കാർലോ അക്കൂത്തിസിനെ വിശുദ്ധനായി പ്രഖ്യാപിച്ച ദിവസം തന്നെ വിശുദ്ധന്റെ പേരിലുള്ള ദേവാലയം ആശീർവദിച്ച് വരാപ്പുഴ അതിരൂപത
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
വിശുദ്ധ കാർലോ അക്കൂത്തിസിന്റെ നാമത്തിലുള്ള ദേവാലയം കൂദാശ ചെയ്‌ത് വരാപ്പുഴ അതിരൂപത. യുവജനങ്ങളെ ഏറെ സ്വാധീനിച്ച കാർലോ അക്കൂത്തിസിനെയും പിയർ ജ്യോർജ്യോ ഫ്രസ്സാത്തിയെയും വത്തിക്കാനിൽ വച്ച് ലിയോ പതിനാലാമൻ പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ച സെപ്റ്റംബർ ഏഴാം തീയതി ഞായറാഴ്ചയാണ് വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ ഈ ദേവാലയം ആശീർവദിച്ചത്.
വിശുദ്ധ കാർലോ അക്കൂത്തിസിന്റെ പേരിൽ എറണാകുളം ജില്ലയിലെ പള്ളിക്കര എന്ന സ്ഥലത്തുള്ള ഈ ദേവാലയം ആശീർവദിക്കുന്നതിലൂടെ യുവജന അജപാലനത്തിന് കൂടുതലായി ശ്രദ്ധകൊടുക്കാനാണ് അതിരൂപത ശ്രമിക്കുന്നതെന്ന് വരാപ്പുഴ അതിരൂപതാസഹായമെത്രാൻ ബിഷപ് മൈക്കിൾ ആന്റണി വാലുങ്കലിന്റെ വാക്കുകൾ പരാമർശിച്ചുകൊണ്ട് ഫീദെസ് എഴുതി.
അദ്ധ്യാത്മികതയും, ആധുനികസാങ്കേതികതയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന ഇന്നത്തെ യുവജനങ്ങൾക്ക് വിശുദ്ധന്റെ ജിവിതം പ്രചോദനമേകുമെന്ന് അഭിപ്രായപ്പെട്ട ബിഷപ് വാലുങ്കൽ, അതിരൂപതയിൽ കൂദാശ ചെയ്യപ്പെട്ട ഈ ദേവാലയം അനേകം യുവജനങ്ങൾക്ക് തങ്ങളുടെ അദ്ധ്യാത്മികജീവിതയാത്രയിൽ സഹായകരമാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പ്രസ്താവിച്ചു.
യുവജനങ്ങൾക്ക് മാതൃകയാകുന്ന വിധത്തിൽ ഡിജിറ്റൽ മേഖലയിൽ പ്രവർത്തിച്ച വിശുദ്ധ കാര്‍ലോ, "സൈബർ ലോകത്തെ വിശുദ്ധൻ" എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ലോകത്തിലെ വിവിധയിടങ്ങളിലുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വെബ്‌സൈറ്റുണ്ടാക്കുകയും, അതുവഴി അനേകർക്ക് വിശ്വാസജീവിതത്തിൽ കൈത്താങ്ങാകുകയും ചെയ്തിട്ടുണ്ട്. മരിയൻ ദർശനങ്ങൾ സംബന്ധിച്ചുള്ള അറിവും ഇതേ രീതിയിൽ അദ്ദേഹം മറ്റുള്ളവർക്ക് പകർന്നിരുന്നു.
ഏതാണ്ട് മൂന്നരലക്ഷത്തോളം കത്തോലിക്കാ വിശ്വാസികളുള്ള വരാപ്പുഴ അതിരൂപതയിൽ 183 ഇടവകകളാണുള്ളത്. അതിരൂപതയുടെ പരിധിക്കുള്ളിൽ വിവിധ മതവിശ്വാസികളായ മുപ്പത്തിയെട്ട് ലക്ഷത്തോളം ആളുകൾ താമസിക്കുന്നുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: