരണത്തിൽ നമുക്ക് ജീവൻ നേടിത്തന്നവന്റെ സ്നേഹത്തിന്റെ ഗാഥയാണ് കുരിശിന്റെ വഴി പ്രാർത്ഥനയിൽ മുഴങ്ങിക്കേൾക്കുന്നത്. ഏശയ്യാ പ്രവാചകന്റെ വാക്കുകളിൽ രോമം കത്രിക്കുന്നവരുടെ മുൻപിൽ നിശബ്ദനായി നിൽക്കുന്ന ആടിനെ പോലെ അവൻ ഒരു വാക്കുപോലും ഉരിയാടിയില്ല. (ഏശയ്യാ 53, 7)).

സകലമനുഷ്യർക്കും വേണ്ടിയാണ് ക്രിസ്തു കുരിശിന്റെ വഴിയിലൂടെ നടന്നുനീങ്ങിയത്. ക്രൂശിക്കപ്പെട്ട സ്നേഹം എന്നാൽ കഷ്ടപ്പാടുകളുടെയും, മരണത്തിന്റെയും നിഗൂഢതയിലല്ല ഫലസമാപ്തി കാണുന്നത്, മറിച്ച് ഉത്ഥാനത്തിന്റെ സന്തോഷത്തിലാണ്. സ്നേഹം ക്ഷമിക്കുന്നതാണെന്ന വലിയ പാഠം യേശു  നമുക്ക് കാട്ടിത്തരുന്നു. കുരിശിൽ കിടന്നു കൊണ്ട് ഇരു വശങ്ങളിലും ആയിരുന്ന കള്ളന്മാരോടും, തന്നെ പീഡിപ്പിച്ച പട്ടാളക്കാരോടും, തന്നെ ഉപേക്ഷിച്ചുകൊണ്ട് കടന്നുപോയവരോടും, എന്തിനേറെ  രണ്ടായിരം വർഷങ്ങൾക്കിപ്പുറവും, തന്നെ തള്ളിപ്പറയുന്ന നമ്മോടുമെല്ലാം യേശു ക്ഷമിക്കുന്നു, അതിന്റെ പതിന്മടങ്ങു അവൻ നമ്മെ സ്നേഹിക്കുന്നു. വേദനകൾക്കും, മരണത്തിനുമെല്ലാം സ്നേഹത്തിന്റെ ഗന്ധമായിരുന്നു കാൽവരിയുടെ വീഥികളിൽ നിറഞ്ഞുനിന്നിരുന്നത്.

യേശുവിന്റെ സ്നേഹത്തിന്റെ രണ്ടു പ്രത്യേകതകൾ, ഉപാധികളില്ലാത്ത സമ്പൂർണ്ണസ്നേഹവും, സ്നേഹത്തിലുള്ള സമർപ്പണവുമാണ്. ഉപാധികളില്ലാത്തതുകൊണ്ടാണ്, യേശു തന്നെ ഉപേക്ഷിച്ചവരെ കുറ്റപ്പെടുത്താതിരുന്നത്, ഒപ്പം കടന്നുവന്നവരെ ആശ്വസിപ്പിച്ചതും. സമർപ്പണമാണ്, അവസാനം വരെ സ്നേഹിക്കുവാൻ അവനു കരുത്ത് നൽകിയത്. മുൻവിധികളൊന്നും യേശുവിന്റെ ജീവിതത്തെ സ്വാധീനിച്ചില്ല. ഇതാണ് 'അഗാപ്പെ' എന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്ന സ്നേഹം. പരസ്പരം സ്നേഹിക്കുക എന്ന ക്രൈസ്തവധർമത്തിന്റെ പ്രതീകമായ പന്തിഭോജനമണ് 'അഗാപ്പെ'. ബലിയർപ്പകനും, ബലിവസ്തുവുമായ യേശു, എല്ലാവർക്കുമായി തന്റെ ശരീരവും, രക്തവും വിഭജിച്ചു നൽകുന്ന സ്നേഹത്തിന്റെ മൂർത്തീമത്ഭാവമാണ് കാൽവരിയിലെ പ്രജാപതിയാഗം. 

ക്രൈസ്തവജീവിതത്തിൽ കുരിശിന്റെ വഴിയിൽ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന നമുക്ക് യേശുവിന്റെ സ്നേഹത്തിന്റെ ഈ പ്രത്യേകതകൾ ജീവിതത്തിൽ ഉൾക്കൊള്ളുവാൻ സാധിക്കണം. എല്ലാവരെയും യാഥാർത്ഥസ്നേഹത്തിൽ ഉൾക്കൊള്ളുക, ഒപ്പം സമ്പൂർണ്ണമായ സ്‌നേഹം പങ്കുവയ്ക്കുക. സ്‌നേഹം എന്നത് ഒരു പദത്തിന്റെ ചായക്കൂട്ടല്ല, മറിച്ച് കൂട്ടായ്മയുടെ പങ്കുവയ്ക്കലാണ്, ശൂന്യവത്കരണമാണ്. മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്നതും അന്വേഷിക്കുന്നതും സ്നേഹമാണ്. നമ്മെത്തന്നെ ചെറുതാക്കുന്നത് സ്നേഹമാണ്. മറ്റുള്ളവർക്കായി കാത്തിരിക്കുന്നത് സ്നേഹമാണ്. കുശലാന്വേഷണം നടത്തുന്നത് സ്നേഹമാണ്.

 അങ്ങനെ, സ്നേഹത്തിന്റെ വിവിധ മാനങ്ങൾ നമ്മുടെ ജീവിതത്തിൽ പിന്തുടരുവാൻ കുരിശിന്റെ വഴി പ്രാർത്ഥന നമ്മെ സഹായിക്കുന്നു. ഒരിക്കൽ അർപ്പിച്ച ബലിയിൽ ഇത്രയധികം സ്നേഹം ഒളിപ്പിച്ച ക്രിസ്തു നമ്മെ ക്ഷണിക്കുന്നത്, ഈ സ്നേഹം നമ്മുടെ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കുവാൻ വേണ്ടിയാണ്. ചിലപ്പോൾ ലോകത്തിന്റെ യുക്തിയിൽ യേശുവിന്റെ സ്നേഹത്തെ മനസിലാക്കുവാനോ, ആ സ്നേഹം പങ്കുവയ്ക്കുവാനോ നമുക്ക് സാധിച്ചെന്നുവരില്ല. എന്നാൽ ദൈവീകരഹസ്യം തിരിച്ചറിയുമ്പോഴാണ്, ഈ സ്നേഹത്തിന്റെ തനിമ ജീവിതത്തിൽ പുലർത്തുവാൻ നമുക്ക് സാധിക്കുന്നത്.

എന്നെ വീണ്ടെടുത്ത യേശുവിന്റെ കരുണയും, സ്നേഹവും ഇന്ന് അനുഭവിക്കുവാൻ നമ്മെ സഹായിക്കുന്ന മാർഗങ്ങളാണ് വിശുദ്ധ കൂദാശകളുടെ സ്വീകരണം. പ്രത്യേകമായും കുരിശിലെ ബലിയിലൂടെ കൈവന്ന പാപമോചനവും, ആത്മീയ ഉണർവും നമുക്ക് ഇന്നും പ്രദാനം ചെയ്യുന്ന കൂദാശകളാണ്: കുമ്പസാരവും, വിശുദ്ധ കുർബാനയും. ദൈവത്തിന്റെ കരുണയിൽ ആശ്രയം വയ്ക്കുവാനും, ആ കരുണ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും ഈ ഇരുകൂദാശകൾ നമ്മെ സഹായിക്കുന്നു. ഈ വിധത്തിൽ ദൈവവുമായും സഭയുമായും അനുരഞ്ജനവും, കൃപയുടെ വീണ്ടെടുപ്പും , അത് നൽകുന്ന സന്തോഷവും, മനസ്സാക്ഷിയുടെ ശാന്തതയും ആത്മാവിൻ്റെ സാന്ത്വനവും അനുഭവിക്കാൻ നമുക്ക് സാധിക്കും. കുമ്പസാരമെന്ന കൂദാശയിലെ  പശ്ചാത്താപപരമായ കഴുകലിലൂടെ, ദൈവവുമായും സഭയുമായും ഉള്ള കൂട്ടായ്മയിലേക്ക് നാം വീണ്ടും പ്രവേശിപ്പിക്കപ്പെടുന്നു.ഈ കൂട്ടായ്മയിലാണ് വിശുദ്ധ കുർബാന നമുക്ക് കൃപയുടെ അനുഭവവേദിയാകുന്നത്.

കുരിശിന്റെ വഴി പ്രാർത്ഥന, ഇപ്രകാരം കൂദാശകളിലേക്കും, അവയുടെ സ്വീകരണത്തിലേക്കും യോഗ്യതയോടെ കടക്കുവാൻ നമ്മെ ഒരുക്കുന്നു. പ്രത്യേകമായും കാൽവരിയുടെ  നെറുകയിൽ ഉയർത്തപ്പെട്ട കുരിശും, അതിൽ പിതാവിന്റെ ഹിതം പൂർത്തിയാക്കുന്ന യേശുവിന്റെ സ്നേഹവും, മാതാവിന്റെ സാമീപ്യവുമെല്ലാം ഇന്നും കൃപ സാധ്യമാക്കുന്ന  കൂദാശകളുടെ മുന്നാസ്വാദനമായി നമുക്ക് അനുഭവിക്കുവാൻ സാധിക്കുന്നു.

ഈ ആമുഖചിന്തകളോടെ കുരിശിന്റെ വഴി പ്രാർത്ഥനയിലെ 11, 12, 13  സ്ഥലങ്ങളെപ്പറ്റി നമുക്ക് ധ്യാനിക്കാം

പതിനൊന്നാം സ്ഥലം:  യേശുമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു

തലയോടിടം എന്നര്‍ഥമുള്ള ഗോല്‍ഗോഥായില്‍ അവര്‍ അവനെ കൊണ്ടുവന്നു.  മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവനു കൊടുത്തു. അവന്‍ അതു കുടിച്ചില്ല. പിന്നീട്, അവര്‍ അവനെ കുരിശില്‍ തറച്ചു. അതിനുശേഷം അവര്‍ അവന്റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തരും എടുക്കേണ്ട വീതത്തിനു കുറിയിട്ടു.  അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു.യഹൂദരുടെ രാജാവ് എന്ന് അവന്റെ പേരില്‍ ഒരു കുറ്റപത്രവും എഴുതിവച്ചിരുന്നു. (മർക്കോസ് 15, 22 -26)

പീഡകളുടെ കൊടുമുടിയിൽ ഇതാ യേശു പരിഹാസപാത്രമായി പട്ടാളക്കാർക്ക് നടുവിൽ നിൽക്കുന്നു. ശരീരത്തിലേറ്റ പീഡകൾ മാനുഷികമായി അവന്റെ ശക്തി ക്ഷയിക്കുവാൻ ഇടയാക്കിയിട്ടുണ്ടാവണം. എന്നാൽ ഉള്ളിൽ അവൻ മന്ത്രിച്ച വാക്കുകൾ, ഗദ്സമൻ തോട്ടത്തിൽ പിതാവിനോട് ഏറ്റുപറഞ്ഞ വാക്കുകളാണ്: "അബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍ എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം." (മർക്കോസ് 14,36).

 സ്നേഹത്തിൽ ഒരിക്കലും ഉപാധികൾ വയ്ക്കുവാൻ യേശു തയ്യാറായിരുന്നില്ല. സ്നേഹത്തിൽ വേദനകൾ നിറഞ്ഞപ്പോഴും, യേശു കണ്ടത് വരുവാനിരിക്കുന്ന മഹത്വമായിരുന്നു. സങ്കീർത്തനത്തിൽ താൻ  വായിച്ച വചനങ്ങൾ നിറവേറുന്നതു കണ്ടപ്പോൾ യേശു സ്വയംവിട്ടുകൊടുക്കുന്നു. " എന്റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി; അവര്‍ എന്നെ തുറിച്ചുനോക്കുന്നു; അവര്‍ എന്റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു; എന്റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു" (സങ്കീർത്തനം 22,17-18). താൻ അനുഭവിക്കുന്ന വേദനകളെല്ലാം പാപങ്ങൾക്കുള്ള ഒരു മറുവിലയാണെന്ന് യേശുവിനറിയാം. പക്ഷെ യേശുവിന്റെ ഈ വേദനകൾ രണ്ടായിരം വർഷങ്ങൾക്കിപ്പുറവും എത്രയോ  ആളുകളുടെ ഹൃദയത്തിൽ മാനസാന്തരത്തിന്റെ വിളക്കുകൾ തെളിക്കുന്നു. യേശു സാക്ഷ്യപ്പെടുത്തുന്നതും ഇപ്രകാരമാണ്: "ഇപ്പോള്‍ എന്റെ ആത്മാവ് അസ്വസ്ഥമായിരിക്കുന്നു. ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ മണിക്കൂറില്‍നിന്ന് എന്നെ രക്ഷിക്കണമേ! അല്ല, ഇതിനുവേണ്ടിയാണല്ലോ ഈ മണിക്കൂറിലേക്കു ഞാന്‍ വന്നത്. പിതാവേ, അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ! അപ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടായി: ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു. ഇനിയും മഹത്വപ്പെടുത്തും. അവിടെ നിന്നിരുന്ന ജനക്കൂട്ടം ഇതു കേട്ടിട്ട്, ഇടിമുഴക്കമുണ്ടായി എന്നു പറഞ്ഞു. എന്നാല്‍ ചിലര്‍ ഒരു ദൂതന്‍ അവനോടു സംസാരിച്ചു എന്നു പറഞ്ഞു. യേശു പറഞ്ഞു: ഈ സ്വരമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങള്‍ക്കുവേണ്ടിയാണ്.  ഇപ്പോഴാണ് ഈ ലോകത്തിന്റെന്യായവിധി. ഇപ്പോള്‍ ഈ ലോകത്തിന്റെ അധികാരി പുറന്തള്ളപ്പെടും.  ഞാന്‍ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെടുമ്പോള്‍ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും." (യോഹന്നാൻ 12,27-32).

യേശുവിന്റെ കുരിശുമരണം അതിൽത്തന്നെ മനസിലാക്കേണ്ട ഒരു വസ്തുതയല്ല, മറിച്ച് കുരിശിനു പിന്നിൽ പിതാവിന്റെ ഹിതവും, പരിശുദ്ധാത്മാവിന്റെ ആവാസവും, പുത്രന്റെ അനുസരണവുമെല്ലാം ഉൾച്ചേരുന്നു. ജഡത്വം മൂലം താഴോട്ട് പോകുന്ന ശരീരത്തിൻ്റെ ഗുരുത്വാകർഷണത്തിന് ലോകം വിധേയമാകുമ്പോൾ, മഹത്വത്തിന്റെ സ്വർഗീയപ്രവേശമാണ് നമ്മുടെ കുരിശുകളിലും ദൈവം വാഗ്ദാനം ചെയ്യുന്നത്. ഒപ്പം ക്ഷമയുടെ ഉച്ചേർക്കലും. "പിതാവേ ഇവർചെയ്യുന്നത് എന്താണെന്ന് ഇവർ അറിയുന്നില്ല, ഇവരോട് ക്ഷമിക്കണമേ" (ലൂക്കാ 23:34) എന്ന യേശുവിന്റെ വചനങ്ങളിൽ, ക്ഷമയുടെ സ്നേഹം പ്രകടമാക്കുന്നു. കുരിശ് ക്ഷമയുടെയും, സ്നേഹത്തിന്റെയും സംഗമശ്രേണിയാണ്. ആ ശ്രേണിയാകട്ടെ ഉത്ഥാനത്തിന്റെ പറുദീസയിലേക്ക് പ്രവേശിക്കുവാൻ നമ്മെ സഹായിക്കുന്നു. 

പന്ത്രണ്ടാം സ്ഥലം: യേശുമിശിഹാ കുരിശിന്മേൽ തൂങ്ങി മരിക്കുന്നു

ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍ വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു: എലോയ്, എലോയ്, ലാമാ സബക്ക്ത്താനി? അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ ഉപേക്ഷിച്ചത് എന്തുകൊണ്ട്? അടുത്തു നിന്നിരുന്ന ചിലര്‍ അതുകേട്ടു പറഞ്ഞു: ഇതാ, അവന്‍ ഏലിയായെ വിളിക്കുന്നു. ഒരുവന്‍ ഓടിവന്ന്, നീര്‍പ്പഞ്ഞി വിനാഗിരിയില്‍ മുക്കി, ഒരു ഞാങ്ങണമേല്‍ ചുറ്റി, അവനു കുടിക്കാന്‍ കൊടുത്തുകൊണ്ടു പറഞ്ഞു: ആകട്ടെ, അവനെ താഴെ ഇറക്കാന്‍ ഏലിയാ വരുമോ എന്ന് നമുക്കു കാണാം. യേശു ഉച്ചത്തില്‍ നിലവിളിച്ച് ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല മുകളില്‍നിന്ന് താഴെവരെ രണ്ടായി കീറി. അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപന്‍, അവന്‍ ഇപ്രകാരം മരിച്ചതു കണ്ടുപറഞ്ഞു: സത്യമായും ഈ മനുഷ്യന്‍ ദൈവപുത്രനായിരുന്നു. (മർക്കോസ് 15,33-39)

ജീവൻ വെടിയുന്ന നിമിഷത്തിലും മറ്റുള്ളവരുടെ പരിഹാസവാക്കുകൾക്കും, കുറ്റപ്പെടുത്തലുകൾക്കും വിധേയമാകുന്ന യേശുവിന്റെ ജീവിതം. ഒരുപക്ഷെ നമ്മുടെ പാപങ്ങൾ അത്രയധികം കഠിനമായിരുന്നിരിക്കാം. പിതാവുമായുള്ള ഐക്യത്തിന്റെ ആഴത്തിൽ യേശു, "എൻ്റെ ദൈവമേ, എൻ്റെ ദൈവമേ, നീ എന്തിനാണ് എന്നെ ഉപേക്ഷിച്ചത്?" എന്ന് നിലവിളിച്ചു കരയുമ്പോൾ വേദനയും നഷ്ടവും ഒറ്റപ്പെടലും നിറഞ്ഞ വാക്കുകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുവെന്നു നമുക്ക് തോന്നുമെങ്കിലും, ഈ വാക്കുകളുടെ അർത്ഥം പിതൃപുത്ര ബന്ധത്തിന്റെ അമൂല്യത നമുക്ക് വെളിപ്പെടുത്തുന്നു.

മാനുഷികമായി നമ്മുടെ ജീവിതത്തിലും വേദനകളുടെ നെരിപ്പോടുകൾ കടന്നുവരുമ്പോൾ, പുത്രവാത്സല്യത്തോടെ പിതാവിനോട് കരയുവാൻ, യേശുവിന്റെ വിലാപം നമുക്ക് കരുത്ത് പകരുന്നു. ദൈവം ലോകത്തെ ക്രിസ്തുവിലൂടെ തന്നിലേക്ക് അനുരഞ്ജനപ്പെടുത്തിയ നിമിഷങ്ങൾ കൂടിയാണ് കുരിശുമരണത്തിന്റെ സമയം. ഈ അനുരജ്ഞനം സാധ്യമാക്കുവാൻ ബലിവസ്തുവായി തീർന്ന ക്രിസ്തുവിന്റെ നിരാശാജനകമായ വാക്കുകളല്ല കുരിശിൽ നാം കേൾക്കുന്നത്, മറിച്ച് ദൈവീകമായി വേദനകളെ ഏറ്റെടുക്കുവാനുള്ള യേശുവിന്റെ അഭിനിവേശമാണ്.

ഇന്നും വേദനകളുടെ നടുവിൽ നാം കരയാറില്ലേ? ചിലപ്പോഴെങ്കിലും അസഹനീയമാകുന്ന നിമിഷങ്ങളിൽ, ഒറ്റപ്പെടലിന്റെയും, ഉപേക്ഷിക്കപ്പെടലിന്റെയും ചിന്തകൾ മനസിലേക്ക് വന്നിട്ടില്ലേ? പക്ഷെ മഹത്വത്തിലേക്ക് കടക്കുവാൻ, ഈ വേദനകൾ മറികടക്കുവാൻ ദൈവം നമ്മെ സഹായിക്കുമെന്ന ഉറപ്പും ഈ സ്ഥലം നമുക്ക് പ്രദാനം ചെയ്യുന്നു.

പതിമൂന്നാം സ്ഥലം: യേശുമിശിഹായുടെ ശരീരം കല്ലറയിൽ സംസ്കരിക്കുന്നു

അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്ക ദിവസമായിരുന്നു.  അതിനാല്‍, വൈകുന്നേരമായപ്പോള്‍ അരിമത്തെയാക്കാരനായ ജോസഫ് ധൈര്യപൂര്‍വം പീലാത്തോസിനെ സമീപിച്ചു. അവന്‍ ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗവും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നു. അവന്‍ പീലാത്തോസിന്റെ അടുത്തെത്തി യേശുവിന്റെ ശരീരം ചോദിച്ചു. അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തോസ് വിസ്മയിച്ചു. അവന്‍ ശതാധിപനെ വിളിച്ച്, അവന്‍ ഇതിനകം മരിച്ചുകഴിഞ്ഞോ എന്ന് അന്വേഷിച്ചു.ശതാധിപനില്‍നിന്നു വിവരമറിഞ്ഞതിനുശേഷം അവന്‍ മൃതദേഹം ജോസഫിനു വിട്ടുകൊടുത്തു. ജോസഫ് ഒരു തുണി വാങ്ങി അവനെ താഴെയിറക്കി, അതില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയൊരുക്കിയ കല്ലറയില്‍ അവനെ സംസ്‌കരിക്കുകയും കല്ലറയുടെ വാതില്‍ക്കല്‍ ഒരു കല്ല് ഉരുട്ടിവയ്ക്കുകയും ചെയ്തു. (മർക്കോസ് 15,42-46)

