തിരയുക

മതാന്തരസംവാദസമ്മേളനത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പായെ കാണാനെത്തിയ വിവിധ മതങ്ങളുടെ പ്രതിനിധികൾ - ഫയൽ ചിത്രം മതാന്തരസംവാദസമ്മേളനത്തിന്റെ ഭാഗമായി ഫ്രാൻസിസ് പാപ്പായെ കാണാനെത്തിയ വിവിധ മതങ്ങളുടെ പ്രതിനിധികൾ - ഫയൽ ചിത്രം  (VATICAN MEDIA Divisione Foto)

മതപരിവർത്തനവിരുദ്ധനിയമങ്ങൾ ജനാധിപത്യത്തിനേറ്റ മുറിവെന്ന് "ഇന്ത്യൻ കത്തോലിക്കാ അൽമായ സംഘടന"

പന്ത്രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതപരിവർത്തനവിരുദ്ധനിയമങ്ങൾ രാജ്യത്തെ ജനാധിപത്യത്തിനേറ്റ മുറിവും, ദേശീയ ധാർമ്മികതയ്ക്കും വിശ്വാസ സ്വാതന്ത്ര്യത്തിനും മനഃസാക്ഷിക്കും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരായ കുറ്റവുമാണെന്ന് "ഇന്ത്യൻ കത്തോലിക്കാ അൽമായ സംഘടന" മാംഗളൂരിൽ നടന്നുവരുന്ന പൊതുസമ്മേളനത്തിൽ പ്രസ്താവിച്ചതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

വത്തിക്കാന്‍ ന്യൂസ്

മതപരിവർത്തനവിരുദ്ധനിയമങ്ങൾ എന്ന പേരിൽ പന്ത്രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന നിബന്ധനകൾ രാജ്യത്തെ ജനാധിപത്യത്തിനേറ്റ മുറിവും, ദേശീയ ധാർമ്മികതയ്ക്കും വിശ്വാസ സ്വാതന്ത്ര്യത്തിനും മനഃസാക്ഷിക്കും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരായ കുറ്റവുമാണെന്ന് "ഇന്ത്യൻ കത്തോലിക്കാ അൽമായ സംഘടന" (All India Catholic Union - AICU) പ്രസ്താവിച്ചതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ പൊതുസമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മാംഗളൂരിൽ ഒരുമിച്ച് ചേർന്ന അവസരത്തിലാണ് സംഘടന ഇത്തരമൊരു പ്രസ്താവന നടത്തിയത്.

തങ്ങളുടെ മതവിശ്വാസത്തെ ഒരു മജിസ്‌ട്രേറ്റിന്റെ അംഗീകാരത്തിന് കീഴിലാക്കുന്ന നിലവിലെ മതപരിവർത്തനവിരുദ്ധനിയമങ്ങൾ, സ്വാതന്ത്ര്യം കുറയ്ക്കുന്നതിനും മനുഷ്യമനഃസാക്ഷിയിൽ സമ്മർദ്ധം ചെലുത്തുന്നതിനും കാരണമാകുന്നുവെന്ന്, 106 വർഷങ്ങൾക്ക് മുൻപ് സ്ഥാപിക്കപ്പെട്ടതും ഏലിയാസ് വാസ് എന്ന പ്രസിഡന്റിന് കീഴിൽ പ്രവർത്തിക്കുന്നതുമായ ഈ സംഘടന നിരീക്ഷിച്ചു. ഹിന്ദു ദേശീയവാദി സംഘടനകൾ ഇത്തരം നിയമങ്ങൾ ചൂഷണം ചെയ്യുകയും അവയിൽ കൃത്രിമം കാട്ടുകയും മറ്റു മതവിശ്വാസികളെ, പ്രത്യേകിച്ച് ന്യൂനപക്ഷമതവിശ്വാസികളെ കുറ്റവാളികളാക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടതായി ഫീദെസ് എഴുതി.

മതന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വിദ്വേഷത്തിന്റെയും വൈരാഗ്യബുദ്ധിയുടെയും ചിന്താധാരകളെ തള്ളിക്കളഞ്ഞ സംഘടന, "ബന്ധുത്വ" എന്ന പേരിൽ മതാന്തരസംവാദങ്ങളുടെ പാത തിരഞ്ഞടുത്തു. രാജ്യത്തിൻറെ വിവിധയിടങ്ങളിനിന്നുള്ള നൂറ്റൻപതോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യയിലെ രാജസ്ഥാൻ (2025), കർണാടക, ഹരിയാന (2022), മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് (2021), ഹിമാചൽ പ്രദേശ് (2019), ഉത്തരാഖണ്ഡ് (2018), ജാർഖണ്ഡ് (dal 2017), ഛത്തീസ്ഗഢ് (2006), അരുണാചൽ പ്രദേശ് (1978), ഒഡീഷ (1967) എന്നീ സംസ്ഥാനങ്ങളാണ് നിലവിൽ മതപരിവർത്തനവിരുദ്ധനിയമങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്ന് സംഘടന അറിയിച്ചു.

ചില സംസ്ഥാനങ്ങളിൽ അറുപതുകളുടെ അവസാനം ഈ നിയമം നിലനിന്നിരുന്നുവെങ്കിലും കഴിഞ്ഞ പത്ത് വർഷങ്ങളിലാണ് ഇത് കൂടുതൽ സംസ്ഥാനങ്ങൾ സ്വീകരിച്ചതെന്ന് സംഘടനയിൽ അംഗവും മാധ്യമപ്രവർത്തകനുമായ ജോൺ ദയാൽ ഫീദെസിനോട് പറഞ്ഞു. തെറ്റായ പ്രസ്താവനകൾ, ബലപ്രയോഗം, അധികമായ സ്വാധീനം, നിർബന്ധം, പ്രീതിപ്പെടുത്തലും മറ്റേതങ്കിലും വഞ്ചനാപരമായ മാർഗ്ഗങ്ങളും, വിവാഹബന്ധം തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന മതപരിവർത്തനം നിയമാനുസൃതമല്ലെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് 2025-ൽ രാജസ്ഥാനിൽ അംഗീകരിക്കപ്പെട്ട ഒരു നിയമവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം വിശദീകരിച്ചു. പ്രീതിപ്പെടുത്തൽ പോലെയുള്ള വാക്കുകൾ ഉൾപ്പെടുത്തുന്നതിലൂടെ, ഏതൊരു മതപരിവർത്തനത്തെയും നിയമവിരുദ്ധമായി വ്യാഖ്യാനിക്കാനുള്ള സാധ്യതയാണ് തുറക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.

മതം മാറാൻ ഉദ്ദേശിക്കുന്നയാൾ, മറിച്ച് തെളിയിക്കുംവരെ അദ്ധേഹത്തിന്റെ മതപരിവർത്തനം നിയമവിരുദ്ധമാണെന്ന് കരുതപ്പെടാവുന്ന രീതിയിലാണ് നിയമങ്ങൾ രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഫീദെസ് റിപ്പോർട്ട് ചെയ്തു.

ഏവരുടെയും വിശ്വാസത്തിന്റെയും മനഃസാക്ഷിയുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പാക്കാൻ വേണ്ടി പരിശ്രമിക്കുമെന്ന് "ഇന്ത്യൻ കത്തോലിക്കാ അൽമായ സംഘടന" ഉറപ്പുനൽകി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 സെപ്റ്റംബർ 2025, 13:59