ഒരുപക്ഷെ നിരവധി ആളുകളുടെ പ്രതീക്ഷകൾ അസ്ഥാനത്താക്കിയ നിമിഷങ്ങൾ ആയിരുന്നിരിക്കണം യേശുവിന്റെ ശരീരം കല്ലറയിൽ വയ്ക്കുന്ന സമയം സൃഷ്ടിച്ചിരിക്കുക. ജനത്തിന്റെ മോചനത്തിനുവേണ്ടി, വത്സരമായ സമയം പ്രഖ്യാപിക്കുന്നതിനുവേണ്ടി, ലോകത്തിന്റെ രാജാവായി കടന്നുവന്ന മിശിഹാ ഇതാ കല്ലറയുടെ ഇരുളടഞ്ഞ അന്തരാളത്തിൽ അടയ്ക്കപ്പെടുന്നു. തങ്ങൾ ഇതുവരെ പ്രതീക്ഷകൾ അർപ്പിച്ചവൻ ഇതാ മണ്ണോടു മണ്ണായിത്തീരുവാൻ പോകുന്നു. ഒരുപക്ഷെ 'ദൈവം മരിച്ചു' എന്ന നീറ്റ്ഷെയുടെ വാക്കുകൾ അന്ന് പലരും പറഞ്ഞിട്ടുണ്ടാവും. എന്നാൽ അവയൊന്നും ഗൗനിക്കാതെ കൂടെ നിന്ന ഒരു സ്ത്രീയുണ്ടായിരുന്നു, അവളുടെ പേര്  മറിയം എന്നായിരുന്നു. മറ്റുള്ളവർ എന്ത് പറയുന്നുവെന്ന് അവൾ ഗൗനിച്ചതേയില്ല. ഇപ്രകാരം ഒരു നൂറു കാര്യങ്ങൾ തന്റെ മകനെതിരായി മുപ്പത്തിമൂന്നു വർഷങ്ങൾക്കിടയിൽ കേട്ടവളാണ് മറിയം. ആ കുത്തുവാക്കുകളും, മുറിപ്പാടുകളുമെല്ലാം ധ്യാനാത്മകമായ നിശബ്ദതയിൽ അവൾ ചേർത്തുവച്ചത് തന്റെ ഹൃദയത്തോടായിരുന്നു.

ആ ഹൃദയത്തിലേക്കാണ് ഒരിക്കൽക്കൂടി കുരിശിൽ നിന്നും  ഇറക്കിയ തന്റെ തിരുമകന്റെ ഉടൽ അവൾ ചേർത്ത് വയ്ക്കുന്നത്. “മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവന്‍ വലിയ വനായിരിക്കും; അത്യുന്നതന്റെ പുത്രന്‍ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല”. (ലൂക്ക 1, 30- 34). ഗബ്രിയേൽ മാലാഖയുടെ ഈ വാക്കുകളാണ് മറിയത്തിൽ ഭയത്തിന്റെ നിഴലുകൾ വിരിക്കാതിരുന്നത്. മറിച്ച് അവൾ വിശ്വസിച്ചു. മരണപ്പെട്ടവനു മുൻപിലും, ഉത്ഥാനത്തിന്റെ പ്രത്യാശയിൽ അവൾ വിശ്വസിച്ചു. അതുകൊണ്ടാണ് അവളെ ഭാഗ്യവതിയെന്ന് വിളിക്കുന്നത്. കുരിശിന്റെ വഴിയുടെ ഈ സ്ഥലം ധ്യാനിക്കുമ്പോൾ, നമ്മുടെ ജീവിതത്തിലും, ദൈവം എന്നന്നേക്കുമായി മരിച്ചതായി വിശ്വസിക്കുവാനുള്ള നിർബന്ധിത നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് നമുക്ക് ചിന്തിക്കാം. ആ അവസ്ഥയിലും യേശുവിന്റെ ക്ഷമിക്കുന്ന സ്നേഹം നമ്മെ പൊതിഞ്ഞ അനുഭവങ്ങളെയും നമുക്ക് ധ്യാനിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 March 2024, 11:49